2008/01/02

ബേനസീര്‍ ഭൂട്ടോ വധിക്കപ്പെട്ടതില്‍ വത്തിക്കാ൯ ദുഃഖം രേഖപ്പെടുത്തി

വത്തിക്കാന്‍ പുരി, 2008 ജാനുവരി 1:പാക്കിസ്ഥാന്‍റെ മു൯ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ ബേനസീര്‍ ഭൂട്ടോ വധിക്കപ്പെട്ട ദാരുണ വാര്‍ത്ത വളരെ ദുഃഖകരമാണെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവും വത്തിക്കാ൯ റേഡിയോയുടെ ഡയറക്ടര്‍ ജനറലുമായ ഈശോസഭാവൈദിക൯ ഫെദറീക്കൊ ലൊംബാര്‍ദി. പാക്കിസ്ഥാനി ജനതയുടെ ദു:ഖത്തില്‍ പരിശുദ്ധ സിംഹാസനം പങ്കുചേരുന്നുവെന്നും അദ്ദേഹം അറിയിച്ചു. ആ വാര്‍ത്ത അതില്‍ത്തന്നെയും, ഒപ്പം, ഇപ്പോള്‍ത്തന്നെ സംഘര്‍ഷങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കുന്ന ആ രാജ്യത്ത് സമാധാനസ്ഥാപനം എത്ര ദുഷ്ക്കരമാണെന്ന് വിളിച്ചോതുന്നതിനാലും, അതീവ ദു:ഖമുളവാക്കുന്നതാണെന്ന് ഫാദര്‍ ലൊംബാര്‍ദി പറഞ്ഞു. ബേനസീര്‍ ഭൂട്ടൊ വധിക്കപ്പെട്ട വാര്‍ത്ത പുറത്തായ ഉട൯തന്നെ, പ്രസക്ത ലോകവാര്‍ത്തകള്‍ അറിയിക്കുന്ന പതിവനുസരിച്ച്, മാര്‍പാപ്പയെ ധരിപ്പിച്ചുവെന്നും അദ്ദ‍േഹം വെളിപ്പെടുത്തി.


വത്തിക്കാന്‍ പ്രധാനമന്ത്രി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയൊ ബര്‍ത്തോണെയുടെ പ്രതികരണം
പാക്കിസ്ഥാ൯ മു൯ പ്രധാനമന്ത്രിയും പാക്കിസ്ഥാ൯ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതാവുമായിരുന്ന ബേനസീര്‍ ഭൂട്ടോ നിഷ്ഠൂരമായ ഭീകരാക്രമണത്തില്‍ വധിക്കപ്പെട്ടതില്‍ പതിനാറാം ബനഡിക്ട് മാര്‍പാപ്പ തന്റെ ആഴമായ സഹാനുഭൂതിയുടെയും ആദ്ധ്യാത്മിക സാന്നിദ്ധ്യത്തിന്റെയുമായ മനോവികാരങ്ങള്‍ അവരുടെ കുടുംബാംഗങ്ങളോടും പാക്കിസ്ഥാനി ജനത മുഴുവനോടും പ്രകടിപ്പിയ്ക്കുന്നുവെന്നു് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയൊ ബര്‍ത്തോണെ ഒരു കമ്പിസന്ദേശത്തില്‍ അറിയിച്ചു. ആ രാജ്യത്തു് കൂടുതല്‍ അക്രമം ഉണ്ടാകാതാതിരിക്കുന്നതിനും, സമൂഹത്തില്‍ ക്രമസമാധാനം പുലരുന്നതിനും രാഷ്ട്രീയ സ്ഥാപനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിയ്ക്കുന്നതിനും അവശ്യം ആവശ്യമായ പരസ്പര ബഹുമാനത്തിന്‍റയും വിശ്വാസത്തിന്‍റെയുമായ ഒരന്തരീക്ഷം രാജ്യത്തു് സൃഷ്ടിക്കുന്നതിനു് സാധ്യമായ വിധത്തിലെല്ലാം യത്നിക്കുന്നതിനും വേണ്ടി പാപ്പ പ്രാര്‍ഥിയ്ക്കുന്നുവെന്നും പാക്കിസ്ഥാനിലെ കത്തോലിക്കാ മെത്രാ൯മാരുടെ സംഘത്തിന്റെ അദ്ധ്യക്ഷനായ ലാഹോര്‍ അതിരൂപതയുടെ ആര്‍ച്ചു്ബിഷപ്പ് ലോറ൯സ് ജോണ്‍ സള്‍ദാഞ്ഞയുടെ പേരില്‍ അയച്ച അനുശോചന കമ്പിസന്ദേശത്തില്‍ കര്‍ദ്ദിനാള്‍ ബര്‍ത്തോണെ അറിയിച്ചു.

No comments:

Post a Comment