കോട്ടയത്തു് 2007 ഓഗസ്റ്റ് 12-ആം തീയതി നടത്തുന്ന ന്യുനപക്ഷാവകാശ സംരക്ഷണ സമ്മേളനം വിജയിപ്പിയ്ക്കണമെന്നു് ആഹ്വാനം ചെയ്തു്കൊണ്ടു് പൌരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിതിമോസ് പ്രഥമന്‍ ബാവയുടെ നേതൃത്വത്തില്‍ വിവിധ സഭാമേലദ്ധ്യക്ഷന്‍മാര്‍ പുറപ്പെടുവിച്ച സംയുക്ത ഇടയലേഖനത്തിന്‍റെ പൂര്‍ണരൂപം:
കര്‍ത്താവില്‍ പ്രിയ സഹോദരീസഹോദരന്മാരേ, പ്രിയ മക്കളേ,
ഭാരതത്തിലെ ജനസംഖ്യയില്‍ രണ്ടു് ശതമാനം മാത്രം വരുന്ന ക്രൈസ്തവര്‍ ഇവിടെ വളരെ ചെറിയ ഒരു ന്യൂനപക്ഷമാണു്. എങ്കിലും കര്‍ത്താവായ മിശിഹായുടെ കല്‍പനയനുസരിച്ചു് രക്ഷയുടെ സുവിശേഷം പ്രഘോഷിക്കുന്ന സഭ അതുവഴി ഭാരതജനതയ്ക്കു് ചെയ്തിട്ടുള്ള നിസ്തുല സേവനം ഏവരും അംഗീകരിച്ചിട്ടുള്ളതാണു്.
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും ആതുരസേവനവുമാണു് സഭയുടെ എടുത്തുപറയത്തക്ക രണ്ടു് സേവനരംഗങ്ങള്‍. സുവിശേഷത്തിന്റെ കാതല്‍ തന്നെയായ സ്നേഹത്തിന്റെയും ജീവന്റെയും ശുശ്രൂഷ എല്ലാവര്‍ക്കും നല്‍കാനാണു് ഈ പ്രവര്‍ത്തനങ്ങളിലൂടെ സഭ ശ്രമിച്ചു്കൊണ്ടിരിക്കുന്നതു്. മനുഷ്യനെ അവന്റെ സമഗ്രതിയില്‍ ദര്‍ശിച്ചു് പൂര്‍ണമനുഷ്യനാക്കുകയെന്നതാണു് സഭയുടെ ലക്ഷ്യം. പള്ളികളോടനുബന്ധിച്ചു് പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചു് പ്രവര്‍ത്തിയ്ക്കുന്നതും സാധ്യമായ എല്ലാ തലങ്ങളിലും വിദ്യാഭ്യാസം നല്‍കുന്നതും ഈ ലക്ഷ്യ സാധ്യത്തിനാണു്. എന്നാല്‍ ഈ അടുത്ത കാലത്തു് കേരളത്തില്‍ വിദ്യാഭ്യാസ രംഗത്തു് മാത്രമല്ല ഇതര ശുശ്രൂഷരംഗങ്ങളിലും സഭയ്ക്ക് പ്രതികൂല സാഹചര്യങ്ങളും വെല്ലുവിളികളും നേരിടേണ്ടി വന്നു. രാജ്യത്തിന്റെ തന്നെ പുരോഗതിയ്ക്ക് അടിസ്ഥാനമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിയ്ക്കുന്നതിനു് പകരം , വിദ്യാഭ്യാസ കാര്യത്തില്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പു് നല്‍കിയിരിയ്ക്കുന്ന ന്യൂനപക്ഷ അവകാശങ്ങളെയും അവയെ സ്ഥിരീകരിക്കുന്ന കോടതി വിധികളെയും അംഗീകരിയ്ക്കാതെ , സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേല്‍ സംസ്ഥാന സര്‍ക്കാര്‍ കടന്നുകയറ്റം നടത്തുകയാണു്.
ഇന്ത്യന്‍ ഭരണഘടനയുടെ മുപ്പതാം ആര്‍ട്ടിക്കിള്‍, മത - ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കു് അവര്‍ ആഗ്രഹിയ്ക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു് നടത്തുവാന്‍ അവകാശം നല്‍കിയിട്ടുണ്ടു്. അധ്യാപകരുടെ നിയമനം , വിദ്യാര്‍ഥികളുടെ പ്രവേശനം , മാനേജിങ് ബോര്‍ഡ് രൂപീകരണം , അച്ചടക്കപാലനം തുടങ്ങി ഒരു വിദ്യാഭ്യാസ സ്ഥാപനത്തോടു് ബന്ധപ്പെട്ട കാര്യങ്ങള്‍ ഈ അവകാശത്തിന്റെ ഭാഗമാണു്.നമ്മുടെ മതവും സംസ്കാരവും ധാര്‍മികതയും സദാചാര മൂല്യങ്ങളും വിദ്യാലയങ്ങളിലൂടെ അടുത്ത തലമുറയ്ക്കു് പകര്‍ന്നു് നല്‍കുവാനും നിലനിര്‍ത്തുവാനുമാണു് ഈ അവകാശങ്ങള്‍ നല്‍കിയിരിക്കുന്നതു്. അതു കൊണ്ടു് ഈ അവകാശങ്ങള്‍ അഭംഗുരം സംരക്ഷിക്കുകയെന്നതു് ന്യൂനപക്ഷമെന്ന നിലയില്‍ നമ്മുടെ നിലനില്‍പിനു് തന്നെ ആവശ്യമാണു്. ഈ അവകാശങ്ങള്‍ വരും തലമുറകള്‍ക്കു് അര്‍ഹതപ്പെട്ടതെന്ന നിലയില്‍ നഷ്ടപ്പെടുത്തവാന്‍ നമുക്കു് അവകാശമില്ല.
കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ന്യുനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ മേല്‍ കയ്യേറ്റം നടത്തുകയാണു്. അവകാശ സംരക്ഷണത്തിനു ഭീമമായ തുക മുടക്കി നിരന്തരം കോടതിയെ സമീപിക്കേണ്ട അവസ്ഥയാണു് ഇന്നു് ഇവിടുത്തെ ന്യൂനപക്ഷങ്ങള്‍ക്കുള്ളതു്.
2006ല്‍ ഈ സര്‍ക്കാര്‍ പാസാക്കിയ സ്വാശ്രയ പ്രഫഷണല്‍ കോളജ് നിയമത്തില്‍ ന്യുനപക്ഷങ്ങള്‍ക്കു് നല്‍കിയ പുതിയ നിര്‍വചനത്തിലൂടെ കേരളത്തിലെ ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും ന്യൂനപക്ഷങ്ങളല്ലാതാക്കി. കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ചും ഡിവിഷന്‍ ബഞ്ചും പ്രസ്തുത നിയമത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ അസാധുവാണെന്നു് പ്രഖ്യാപിച്ചിട്ടും സുപ്രീംകോടതിയില്‍ ഈ നിയമം അംഗീകരിച്ചു് കിട്ടുവാന്‍ പരിശ്രമിക്കുന്നു എന്നുള്ളതു് ഇപ്പോഴത്തെ സര്‍ക്കാരിന്‍റെ ന്യൂനപക്ഷ വിരുദ്ധ നിലപാടിനു് പ്രകടമായ തെളിവാണു്. അതു്പോലെ, കേരളത്തിന്റെ ന്യൂനപക്ഷകോളജുകളിലെ പ്രിന്‍സിപ്പല്‍ നിയമനങ്ങള്‍ അംഗീകരിച്ചു് നല്‍കുവാന്‍ കോടതി നിര്‍ദേശിച്ചിട്ടും ഗവണ്‍മെന്‍റ് തയ്യാറാകുന്നില്ല. സ്വാശ്രയ പ്രഫഷണല്‍ കോളജുകളില്‍ ഭരണഘടനയ്ക്കും കോടതി വിധികള്‍ക്കും വിരുദ്ധമായി സീറ്റുകള്‍ പിടിച്ചെടുക്കുവാനും രണ്ടു് തരത്തിലുള്ള ഫീസ് ഏര്‍പ്പെടുത്തി ക്രോസ് സബ്സിഡി നടപ്പിലാക്കുവാനും ഗവണ്‍മെന്‍റ് ശ്രമിക്കുകയാണു്. നിയമവിരുദ്ധമായ ഈ നീക്കങ്ങള്‍ അംഗീകരിക്കാത്ത പത്തു് ന്യൂനപക്ഷ എന്‍ജിനീയറിങ് കോളജുകളുടെ നേരെ അധികാരഗര്‍വു് കാണിച്ചു് അഫിലിയേഷന്‍ പിന്‍വലിയ്ക്കല്‍ ഉള്‍പ്പെടെയുള്ള പ്രതികാര നടപടികള്‍ ആരംഭിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു.
നമ്മുടെ നാട്ടിലെ എയ്ഡഡ് വിദ്യാഭ്യാസ രംഗം മുഴുവന്‍ രാഷ്ട്രീയവല്‍ക്കരിയ്ക്കുവാനും കൈയ്യടക്കുവാനുമുള്ള നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നു. അക്കാദമിക നിലവാരത്തോടൊപ്പം ആധ്യാത്മികതയും സ്വാഭാവശുദ്ധിയുമുള്ള ആളുകളെ അധ്യാപകരായി തിരഞ്ഞെടുക്കുവാന്‍ നാം ശ്രദ്ധിയ്ക്കാറുണ്ടു്. എന്നാല്‍ അധ്യാപകനിയമനത്തിനുള്ള ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അവകാശം കൈയ്യടക്കാനായി പുതിയ ഒരു സമിതിയ്ക്കു് രൂപം കൊടുക്കണമെന്നു് കേരള വിദ്യാഭ്യാസചട്ടങ്ങളുടെ പരിഷ്കരണത്തിനുള്ള മാര്‍ഗനിര്‍ദേശക രേഖകള്‍ ആവശ്യപ്പെടുന്നു. പഞ്ചായത്തു് സ്കൂള്‍ ക്ളസ്റ്റര്‍ സമ്പ്രദായത്തിലൂടെയൂം സ്കൂള്‍ വികസന സമിതികളിലൂടെയും പി ടി എകള്‍ വഴിയും നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക- ഭരണ- സാമ്പത്തിക അധികാരങ്ങളും ചുമതലകളും പഞ്ചായത്തു്കള്‍ക്ക് കൈമാറുകയാണു്. ബാലസഭകളും സ്കൂള്‍ പാര്‍ലമെന്‍റുകളും സ്ഥാപിച്ചു് കോടതി വിലക്കിയിട്ടുള്ള വിദ്യാര്‍ഥി രാഷ്ട്രിയത്തെ പിന്‍വാതിലിലൂടെ കൊണ്ടുവരാനുള്ള കരുനീക്കങ്ങള്‍ നടക്കുകയാണു്.
എയ്ഡഡ് മേഖലയിലുള്ള നമ്മുടെ സ്ഥാപനങ്ങളുടെ നിയന്ത്രണം കൈയ്യിലെടുക്കുക, നമ്മുടെ കുട്ടികളുടെ വിശ്വാസ പരിശീലനവും ധാര്‍മിക ബോധവല്‍ക്കരണവും തടയുക, അധ്യാപക നിയമനത്തില്‍ കൈകടത്തുക തുടങ്ങി നമുക്കു് അംഗീകരിക്കാന്‍ പറ്റാത്ത കാര്യങ്ങളാണു് ഇപ്പോള്‍ നടന്നു് കൊണ്ടിരിക്കുന്നതു്. എയ്ഡഡ് മേഖലയില്‍ ഈ ഗവണ്‍മെന്റിനുള്ള രഹസ്യ അജണ്ടകള്‍ നാം തിരിച്ചറിയണം.
സഭയുടെ ഇന്നുവരെയുള്ള മഹത്തായ സേവനങ്ങളെ മനപൂര്‍വം മറയ്ച്ചു് വെച്ചു്കൊണ്ടു് സഭയെ അവഹേളിയ്ക്കുന്ന രീതിയിലുള്ള പ്രതികരണങ്ങളും സമീപനങ്ങളുമാണു് ഇന്നു് സര്‍ക്കാര്‍ സ്വീകരിച്ചു്വരുന്നതു്. ജനാധിപത്യ വിരുദ്ധവും ധിക്കാരപരവുമായ ഗവണ്‍മെന്റ് നടപടികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനും പ്രതിഷേധിക്കാനും നമുക്കു് അവകാശമുണ്ടു്.
സഭയുടെ ദു:ഖവും അമര്‍ഷവും അറിയിയ്ക്കുവാനും നിജസ്ഥിതി വ്യക്തമാക്കുവാനുമായി, ഒരു ന്യൂനപക്ഷ അവകാശ സംരക്ഷണ സമ്മേളനം ഓഗസ്റ്റ് 12-ആം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞു് രണ്ടരമണിയ്ക്കു് കോട്ടയം തിരുനക്കരമൈതാനത്തു് നടത്തുവാന്‍ വിവിധ ക്രൈസ്തവ മേലദ്ധ്യക്ഷന്‍മാര്‍ തീരുമാനിച്ചിരിക്കുകയാണു്. നമ്മുടെ സഭകളിലെ അല്‍മായരുടെ അഭ്യര്‍ഥന മാനിച്ചാണു് പ്രസ്തുത സമ്മേളനത്തിനു് രൂപം നല്‍കിയിരിക്കുന്നതു്.
നമ്മുടെ എല്ലാ ക്രൈസ്തവസഭകളും രൂപതകളും സാധിക്കുന്നിടത്തോളം വിശ്വാസികളെ പങ്കെടുപ്പിച്ചു് ഈ സമ്മേളനം വിജയിപ്പിക്കണമെന്നു് ഞങ്ങള്‍ താല്‍പര്യപ്പെടുന്നു. ഇതു് എല്ലാ വിശ്വാസികളുടെയും കടമയായി കരുതി ഈ സമ്മേളനത്തില്‍ സംബന്ധിക്കേണ്ടതാണു്. സമൂഹ നന്മയ്ക്കായി ക്രൈസ്തവ സഭകള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്ന നിസ്വാര്‍ഥ സേവനങ്ങള്‍ക്കു് തടസ്സം നില്‍ക്കുകയും സമൂഹത്തെ തെറ്റിദ്ധരിപ്പിയ്ക്കുകയും ചെയ്യുന്ന ഛിദ്രശക്തികള്‍ക്കെതിരെ നമുക്കു് ഒറ്റക്കെട്ടായി മുന്നേറാം. നമ്മുടെ നാടിന്റെ വളര്‍ച്ചയ്ക്കും സുസ്ഥിതിയ്ക്കുമുള്ള പരിശ്രമങ്ങളെ ശക്തിപ്പെടുത്തുകയും തിന്മയുടെ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ദൈവത്തിലാശ്രയിച്ചു് നമുക്കു് പങ്കു്ചേരുകയും ചെയ്യാം.
എന്നു്,
വിവിധ സഭാമേലദ്ധ്യക്ഷന്‍മാര്‍
1. ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിതിമോസ് പ്രഥമന്‍ കാതോലിക്കാ ബാവ
2. മാര്‍ത്തോമ്മ സഭാദ്ധ്യക്ഷന്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത
3. കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ടു് (റോമന്‍ കത്തോലിക്കാ സഭ)
4. ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം (റോമന്‍ കത്തോലിക്കാ സഭ)
5 ക്നാനായ യാക്കോബായ സഭ ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ്
6. തിരുവല്ല ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് (റോമന്‍ കത്തോലിക്കാ സഭ)
7. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ കോട്ടയം ഭദ്രാസനാധിപന്‍ ഡോ.തോമസ് മാര്‍ തീമോത്തിയോസ്
8. സി എസ് ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ.തോമസ് സാമുവേല്‍
9. വിജയപുരം രൂപത ബിഷപ് ഡോ.സെബാസ്റ്റ്യന്‍ തെക്കേതേച്ചേരില്‍ (റോമന്‍ കത്തോലിക്കാ സഭ)
10. കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ (റോമന്‍ കത്തോലിക്കാ സഭ)
11. പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടു് (റോമന്‍ കത്തോലിക്കാ സഭ)
(2007 ഓഗസ്റ്റ് 12-ആം തീയതി ഞായറാഴ്ച ഇതു് പബള്ളികളില്‍ വായിച്ചു.)
പൂമുഖത്താളിലേയ്ക്കു്
കേരളീയ സനാതനഹിന്ദുമതാചാര പുനഃസ്ഥാപനം : തവനൂർ ശാസനം പ്രഖ്യാപിതമായി
എടപ്പാൾ: അഖില കേരള വൈദിക സുരക്ഷാസമിതിയും വെള്ളഗൃഹ സമിതിയും സംയുക്തമായി തവനൂരിൽ നടത്തിയ മഹാസഭാ യോഗം തയ്യാറാക്കിയ 'തവനൂര്‍ ശാസനം' പ്ര...
-
യൂറോപ്യരുടെയും ക്രിസ്തീയ സഭകളുടെയും പൗരസ്ത്യര്‍ എന്ന വിവക്ഷയും കിഴക്കു (പൗരസ്ത്യം) എന്ന ഭൂമിശാസ്ത്ര പ്രയോഗവും പലപ്പോഴും ആശയക്കുഴപ്പമുണ്ടാക...
-
ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭ, ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ് സഭ , റോമന്‍ കത്തോലിക്കാ സഭ എന്നിവ പൊതുവായി സ്വീകരിക്കുന്ന ആകമാന സുന്നഹദോസുകള്‍ ( എക്...