തിരുവനന്തപുരം:സീറോ മലങ്കര റീത്തു് റോമന്‍ കത്തോലിക്ക സഭയുടെ സ്ഥാപകനും പ്രഥമ മെത്രാപ്പോലീത്തയുമായ ആര്‍ച്ച് ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ ഇവാനിയോസിനെ ദൈവദാസനായി പ്രഖ്യാപിച്ചു.വിശുദ്ധ നാമകരണ നടപടികളുടെ പ്രഥമ ഘട്ടമായാണു് ഈ പ്രഖ്യാപനം.
ജൂലൈ14-ആംതീയതി രാവിലെ തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് ഭദ്രാസന ദേവാലയത്തില്‍ കുര്‍ബാനമധ്യേ നടന്ന ചടങ്ങില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് മാര്‍ ക്ളിമ്മീസാണു് പ്രഖ്യാപനം നടത്തിയത്. മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് മാര്‍ ക്ളിമ്മീസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന കുര്‍ബാനയില്‍ തിരുവല്ല ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ്, ബത്തേരി രൂപതാധ്യക്ഷന്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ്, മാര്‍ത്താണ്ഡം രൂപതാധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, മാവേലിക്കര രൂപതാധ്യക്ഷന്‍ ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്, ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ്, ബാഹ്യകേരള മിഷനുകളുടെ അപ്പസ്തോലിക സന്ദര്‍ശകന്‍ ജേക്കബ് മാര്‍ ബര്‍ണബാസ്, മൂവാറ്റുപുഴ രൂപതയുടെ അഡ്മിനിസ്ട്രേറ്റര്‍ മോണ്‍. ജോണ്‍ വര്‍ഗീസ് ഈശ്വരന്‍കുടിയില്‍ തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു. പ്രഖ്യാപനത്തിനു് ശേഷം ദേവാലയത്തില്‍ മണിമുഴങ്ങി. തുടര്‍ന്നു് മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് മാര്‍ ക്ളിമ്മീസിന്‍റെ അദ്ധ്യക്ഷതയില്‍ ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ് അനുസ്മരണ സമ്മേളനം നടന്നു.
1930ല്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ വിട്ടു് റോമന്‍ കത്തോലിക്കാ സഭയില്‍ ചേര്‍ന്നു് സീറോ മലങ്കര റീത്തു് റോമന്‍ കത്തോലിക്ക സഭ സ്ഥാപിച്ച ഗീവര്‍ഗീസ് മാര്‍ ഇവാനിയോസിന്റെ 54- ആം ഓര്‍മ യുടെയും 125-ആം ജന്മവാര്‍ഷികത്തിന്റെയും ഭാഗമായി ആയിരുന്നു അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ച ചടങ്ങു്.
മാവേലിക്കരയിലുള്ള പറമ്പില്‍ പണിക്കരു് വീട്ടില്‍ തോമാപണിക്കരുടെയും അന്നമ്മയുടെയും മകനായി 1882 സെപ്റ്റംബര്‍ 21 ന് ജനിച്ച മാര്‍ ഇവാനിയോസ് സി.എം.എസ്. ഇംഗീഷ് സ്കൂളില്‍ വിദ്യാഭ്യാസം ചെയ്തു. പിന്നീട്, പഴയ സെമിനാരിയില്‍ താമസിച്ചു് എം.ഡി. സെമിനാരിയില്‍ ഹൈസ്കൂളിലും പഠിച്ച അദ്ദേഹം കോട്ടയം സിഎംഎസ് കോളജില്‍ നിന്നു് എഫ് എ പരീക്ഷയും മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്നു് ബിഎയും തുടര്‍ന്നു് എംഎയും പാസായി. ശെമ്മാശപട്ടം സ്വീകരിച്ച ശേഷം എംഡി സെമിനാരിയില്‍ പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചു. 1908ല്‍ വിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് ബാവാ തിരുമേനി വൈദിക പട്ടം നല്‍കി. 1925 ജനുവരി 28ന് തിരുമൂലപുരം പള്ളിയില്‍ വച്ചു് റമ്പാന്‍ സ്ഥാനവും ആ വര്‍ഷം മേയ് ഒന്നിനു് ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ് എന്ന പേരില്‍ മെത്രാന്‍ പദവിയും നല്‍കി. 1929ല്‍ ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ് ബഥനിയുടെ മെത്രാപ്പോലീത്തയായി സ്ഥാനാരോഹണം ചെയ്യപ്പെട്ടു.
1930 ഓഗസ്റ്റ് 20നു് മലങ്കര ഓര്‍ത്തഡോക്സ് സഭ വിട്ട അദ്ദേഹം കൃത്യം ഒരു മാസം കഴിഞ്ഞു് കൊല്ലം അരമന ചാപ്പലില്‍ വച്ചു് ബിഷപ്പ് ബെന്‍സിഗര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു് കത്തോലിക്കാ സഭാംഗമായി. എല്ലാ അര്‍ഥത്തിലും സീറോ മലങ്കര റീത്തു് റോമന്‍ കത്തോലിക്ക സഭയുടെ സ്ഥാപകനായിരുന്നു മാര്‍ ഇവാനിയോസ്. തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പായും ഹയറാര്‍ക്കിയുടെ തലവനായും അദ്ദേഹം കാല്‍നൂറ്റാണ്ടു് കാലത്തോളം സേവനമനുഷ്ഠിച്ചു. അനേകം ദേവാലയങ്ങളും മിഷന്‍ കേന്ദ്രങ്ങളും വിദ്യാലയങ്ങളും, ആശ്രമങ്ങളും സ്ഥാപിച്ച മാര്‍ ഇവാനിയോസ് സീറോ മലങ്കര റീത്തു് റോമന്‍ കത്തോലിക്ക സഭയ്ക്കായി ചെയ്ത കാര്യങ്ങള്‍ നിരവധിയാണു്.