2010/09/02

കേരളീയ ഹിന്ദുമതാചാര പുനഃസ്ഥാപനം : തവനൂര്‍ ശാസനം പ്രഖ്യാപിതമായി

എടപ്പാള്‍: അഖില കേരള വൈദിക സുരക്ഷാസമിതിയും വെള്ളഗൃഹ സമിതിയും സംയുക്തമായി തവനൂരില്‍ നടത്തിയ മഹാസഭാ യോഗം തയ്യാറാക്കിയ 'തവനൂര്‍ ശാസനം' പ്രഖ്യാപിതമായി.

സനാതന ഹിന്ദുസമൂഹത്തിന്റെ സാമൂഹികവും ആധ്യാത്മികവുമായ തത്ത്വങ്ങളില്‍ തീര്‍പ്പ് കല്പിക്കുവാനാണ് തവനൂര്‍ ശാസനം. വൈദികമൂല്യങ്ങള്‍ പരിരക്ഷിച്ചുകൊണ്ട് സ്മാര്‍ത്ത, ശ്രൗതക്രിയ, ആചാരപരിഷ്‌കാരങ്ങള്‍ പുനഃവിളംബരം നടത്താനും ശാസനയില്‍ വകുപ്പുകളുണ്ട്.

പുരാതന കേരളത്തില്‍ ആചാര്യമര്യാദകള്‍ നിയന്ത്രിച്ചിരുന്ന 32 ഗ്രാമങ്ങള്‍ക്കും 'തിരുവാണപ്പടി സത്യ'മെന്നറിയപ്പെട്ടിരുന്ന 'വരാഹശാസന'ത്തിന് സമാനമായ അഭിനവ മഹാസഭാ നിശ്ചയങ്ങളാണ് തവനൂര്‍ ശാസനമെന്ന പേരില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.

ഇതിലൂടെ കേരളചരിത്രത്തിന്റെ നാഴികക്കല്ലായ മാമാങ്കം പുനഃസ്ഥാപിച്ച് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ തിരുനാവായയില്‍ മഹാസഭായോഗം കൂടുവാനും പദ്ധതിയുണ്ട്.

വൈദിക സുരക്ഷാസമിതി പൊതുകാര്യദര്‍ശി അഡ്വ. കന്യാകുളങ്ങര ആര്‍. സുബ്രഹ്മണ്യന്‍ പോറ്റി അവതരിപ്പിച്ച ശാസനം ചരിത്രപണ്ഡിതന്‍ ഡോ. എന്‍.എം. നമ്പൂതിരിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗം അംഗീകരിക്കുകയായിരുന്നു. മണിക്കുളം ദിവാകരരാജ, വി.എം.സി. നമ്പൂതിരി, വൈദികന്‍ ഇടമന നാരായണന്‍ പോറ്റി എന്നിവര്‍ പ്രസംഗിച്ചു.

കടപ്പാടു് മാതൃഭൂമി
.