2007/12/14
സര്‍ക്കാരിന്റെ സാമൂഹ്യ പ്രതിബദ്ധതയോടു് ഓര്‍ത്തഡോക്സ് സഭ യോജിയ്ക്കുന്നു
തിരുവിതാംകോട് സെന്റ് മേരീസ് പള്ളി തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിക്കുന്നതു് വിശദീകരിയ്ക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മെത്രാപ്പൊലീത്ത.
സ്വാശ്രയ സ്ഥാപനങ്ങളുടെ നടത്തിപ്പിനു് സ്ഥിരവും നിയതവുമായ വഴിയിലൂടെ സമവായം കണ്ടെത്തണം.സ്ഥാപനം നടത്തിക്കൊണ്ടു്പോകാനുള്ള ഫീസാണു് നിശ്ചയിക്കേണ്ടതു്.പ്രവേശനം വൈകുന്നതുമൂലം കുട്ടികള്‍ മറ്റു് സംസ്ഥാനങ്ങളിലേയ്ക്ക് പോകുന്ന സ്ഥിതിയുണ്ടാവരുതു്.വന്‍ തുക കടമായി വാങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുമ്പോള്‍ വിദ്യാര്‍ഥികളെകിട്ടാത്തതു് ബുദ്ധിമുട്ടുണ്ടാക്കുന്നു. സഭയുടെ കീഴിലുള്ള ഫാര്‍മസി കോളേജില്‍ 60 സീറ്റുള്ളതില്‍ 29 വിദ്യാര്‍ഥികള്‍മാത്രമാണു് കഴിഞ്ഞ അധ്യയനവര്‍ഷം പ്രവേശനംനേടിയതു്.
സര്‍ക്കാര്‍ അംഗീകരിച്ച ഫീസ് ഘടനയും 50:50 അനുപാതവും നിലനിര്‍ത്തിയാണു് ഓര്‍ത്തഡോക്സ് സഭയുടെ കോളേജ് നടത്തുന്നതു്. മാനേജ്മെന്റിനു് ലാഭേച്ഛ പാടില്ലെന്നും എന്നാല്‍, ബുദ്ധിമുട്ടില്ലാതെ സ്ഥാപനം നടത്താന്‍ കഴിയണമെന്നുമാണു് സഭയുടെ കാഴ്ചപ്പാടു്. കെഇആര്‍ പരിഷ്കരണത്തില്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബിയുടെയും സര്‍ക്കാരിന്റെയും പ്രസ്താവനകള്‍ സ്വീകാര്യമാണെങ്കിലും അതിനു് വിരുദ്ധമായാണു് പുറത്തെ വ്യാഖ്യാനങ്ങള്‍. ഈ സാഹചര്യത്തില്‍ തുറന്ന ചര്‍ച്ചയാണു് വേണ്ടതു്.
ക്രിസ്ത്യാനികള്‍ കുട്ടികളെ സഭയുടെ സ്ഥാപനങ്ങളില്‍ തന്നെ പഠിപ്പിക്കണമെന്ന മാര്‍ പവ്വത്തിലിന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന്, പത്രത്തില്‍ വന്നപോലെ അദ്ദേഹം ഉദ്ദേശിച്ചോ ഇല്ലയോയെന്ന് തനിയ്ക്കു് അറിയില്ലെന്നു് മെത്രപ്പൊലീത്ത മറുപടി നല്‍കി. സഭാവിശ്വാസികള്‍ സഭയുടെ സ്ഥാപനങ്ങളില്‍ തന്നെ കുട്ടികളെ പഠിപ്പിയ്ക്കണമെന്നതു് ശരിയല്ലെന്നു് മെത്രാപ്പൊലീത്ത പറഞ്ഞു. ഓരോ മതക്കാരും തങ്ങളുടെ വിഭാഗത്തിനു് സ്വന്തം സ്ഥാപനത്തില്‍ കൂടുതല്‍ പരിഗണന നല്‍കുന്നുവെന്നു് തോന്നിയ്ക്കുന്ന തരത്തിലാണു് ഇന്നു് കാര്യങ്ങള്‍. എല്ലാ മതവിഭാഗങ്ങളുടെ കാര്യത്തിലും ഇതു് പ്രസക്തമാണു്. പണ്ടു് ഇതായിരുന്നില്ല സ്ഥിതി. ഓരോമതക്കാര്‍ക്കുമുള്ള സ്ഥാപനങ്ങള്‍ ആമതത്തിലുള്ള അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും മാത്രമേ സംരക്ഷിയ്ക്കൂ എന്ന സ്ഥിതിശരിയല്ലെന്നു് ഓര്‍ത്തഡോക്സ് മെത്രപ്പൊലീത്ത പറഞ്ഞു.
2007/11/19
കുഴിബോംബ് നിരോധിയ്ക്കണം: റോമാ മാര്‍പാപ്പ
എന്നാല്‍, അമേരിക്ക, ചീന, റഷ്യ തുടങ്ങി 38 രാജ്യങ്ങള്‍ ഈ കരാറിനെ അംഗീകരിക്കാന്‍ തയാറായിട്ടില്ല. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേരുടെ ജീവന്‍ അപായപ്പെടുത്തുന്ന കുഴിബോംബ് സമ്പൂര്‍ണമായി നിരോധിക്കണമെന്നു് പാപ്പ തന്റെ പ്രതിവാര ആശീര്‍വാദ ചടങ്ങില്‍ അഭ്യര്‍ഥിച്ചു.
കുഴിബോംബുകള്‍ നിരോധിച്ച രാഷ്ട്രങ്ങളുടെ സമ്മേളനത്തിനു് പാപ്പ പിന്തുണ പ്രഖ്യാപിയ്ക്കുകയും ചെയ്തു. കുഴിബോംബുകള്‍ നിരോധിച്ച രാഷ്ട്രങ്ങളുടെ സമ്മേളനത്തിനു് നവംബര്‍ 18 ഞായറാഴ്ച ജോര്‍ദാനില്‍ തുടക്കം കുറിയ്ക്കുന്ന അവസരത്തിലാണു് പാപ്പയുടെ പ്രസ്താവന.
2007/10/13
പൗരസ്ത്യര്‍
ഒയ്ക്കുമെനെ
ഗ്രീക്കു് – റോമന്‍ ലോകവീക്ഷണപ്രകാരം ''ആകമാനം'' എന്നും'' മാനവലോകം'' എന്നും അര്‍ത്ഥമുള്ള ''ഒയ്ക്കുമെനെ'' എന്ന പദം പാശ്ചാത്യ റോമാ സാമ്രാജ്യവും പൗരസ്ത്യ റോമാസാമ്രാജ്യവും (ബൈസാന്ത്യം) മാത്രമുള്‍പ്പെട്ട ലോകത്തെ ഉദ്ദേശിച്ചുള്ളതാണു്. പുറത്തുള്ളവ അപരിഷ്കൃതരുടെ(ബാര്‍ബേറിയരുടെ) ലോകം.
യൂറോപ്യരുടെ പ്രയോഗങ്ങളായ പാശ്ചാത്യം,പൗരസ്ത്യം, സമീപ പൗരസ്ത്യം, മദ്ധ്യ പൗരസ്ത്യം(പശ്ചിമേഷ്യ), വിദൂര പൗരസ്ത്യം(പൂര്‍വേഷ്യ) തുടങ്ങിയ ഭൂമിശാസ്ത്ര സങ്കല്പങ്ങളുടെ ഉറവിടവും അതാണു്. ഇക്കാലത്തു് പാശ്ചാത്യം എന്നു് പറഞ്ഞാല്‍ പാശ്ചാത്യ റോമാ സാമ്രാജ്യപ്രദേശങ്ങളും അതു് വളര്‍ന്നുണ്ടായ അമേരിക്കയും ഉള്‍പ്പടുന്നതാണു്. പൗരസ്ത്യം എന്നു് പറഞ്ഞാല്‍ പൗരസ്ത്യ റോമാസാമ്രാജ്യപ്രദേശങ്ങള്‍ (ചിലപ്പോള്‍ അസ്സിറിയയും ഇന്ത്യയും ഉള്‍പ്പെടും-ക്രിസ്തീയ അര്‍ത്ഥം മൂലം).
ക്രൈസ്തവ കിഴക്കു്
ക്രൈസ്തവ സഭകളുടെ ഇടയില്‍ കിഴക്കു്(പൗരസ്ത്യം)എന്ന പ്രയോഗം പ്രധാനമായും സഭകളുടെ പേരു്കളിലാണു് നിഴലിയ്ക്കുന്നതു് (സ്ഥലനാമങ്ങളുടെ പേരിലാണു് ക്രൈസ്തവ സഭകള്‍ പൊതുവേ അറിയപ്പെടുന്നതു്).
പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭ എന്ന പ്രയോഗം
താഴെ പറയുന്നവയെയെല്ലാം പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭ എന്നു് തര്‍ജമചെയ്യാറുണ്ടു്.
- ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ് സഭ (ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ)പൗരസ്ത്യ റോമാസാമ്രാജ്യ ഓര്‍ത്തഡോക്സ് സഭ . ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭയ്ക്കു് പൗരസ്ത്യ റോമാസാമ്രാജ്യ ഓര്‍ത്തഡോക്സ് സഭ എന്ന അര്‍ത്ഥത്തില്‍ ആണു് പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭ എന്ന പേരുള്ളതു്.
- ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍ (പ്രാചീന ഓര്‍ത്തഡോക്സ് സഭ) ഓറീയന്റല്‍ എന്ന പദത്തിനു് പൗരസ്ത്യം എന്ന അര്‍ത്ഥമുണ്ടു്.ഈ അര്‍ത്ഥത്തില്‍ '''പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭ''' എന്നപ്രയോഗമുണ്ടു്.
- ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ദി ഈസ്റ്റ് (ഓര്‍ത്തഡോക്സ് പൌരസ്ത്യ സഭ) റോമാസാമ്രാജ്യങ്ങളുടെ പറത്തു് കിഴക്കുള്ള സഭയാണിതു്.സ്വാഭാവികമായും പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭ എന്നു് തര്‍ജമചെയ്യാറുണ്ടു്.
പൗരസ്ത്യ സഭ എന്ന പ്രയോഗം
താഴെ പറയുന്നവയെയെല്ലാം പൗരസ്ത്യ സഭ എന്നു് തര്‍ജമചെയ്യാറുണ്ടു്.
- പാശ്ചാത്യ സഭയൊഴിച്ചുള്ളവയെയെല്ലാം ഒരുമിച്ചും ഒറ്റയ്ക്കും.
- ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ് സഭ (ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ) അതായതു് പൗരസ്ത്യ റോമാസാമ്രാജ്യ ഓര്‍ത്തഡോക്സ് സഭ
- റോമാസാമ്രാജ്യങ്ങളുടെ പറത്തു് കിഴക്കുള്ള സഭകളായ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ദി ഈസ്റ്റ് (ഓര്‍ത്തഡോക്സ് പൌരസ്ത്യ സഭ), പേര്‍ഷ്യന്‍ അസീറിയന്‍ സഭകള്‍
- ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍ (പ്രാചീന ഓര്‍ത്തഡോക്സ് സഭ)
- റോമാ സഭയുടെ പൗരസ്ത്യറീത്തു്കള്‍
കേരളത്തില്‍
ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭ(പ്രാചീന ഓര്‍ത്തഡോക്സ് സഭ)യിലെ ഒരു അംഗസഭയായ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ദി ഈസ്റ്റ് (ഓര്‍ത്തഡോക്സ് പൌരസ്ത്യ സഭ)യുടെ പരമാചാര്യന്‍ പൗരസ്ത്യ കാതോലിക്കോസ് എന്നു് അറിയപ്പെടുന്നു. പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭ എന്ന പ്രയോഗം തങ്ങളെ ഉദ്ദേശിച്ചു് അവരുപയോഗിയ്ക്കുന്നതു് സാധാരണയാണു്.
കിഴക്കു് ഒക്കെയുടെ
അന്ത്യോക്യന്‍ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെയും അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെയും അന്ത്യോക്യാ പാത്രിയര്‍ക്കീസു്മാരുടെ സ്ഥാനികനാമത്തിലെ അന്ത്യോക്യയുടെയും കിഴക്കു് ഒക്കെയുടെയും (ആന്റിയോക് ആന്റ് ഓള്‍ ദി ഈസ്റ്റ്) എന്ന പ്രയോഗത്തിലെ കിഴക്കു് റോമാസാമ്രാജ്യത്തിലെ കിഴക്കന്‍ പ്രവിശ്യയെ ഉദ്ദേശിച്ചുള്ളതാണു്.
2007/09/18
റോമാ മാര്‍പാപ്പാമാര്‍ (റോമാ സഭാദ്ധ്യക്ഷന്‍മാര്‍)
റോമിലെത്തിയ അറിയപ്പെടുന്ന ആദ്യ ക്രിസ്ത്യാനി പൌലോസ് അപ്പോസ്തലനായിരുന്നു. മിശിഹാ വര്‍ഷം 61ല്‍ അദ്ദേഹം റോമാ സിംഹാസനം സ്ഥാപിച്ചു. ലിയോണ്‍സിലെ വിശുദ്ധ ഈറീനീവോസ് ( 178-200 )രേഖപ്പെടുത്തിയതു പ്രകാരവും 270-ലെ ഔദ്യോഗിക രേഖയായ അപ്പോസ്തലിക് കോണ്‍സ്റ്റിറ്റ്യൂഷന്‍ പ്രകാരവും റോമയിലെ പ്രഥമ ബിഷപ്പ് (മേലദ്ധ്യക്ഷന്‍) ലീനോസും അദ്ദേഹത്തിനു് ശേഷം അനക്‌ലിത്തോസുമായിരുന്നു. ഇരുവരുടേയും കാലശേഷം വി. ക്ലെമന്റ് ( വി. ക്ലിമ്മിസ് ) റോമാസഭാദ്ധ്യക്ഷനായതു് പത്രോസ് അപ്പോസ്തലന്‍ റോമായിലെത്തിയ കാലത്തു് തന്നെയായിരുന്നുവെന്നു് ചില രേഖകള്‍ പറയുന്നു.
പത്രോസ് അപ്പോസ്തലന്‍ അവസാനകാലത്തു് റോമായില്‍ വന്നുവെന്നും മി. വ. 67ല്‍ പൌലോസ് അപ്പോസ്തലനോടൊപ്പം രക്തസാക്ഷിമരണം പ്രാപിച്ചുവെന്നുമാണു് പാരമ്പര്യം. അതിന്റെ പേരില്‍ റോമാസഭ പത്രോസിന്റെയും പൌലോസിന്റെയും സഭ എന്നുകൂടി അറിയപ്പെട്ടിരുന്നു.
അലക്സാന്ദ്രിയന്‍ സഭാദ്ധ്യക്ഷന്‍മാരെയെന്ന പോലെ മാര്‍പാപ്പ(പാപ്പ)യെന്ന വിശേഷാല്‍ നാമം അഞ്ചാം നൂറ്റാണ്ടു് മുതല്‍ റോമാ സഭാദ്ധ്യക്ഷന്‍മാരെയും വിളിച്ചു്വന്നു. സഭാദ്ധ്യക്ഷന്‍ ശ്ലീഹന്മാരുടെ അദ്ധ്യക്ഷനായ പത്രോസിന്റെ പിന്‍ഗാമിയാണെന്നുള്ള ( അതായതു് പത്രോസിന്റെ ശ്ലൈഹിക സിംഹാസനത്തിന്റെ അടിസ്ഥാനത്തില്‍ ആരൂഢനാണെന്നുള്ള ) സഭാശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ റോമാ മാര്‍പാപ്പാമാരെ പത്രോസിന്റെ പിന്‍ഗാമികളായി റോമാ സഭ കാണുന്നു.റോമാ സഭാധ്യക്ഷന്‍ അവകാശപ്പെടുന്ന റോമാ പാപ്പയുടെ പ്രഥമത്വം ( പേപ്പല്‍ പ്രൈമസി )എന്ന സിദ്ധാന്തവുമായി ബന്ധപ്പെട്ടതാണു് അത്. ക്രിസ്തു സ്ഥാപിച്ച സഭ,റോമാ കത്തോലിക്ക സഭയില്‍ പൂര്‍ണ്ണമാണെന്നും ആ സഭയുടെ പരമാദ്ധ്യക്ഷനെന്ന നിലയില്‍ റോമാസഭാദ്ധ്യക്ഷന്‍ ആദിമസഭയുടെ മേലദ്ധ്യക്ഷന്മാരില്‍ ഒന്നാമനായ പത്രോസിന്റെ പിന്‍ഗാമിയാണു് എന്ന റോമാനിലപാട് യഥാര്‍ത്ഥത്തില്‍ റോമാ പാപ്പ ക്രൈസ്തവ സഭയുടെ പൊതുമേലദ്ധ്യക്ഷനാണെന്ന അവകാശവാദമാണു് . റോമാസഭയുമായി സമ്പൂര്‍ണ്ണ കൂട്ടായ്മയിലാവുക എന്നാല്‍ റോമാ സഭയുടെ പ്രഥമത്വം അംഗീകരിയ്ക്കുക എന്നതാണെന്നതു് സഭാന്തര സംവാദങ്ങളിലെയും സഭാ ഐക്യ പ്രശ്നത്തിലെയും പ്രധാന വിവാദ വിഷയങ്ങളിലൊന്നാണു്.
പത്രോസും പത്രോസിന്റെ പിന്‍ഗാമികളുമായ റോമാ പാപ്പമാരുടെ ഔദ്യോഗിക പട്ടിക:
0 .ആദിമ സഭയുടെ മേലദ്ധ്യക്ഷന്‍മാരില്‍ ഒന്നാമനായ പത്രോസ് 37-67
- . വി.ലീനൂസ് 61-....
- . വി.അനാക്ലേത്തൂസ് ....-...
- . വി. ഒന്നാം ക്ലെമന്‍റ് ( വി. ക്ലിമ്മിസ് ) ....-97
- . വി.എവറിസ്റ്റസ് 97-105
- . വി.ഒന്നാം അലക്സാണ്ടര്‍ 105-115
- . വി.ഒന്നാം സിക്സ്റ്റസ് 115-125
- . വി.തെലസ്ഫൊറെസ് 125-136
- . വി.ഹിജിനൂസ് 136-140
- . വി.ഒന്നാം പീയൂസ് 140-155
- . വി.അനിസെറ്റസ് 155-166
- . വി.സോത്തേറൂസ് 166-175
- . വി.ഇലവുത്തേരിയൂസ് 175-189
- . വി.ഒന്നാം വിക്ടര്‍ 189-199
- . വി.സെഫിറിനൂസ് 199-217
- . വി.കലിസ്റ്റസ് 217-222
- . വി.ഒന്നാം ഉര്‍ബന്‍ 222-230
- . വി.പോന്തിയാനൂസ് 230-235
- . വി.ആന്തെരൂസ് 235-236
- . വി.ഫാബിയന്‍ 236-250
- . വി.കൊര്‍ണേലിയൂസ് 251-253
- . വി.ഒന്നാം ലൂചിയുസ് 253-254
- . വി.ഒന്നാം സ്റ്റീഫന്‍ 254-257
- . വി.രണ്ടാം സിക്സ്റ്റ്സ് 257-258
- . വി.ഡയനീഷ്യസ് 259-268
- . വി.ഒന്നാം ഫെലിക്സ് 269-274
- . വി.എവുത്തിക്കിയാനൂസ് 275-283
- . വി.കായൂസ് 283-296
- . വി.മര്‍സെല്ലിനൂസ് 296-304
- . വി.ഒന്നാം മര്‍സെലൂസ് 308-309
- . വി.എവുസേബിയൂസ് 309-309
- . വി.മില്‍തിയാദേസ് 311-314
- . വി.ഒന്നാം സില്‍വസ്റ്റര്‍ 314-335
- . വി.മാര്‍ക്കസ് 336-336
- . വി.ഒന്നാം ജൂലിയസ് 337-352
- . ലിബേരിയൂസ് 352-366
- . വി.ഒന്നാം ദമാസൂസ് 366-384
- . വി.സിരിചിയൂസ് 384-399
- . വി.ഒന്നാം അനസ്താസിയൂസ് 399-401
- . വി.ഒന്നാം ഇന്നസെന്റ് 401-417
- . വി.സോസിമൂസ് 417-418
- . വി.ഒന്നാം ബോനിഫസ്‍ 418-422
- . വി.ഒന്നാം സെലസ്റ്റിന്‍ 422-432
- . വി.മൂന്നാം സിക് സ്റ്റസ് 432-440
- . വി.ഒന്നാം ലേയൊ 440-461
- . വി.ഹിലാരിയൂസ് 461-468
- . വി.സിമ്പ്ലിചിയൂസ് 468-483
- . വി.മുന്നാം(രണ്ടാം) ഫെലിക്സ് 483-492
- . വി.ഒന്നാം ജെലാസിയൂസ് 492-496
- .രണ്ടാം അനസ്താസീയൂസ് 496-498
- . വി.സിമ്മാക്കൂസ് 498-514
- . വി.ഹൊര്‍മിസ്ഡസ് 514-523
- . വി.ഒന്നാം യോഹന്നാന്‍ 523-526
- . വി.നാലാം(മുന്നാം) ഫെലിക്സ് 526-530
- .രണ്ടാം ബോനിഫെസ് 530-532
- .രണ്ടാം യോഹന്നാന്‍ 533-535
- . വി.ഒന്നാം അഗാപ്പീറ്റസ് 535-536
- . വി.സില്‍വേറിയൂസ് 536-537
- . വിജിലിയൂസ് 537-555
- .ഒന്നാം പെലാജിയൂസ് 556-561
- .മൂന്നാം യോഹന്നാന്‍ 561-574
- .ഒന്നാം ബനഡിക്ട് 575-579
- .രണ്ടാം പെലാജിയൂസ് 579-590
- . വി.ഒന്നാം ഗ്രിഗറി 590-604
- . സബീനിയാനൂസ് 604-606
- .മൂന്നാം ബോനിഫസ് 607-607
- . വി.നാലാം ബോനിഫസ് 608-615
- .വി.ഒന്നാം അദെയോദാത്തൂസ് 615-618
- .അഞ്ചാം ബോനിഫസ് 619-625
- .ഒന്നാം ഒണോറിയൂസ് 625-638
- . സെവറിനൂസ് 640-640
- .നാലാം യോഹന്നാന്‍ 640-642
- .ഒന്നാം തെയഡോര്‍ 642-649
- . വി.ഒന്നാം മാര്‍ട്ടിന്‍ 649-655
- . വി.ഒന്നാം എവുജീന്‍ 655-657
- . വി.വിറ്റാലിയന്‍ 657-672
- .രണ്ടാം അദെയോദാത്തൂസ് 672-676
- . ദോണൂസ് 676-678
- . വി.അഗാത്തോ 678-681
- . വി.ലേയോ 682-683
- . വി.രണ്ടാം ബനഡിക്ട് 684-685
- .അഞ്ചാം യോഹന്നാന്‍ 685-686
- . കോനോനുസ് 686-687
- . വി.ഒന്നാം സെര്‍ജിയൂസ് 687-701
- .ആറാം യോഹന്നാന്‍ 701-705
- .ഏഴാം യോഹന്നാന്‍ 705-707
- . സിസിന്നിയൂസ് 708-708
- . കൊണ്‍സ്റ്റന്റിനോസ്‍ 708-715
- . വി.രണ്ടാം ഗ്രിഗറി 715-731
- . വി.മുന്നാം ഗ്രിഗറി 731-741
- . വി.സഖറിയാസ് 741-752
- .രണ്ടാം സ്റ്റീഫന്‍ 752 (അഭിഷിക്തനാകുന്നതിനു് മുന്‍പു് മരണമടഞ്ഞു)
- .മുന്നാം സ്റ്റീഫന്‍ 752-757
- . വി.ഒന്നാം പൗലോസ് 757-767
- .നാലാം സ്റ്റീഫന്‍ 768-772
- .ഒന്നാം ഏഡ്രിയാന്‍ 772-795
- . വി.മുന്നാം ലെയോ 795-816
- .അഞ്ചാം സ്റ്റീഫന്‍ 816-817
- . വി.ഒന്നാം പാസ്കല്‍ 817-824
- .രണ്ടാം എവുജിന്‍ 824-827
- .വാലന്റൈന്‍ 827-827
- .നാലാം ഗ്രിഗറി 827-844
- .രണ്ടാം സെര്‍ജിയൂസ്‍ 844-847
- .വി.നാലാം ലെയോ 847-855
- .മുന്നാം ബനഡിക്ട് 855-858
- . വി.ഒന്നാം നിക്കോളാസ് 858-867
- .രണ്ടാം ഏഡ്രിയാന്‍ 867-872
- . എട്ടാം യോഹന്നാന്‍ 872-882
- .ഒന്നാം മാരിനൂസ് 882-884
- . വി.മുന്നാം ഏഡ്രിയാന്‍ 884-885
- .ആറാം സ്റ്റീഫന്‍ 885-891
- ഫോര്‍മോസൂസ് 891-896
- .ആറാം ബോനിഫസ് 896-896
- .ഏഴാം സ്റ്റീഫന്‍ 896-897
- . റൊമാനൂസ് 897-897
- .രണ്ടാം തിയഡോര്‍ 897-897
- . ഒന്‍പതാംയോഹന്നാന്‍ 898-900
- .നാലാം ബനഡിക്ട് 900-903
- .അഞ്ചാം ലെയോ 903-903
- .മുന്നാം സെര്‍ജിയൂസ് 904-911
- .മുന്നാം അനസ്തസിയൂസ് 911-913
- . ലാന്‍ഡോ 913-914
- . പത്താം യോഹന്നാന്‍ 914-928
- .ആറാം ലെയൊ 928-928
- .എട്ടാം സ്റ്റീഫന്‍ 928-931
- .പതിനൊന്നാം യോഹന്നാന്‍ 931-935
- .ഏഴാം ലെയോ 936-939
- .ഒന്‍പതാം സ്റ്റീഫന്‍ 939-942
- .രണ്ടാം മാരിനൂസ് 942-946
- .രണ്ടാം അഗാപ്പീറ്റസ് 946-955
- .പന്ത്രണ്ടാം യോഹന്നാന്‍ 955-964
- .എട്ടാം ലെയോ 963-965
- .അഞ്ചാം ബനഡിക്ട് 964-965
- .പതിമൂന്നാം യോഹന്നാന്‍ 965-972
- .ആറാം ബനഡിക്ട് 973-974
- .ഏഴാം ബനഡിക് ട് 974-983
- . പതിനാലാം യോഹന്നാന്‍ 983-984
- . പതിനഞ്ചാം യോഹന്നാന്‍ 985-996
- .അഞ്ചാം ഗ്രിഗറി 996-999
- .രണ്ടാം സില്‍വസ്റ്റര്‍ 999-1003
- .പതിനേഴാം യോഹന്നാന്‍ 1003-03
- .പതിനെട്ടാം യോഹന്നാന്‍ 1004-09
- .നാലാം സെര്‍ജിയൂസ് 1009-12
- .എട്ടാം ബനഡിക്ട് 1012-24
- .പത്തൊന്‍പതാം യോഹന്നാന്‍ 1024-32
- .ഒന്‍പതാം ബനഡിക്ട് 1032-44
- .മുന്നാം സില്‍വസ്റ്റര്‍ 1045-45(എതിര്‍ പാപ്പയെന്നു് ചിലര്‍)
- .ഒന്‍പതാം ബനഡിക്ട് 1045-45 (രണ്ടാംതവണ)
- .ആറാം ഗ്രിഗറി 1045-46
- .രണ്ടാം ക്ലെമന്റ് 1046-47
- .ഒന്‍പതാം ബനഡിക്ട്(3-ആം തവണ) 1047-48
- .രണ്ടാം ഡമാസൂസ് 1048-48
- .ഒന്‍പതാം വി.ലെയോ 1049-54
- .രണ്ടാം വിക്ടര്‍ 1055-57
- .പത്താം സ്റ്റീഫന്‍ 1057-58
- .രണ്ടാം നിക്കോളാസ് 1059-61
- .രണ്ടാം അലെക്സാണ്ടര്‍ 1061-73
- .വി.ഏഴാം ഗ്രിഗറി 1073-85
- .വാഴ്ത്തപ്പെട്ട മൂന്നാം വിക്ടര്‍ 1086-87
- .വാഴ്ത്തപ്പെട്ട രണ്ടാം ഉര്‍ബന്‍ 1088-99
- .രണ്ടാം പാസ്കല്‍ 1099-118
- .രണ്ടാം. ജെലാസിയൂസ് 1118-19
- .രണ്ടാം കലിസ്റ്റസ് 1119-24
- .രണ്ടാം ഓണോറിയൂസ് 1124-30
- .രണ്ടാം ഇന്നസെന്റ് 1130-43
- .രണ്ടാം സെലസ്റ്റിന്‍ 1143-44
- .രണ്ടാം ലൂചിയൂസ് 1144-45
- .വാഴ്ത്തപ്പെട്ട മൂന്നാം എവുജീന്‍ (ഔഗേന്‍) 1145-53
- .നാലാം അനസ്തസിയൂസ് 1153-54
- .നാലാം ഏഡ്രിയാന്‍ 1154-59
- .മൂന്നാം അലക്സണ്ടര്‍ 1159-81
- .മൂന്നാം ലൂചിയൂസ് 1181-85
- .മൂന്നാം ഉര്‍ബന്‍ 1185-87
- .എട്ടാം ഗ്രിഗറി 1187-87
- .മൂന്നാം ക്ലെമന്റ് 1187-97
- .മൂന്നാം സെലസ്റ്റിന്‍ 1191-98
- .മൂന്നാം ഇന്നസെന്റ് 1198-1216
- .മൂന്നാം ഓണോറിയൂസ് 1216-27
- .ഒന്പതാം ഗ്രിഗറി 1227-41
- .നാലാം സെലസ്റ്റിന്‍ 1241-41
- .നാലാം ഇന്നസെന്റ് 1243-54
- .നാലാം അലക്സാണ്ടര്‍ 1254-61
- .നാലാം ഉര്‍ബന്‍ 1261-64
- .നാലാം ക്ലെമന്റ് 1265-68
- .വാഴ്ത്തപ്പെട്ട പത്താം ഗ്രിഗറി 1272-76
- .വാഴ്ത്തപ്പെട്ട അഞ്ചാം ഇന്നസെന്റ് 1276-76
- . അഞ്ചാം ഏഡ്രിയാന്‍ 1276-76
- . ഇരുപത്തൊന്നാം യോഹന്നാന്‍ 1276-77
- .മൂന്നാം നിക്കോളാസ് 1277-80
- .നാലാം മാര്‍ട്ടിന്‍ 1281-85
- .നാലാം ഓണോറിയൂസ് 1285-87
- .നാലാം നിക്കോളാസ് 1288-92
- .അഞ്ചാം വി. സെലസ്റ്റിന്‍ 1294-94
- .എട്ടാം ബോനിഫസ് 1294-1303
- .വാഴ്ത്തപ്പെട്ട പതിനൊന്നാം ബനഡിക്ട് 1303-04
- .അഞ്ചാം ക്ലെമന്റ് 1305-14
- . ഇരുപത്തിരണ്ടാം യോഹന്നാന്‍ 1316-34
- .പന്ത്രണ്ടാം ബനഡിക്ട് 1334-42
- .ആറാം ക്ലെമന്റ് 1342-52
- .ആറാം ഇന്നസെന്റ് 1352-62
- .വാഴ്ത്തപ്പെട്ട അഞ്ചാം ഉര്‍ബന്‍ 1362-70
- .പതിനൊന്നാം ഗ്രിഗറി 1370-78
- .ആറാം ഉര്‍ബന്‍ 1378-89
- .ഒന്പതാം ബോനിഫസ് 1389-1404
- .ഏഴാം ഇന്നസെന്റ് 1404-06
- .പന്ത്രണ്ടാം ഗ്രിഗറി 1406-15
- .അഞ്ചാം മാര്‍ട്ടിന്‍ 1417-31
- .നാലാം എവുജിന്‍ 1431-47
- .അഞ്ചാം നിക്കോളാസ് 1447-55
- .മൂന്നാം കലിസ്റ്റസ് 1455-582
- .രണ്ടാം പീയൂസ് 1458-64
- .രണ്ടാം പൗലോസ് 1464-71
- .നാലാം സിക്സ്റ്റസ് 1471-84
- .എട്ടാം ഇന്നസെന്റ് 1484-92
- .ആറാം അലെക്സന്ദര്‍ 1492-03
- .മൂന്നാം പീയൂസ് 1503-03
- .രണ്ടാം ജൂലിയസ് 1503-15
- .പത്താം ലെയോ 1513-21
- .ആറാം ഏഡ്രിയാന്‍ 1522-23
- .ഏഴാം ക്ലെമന്റ് 1523-34
- .മൂന്നാം പൗലോസ് 1534-49
- .മൂന്നാം ജൂലിയസ് 1550-55
- .രണ്ടാം മാര്‍സെലിയൂസ് 1555-55
- .നാലാം പൗലോസ് 1555-59
- .നാലാം പീയൂസ് 1559-65
- .വി.അഞ്ചാം പീയൂസ് 1566-72
- .പതിമൂന്നാം ഗ്രിഗറി 1572-85
- .അഞ്ചാം സിക്സ്റ്റസ് 1585-90
- .ഏഴാം ഉര്‍ബന്‍ 1590-90
- .പതിനാലാം ഗ്രിഗറി 1590-91
- .ഒന്പതാം ഇന്നസെന്റ് 1591-91
- .എട്ടാം ക്ലെമന്റ് 1592- 1605
- .പതിനൊന്നാം ലെയോ 1605-05
- .അഞ്ചാം പൗലോസ് 1602-21
- .പതിനഞ്ചാം ഗ്രിഗറി 1621-23
- .എട്ടാം ഉര്‍ബന്‍ 1623-44
- .പത്താം ഇന്നസെന്റ് 1644-55
- .ഏഴാം അലെക്സന്ദര്‍ 1655-67
- .ഒന്പതാം ക്ലെമന്റ് 1667-69
- .പത്താം ക്ലെമന്റ് 1670-76
- .വാഴ്ത്തപ്പെട്ട പതിനൊന്നാം ഇന്നസെന്റ് 1676-89
- .എട്ടാം അലെക്സന്ദര്‍ 1655-67
- .പന്ത്രണ്ടാം ഇന്നസെന്റ് 1691-1700
- .പന്ത്രണ്ടാം ക്ലെമന്റ് 1700-21
- .പതിമൂന്നാം ഇന്നസെന്റ് 1721-24
- .പതിമൂന്നാം ബനഡിക്ട് 1724-30
- .പന്ത്രണ്ടാം ക്ലെമന്റ് 1730-40
- .പതിനാലാം ബനഡിക്ട് 1740-58
- .പതിമൂന്നാം ക്ലെമന്റ് 1758-69
- .പതിനാലാം ക്ലെമന്റ് 1769-74
- .ആറാം പീയൂസ് 1775-99
- .ഏഴാം പീയൂസ് 1800-23
- .പന്ത്രണ്ടാം ലെയോ 1823-29
- .എട്ടാം പീയൂസ് 1829-30
- .പതിനാറാം ഗ്രിഗറി 1831-46
- .വാഴ്ത്തപ്പെട്ട ഒന്‍പതാം പീയൂസ് 1846-78
- .പതിമൂന്നാം ലെയോ 1878-1903
- .പത്താം വി. പീയൂസ് 1903-14
- .പതിനഞ്ചാം ബനഡിക്ട് 1914-22
- .പതിനൊന്നാം പീയൂസ് 1922-39
- .പന്ത്രണ്ടാം പീയൂസ് 1939-58
- .വാഴ്ത്തപ്പെട്ട ഇരുപത്തിമൂന്നാം യോഹന്നാന്‍ 1958-63
- .ആറാം പൗലോസ് 1963-78
- . യോഹന്നാന്‍ പൗലോസ് 1978-78
- . രണ്ടാം യോഹന്നാന്‍ പൗലോസ് 1978-2005
- .പതിനാറാം ബനഡിക്ടു് 2005-
2007/09/13
കത്തോലിക്കാ സഭ വിശുദ്ധനാക്കുന്ന മാര്‍ ഈവാനിയോസിനെതിരെ ഓര്‍ത്തഡോക്സ് പത്രം
ഒരു പ്രമുഖ പത്രത്തില്‍ (മലയാള മനോരമ) മാര്‍ ഈവാനിയോസിനെപ്പറ്റി" വിശ്വാസവഴികളിലെ വിശുദ്ധയാത്ര'' എന്ന തലക്കെട്ടില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ സത്യവിരുദ്ധവും ചരിത്രനിഷേധവുമാണെന്ന് ലേഖനം പറയുന്നു. "മാര്‍ ഈവാനിയോസ് താന്‍ സ്ഥാപിച്ച ബഥനി ആശ്രമത്തില്‍ നിന്ന് സര്‍വവും ഉപേക്ഷിച്ച് കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെടാന്‍ ഇറങ്ങിത്തിരിച്ചു''എന്ന് ലേഖനത്തില്‍ പറയുന്നത് സത്യവിരുദ്ധമാണ്.
മാര്‍ ഈവാനിയോസ് "സര്‍വവും ഉപേക്ഷി''ച്ചാണോ പോയത്? അതോ കയ്യേറ്റങ്ങളും കള്ളക്കേസുകളും നുണപ്രചാരണങ്ങളും സര്‍ക്കാര്‍ തലങ്ങളിലെ സ്വാധീനവും വഴി മാതൃസഭയെ പീഢിപ്പിക്കുകയാണോ ചെയ്തത്?- മലങ്കരസഭാപത്രിക ചോദിയ്ക്കുന്നു.
1930 ആഗസ്ത് 20ന് മാര്‍ ഈവാനിയോസും കുറെ അനുയായികളും ബഥനി ആശ്രമം വിടുമ്പോള്‍, അന്നു രാവിലെ മുതല്‍ ആശ്രമത്തിലെയും അവരവരുടെയും സാധനങ്ങള്‍ കെട്ടുകെട്ടുകളാക്കുകയായിരുന്നു പ്രധാന ജോലി. സഭയുടെ വക സ്കൂളുകളുടെ മേലന്വേഷണം മലങ്കര മെത്രാപ്പോലീത്ത വട്ടശേരില്‍ മാര്‍ ദീവന്ന്യാസ്യോസ് തന്റെ വിശ്വസ്തനെന്നനിലയില് ഈവാനിയോസിനെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ റോമാ സഭയില്‍ ചേര്‍ന്നപ്പോള്‍ സ്കൂളുകളുടെ ചുമതല തിരികെ ഏല്‍പിക്കാന്‍ മാര്‍ ഈവാനിയോസ് കൂട്ടാക്കിയില്ല. സഭ വക സ്കൂളുകള്‍, ചേപ്പാട് ഓര്‍ത്തഡോക്സ് പള്ളിവക യു പി സ്കൂള്‍, ബഥനി ആശ്രമം വക സ്ഥലം തുടങ്ങിയവയെല്ലാം മാര്‍ ഈവാനിയോസ് കൈവശം വെച്ചുവെന്നും പിന്നീട് കോടതി വിധികളിലൂടെയാണ് തിരികെ ലഭിച്ചതെന്നും ലേഖനം പറയുന്നു.
ആഗസ്തിലാണ് വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി മലങ്കര കത്തോലിക്കാ സഭയുടെ പ്രഥമ ആര്‍ച്ച്ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ ഈവാനിയോസിനെ കത്തോലിക്കാ സഭ ദൈവദാസനായി പ്രഖ്യാപിച്ചതു്.
—കടപ്പാടു്: ദേശാഭിമാനി,2007 സെപ്തംബര്‍ 13
2007/09/10
മലങ്കരസഭയില്‍ ഇനിയും ഐക്യസാദ്ധ്യത:ഡോ. തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്ത
സഭാ ഐക്യം സംഭാവ്യതയുടെയോ സാധ്യതയുടെയോ കാര്യമല്ല, പിന്നെയോ പ്രത്യാശയുടെ കാര്യമാകുന്നു. ക്രൈസ്തവചിന്തയില്‍ പ്രത്യാശ എന്നത് മനുഷ്യന്റെ വിലയിരുത്തലുകള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും അപ്പുറമുള്ള കാര്യമാണ്. മനുഷ്യന്റെ ബുദ്ധിയ്ക്കും യുക്തിയ്ക്കും അതീതമായി ദൈവീക ഇടപെടല്‍ ഉണ്ടാകുമെന്ന് ബോധ്യവും ഉറപ്പുമാണത്. മാറാരോഗങ്ങള്‍ സുഖപ്പെടുവാന്‍ പ്രാര്‍ത്ഥിക്കുന്നതും, തകര്‍ച്ചയുടെ നടുവിലും നല്ലകാലത്തിന്റെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നതും, മരണത്തിനും ഭൌതീക ശരീരത്തിന്റെ ജീര്‍ണ്ണതയ്ക്കുമപ്പുറം ജീവന്റെ നിലനില്‍പ്പും ആഘോഷവും നടക്കുമെന്ന് ചിന്തിയ്ക്കുന്നതും വിശ്വസിക്കുന്നതും എന്തിന്റെ അടിസ്ഥാനത്തിലാണ്? അതുകൊണ്ട് ഒരേ ചരിത്രവും പാരമ്പര്യവും വിശ്വാസവും ഉള്ള ഒരു സഭയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കുമായി ശ്രമിക്കുകയും പ്രാര്‍ത്ഥിയ്ക്കുകയും ചെയ്യാന്‍ പ്രേരണ നല്‍കുന്നത് ക്രിസ്തീയ പ്രത്യാശയാണ്... ഇത് സാധ്യമാകുമെന്ന പ്രതീക്ഷ എന്റെ ജീവിതത്തിന്റെ സ്വപ്നവും ലക്ഷ്യവുമാണ്.
ഡോ. തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്ത
൧
സഭാഐക്യം : ചില പ്രാരംഭ ചിന്തകള്‍
ഇനി ഏതായാലും മലങ്കരസഭയില്‍ ഐക്യമുണ്ടാവുകയില്ല എന്ന് വിചാരിക്കുന്നവരും ആ അഭിപ്രായം വേദികളിലും അനൌപചാരിക സംഭാഷണങ്ങളിലും പ്രകടിപ്പിക്കുന്നവരുമുണ്ട്. തീര്‍ച്ചയായും ഈ കാഴ്ചപ്പാട് ചില വിലയിരുത്തലുകളുടേയും നിഗമനങ്ങളുടേയും അടിസ്ഥാനത്തിലാകാം. അതിലേയ്ക്ക് കടക്കുക ഈ ചര്‍ച്ചയുടെ പരിധിയില്‍ വരുന്നില്ല. യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ഐക്യത്തിലൂടെ സമാധാനമെന്ന ആശയം പണ്ടേ തിരസ്കരിച്ചതാണ്. സഭ രണ്ടാകണം എന്ന നിലപാട് അംഗീകരിച്ചുകൊണ്ട് പിരിയാനുള്ള ചര്‍ച്ചയ്ക്കു മാത്രമേ അദ്ദേഹത്തിന്റെ വിഭാഗം തയ്യാറുള്ളൂ. പള്ളികള്‍ ഇരു വിഭാഗങ്ങള്‍ക്കുമായി പങ്കുവച്ച് രണ്ടു സഭകളായി പിരിയുക എന്ന നിര്‍ദ്ദേശം മാത്രമാണ് അദ്ദേഹം ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നത്. ഓര്‍ത്തഡോക്സ് സഭയിലും ഈ നിലപാട് തന്നെ സ്വീകരിച്ചിട്ടുള്ള ചില നേതാക്കന്മാരുണ്ടു്. പാത്രിയര്‍ക്കീസ് പക്ഷക്കാര്‍ക്കു വേണ്ടത് എന്താണെന്നന്വേഷിച്ച് അത് നല്‍കി അവരെ ഒഴിവാക്കി പ്രശ്നം തീര്‍ക്കുക എന്ന പ്രഖ്യാപനം ശരിക്കും ഒരു പ്രമാണി മനോഭാവമാണു് പ്രകടമാക്കുന്നതു്. സഭയുടെ സ്വാതന്ത്യ്രം നിലനിര്‍ത്താന്‍ അവരെ ഒഴിവാക്കുന്നത് നല്ലതാണെന്ന് ചിന്തിക്കുന്നവരും ഉണ്ട്. ഇരുകൂട്ടരിലും പങ്കുവയ്ക്കല്‍ ആശയക്കാരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി തോന്നുന്നു. സ്വത്തുക്കള്‍ വിഭജിച്ച് സഭയുടെ പിളര്‍പ്പ് ശാശ്വതീകരിക്കുന്നതുവഴി പ്രശ്നപരിഹാരം കാണാമെന്ന് ചിന്തിക്കുന്നവര്‍ക്ക് മുന്‍തൂക്കം വര്‍ദ്ധിക്കുമ്പോഴും സഭാഐക്യം മാത്രമാണ് ശരിയായ പോംവഴി എന്ന് ഉറപ്പുള്ള ഒരു വിഭാഗത്തിന്റെ ഇതേസംന്ധിച്ച വീക്ഷണമാണ് ഗ്രന്ഥത്തില്‍ പ്രകടമാക്കുന്നത്.
സഭാഐക്യത്തെ സംബന്ധിച്ച ചില അടിസ്ഥാന വസ്തുതകളാണ് ആദ്യം അവതരിപ്പിക്കുന്നത്. ഇരുപതു ശതകങ്ങളോളമായി ഒന്നിച്ചു നിന്ന് പ്രതിസന്ധികളെ അതിജീവിച്ച ഒരു വിശ്വാസസമൂഹം ഭിന്നിച്ചു മാറുന്നതിന് എന്തു നീതീകരണമാണ് നമുക്ക് കാണാനാവുക? കാലാകാലങ്ങളില്‍ സംഭവിച്ചുപോയ പിളര്‍പ്പുകള്‍ സഭാനേതൃത്വത്തിന്റെ വൈരാഗ്യബുദ്ധിയും ദീര്‍ഘവീക്ഷണമില്ലായ്മയും സ്വാര്‍ത്ഥതയും നയവൈകല്യവും കൊണ്ട് ഉണ്ടായവയാണെന്ന് സഭാ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. സമസ്ത സൃഷ്ടികളെയും ക്രിസ്തുവില്‍ ഏകമാക്കുവാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന സഭ തന്നെ സ്വയം ഭിന്നിച്ചാല്‍ അതിന് ഈ ലോകത്ത് എന്തു നിരപ്പിന്റെ ശുശ്രൂഷയാണ് നിര്‍വ്വഹിക്കാനാവുക? സഭ ‘ഏകം’ എന്നു വിശ്വസിച്ച് ഏറ്റുപറയുന്ന സഭാസമൂഹം വിഭജനത്തിന് ആശയ അടിത്തറ അന്വേഷിയ്ക്കുന്നത് വിചിത്രമെന്നേ പറയാനാകൂ.
ഈ ഭിന്നിപ്പ് എന്തെങ്കിലും ആശയത്തിന്റെ അടിസ്ഥാനത്തിലല്ലെന്നത് ആര്‍ക്കാണ് നിഷേധിക്കാന്‍ കഴിയുക? സഭ ഒരു അധികാരഘടനയാണ് എന്ന സങ്കല്പത്തില്‍ നിന്നുമാണ് അധികാരത്തര്‍ക്കം ഉടലെടുക്കുന്നത്. ഈ വീക്ഷണമാകട്ടെ അടിസ്ഥാന ക്രിസ്തീയ കൂട്ടായ്മയ്ക്കും സഭാവീക്ഷണത്തിനും അന്യവും വിരുദ്ധവുമാണ്. സഭയുടെ അടിസ്ഥാന സ്വഭാവത്തിന് അന്യമായ ഒരു കാര്യത്തിന്റെ പേരില്‍ ഭിന്നിച്ചു നില്‍ക്കുന്നു എങ്കില്‍ അതിന് ആശയപരമായ എന്ത് സാധൂകരണം ലഭിക്കും? ഭിന്നിപ്പ് വ്യവസ്ഥാപിതവും ഔപചാരികവുമാക്കുന്ന പ്രക്രിയയ്ക്ക് ഒരു വിശ്വാസിക്കും കൂട്ടുനില്‍ക്കാനാവില്ല. അതുകൊണ്ട് സഭയെ രണ്ടാക്കുക എന്ന ചിന്തയ്ക്ക് പിന്തുണ നല്‍കാന്‍ ഒരാളുടെ ക്രിസ്തീയ ബോധ്യം അനുമതി നല്‍കുകയില്ല.
മറ്റൊരു പ്രശ്നം വേര്‍പിരിയലിന്റെ പേരില്‍ ഒരുവിഭാഗം സഭാംഗങ്ങളെ സ്വന്തം പള്ളികളിലുള്ള അവകാശസ്വാതന്ത്യ്രങ്ങള്‍ നല്‍കാതെ നഷ്ടപരിഹാരം നല്‍കി പുറത്താക്കുന്നതിന് സാധ്യമാകുമോ എന്നതാണ്? വാസ്തവത്തില്‍ ഇരുകൂട്ടര്‍ക്കും യോജിച്ച് സ്വന്തം അവകാശസ്വതന്ത്ര്യങ്ങള്‍ നിലനിര്‍ത്തി ഒരു ആരാധനാ സമൂഹമാകുവാന്‍ സാധ്യമാകും എന്നാണ് ചിന്തിക്കേണ്ടത്. അതാണ് എളുപ്പം; അതാണ് കൂടുതല്‍ പ്രായോഗികം; അതാണ് നീതി. ഒരിക്കലും കുറ്റബോധം ജനിപ്പിക്കാത്ത ക്രിസ്തീയപരിഹാരവും അതുതന്നെ. ഏത് ഉപാധികളോടെ ഐക്യമാകാം എന്ന് ശ്രേഷ്ഠകാതോലിക്കാ പറയുന്നില്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പിളര്‍പ്പ് ആവശ്യമാണ്, അനിവാര്യതയാണ്. ഓര്‍ത്തഡോക്സ് സഭയിലെ പങ്കിടല്‍വാദികള്‍ക്കും ഈ വിഷയത്തില്‍ അതേ അഭിപ്രായം തന്നെ. ഇരു കൂട്ടരും നിര്‍ബന്ധവിധേയരാകാതെ അംഗീകരിച്ച കോടതിവിധി വ്യക്തമാക്കുന്നത് ഭിന്നിപ്പിനുമുമ്പുണ്ടായിരുന്ന അവസ്ഥയിലേയ്ക്ക് സഭ തിരികെ പോകണമെന്നാണ്. അതായത് ഒന്നായിരുന്ന ആ സ്ഥിതി പുനഃസ്ഥാപിക്കണമെന്നാണ്. ഇത് അംഗീകരിച്ചാല്‍ പിന്നെ എന്തിന് വഴക്കടിയ്ക്കണം? എത്രയോ ഋജുവും, നിഷ്പക്ഷവും ക്രിസ്തീയവുമായ തീരുമാന
മാണിത്!
ഈ പശ്ചാത്തലത്തില്‍ ഭിന്നിച്ചു നില്‍ക്കുന്നതിനെക്കുറിച്ച് എന്തു തോന്നുന്നു? സഭാവിശ്വസത്തിനും നീതിപീഠത്തിന്റെ തീര്‍പ്പിനും വിരുദ്ധമാണത്. കോടതിവിധി വഴിയുള്ള പ്രശ്നപരിഹാരം തങ്ങള്‍ക്ക് സ്വീകാര്യമാണ് എന്ന് സുപ്രീംകോടതിയില്‍ ഇരുപക്ഷവും സത്യവാങ്മൂലം നല്‍കിയ ശേഷം അത് നിരാകരിക്കുന്നത് നീതിയല്ല. പിന്നീട് വിഭജനത്തിന്റെ വ്യവസ്ഥകള്‍ പ്രഘോഷിച്ച് നടക്കുന്നത് സ്വന്തം സ്വാര്‍ത്ഥതാതാല്പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ്. ഇത്തരക്കാര്‍ക്ക് പ്രേരണ ദൈവേഷ്ടമോ, സഭാനന്മയോ അല്ല. സ്വന്തം താല്പര്യങ്ങള്‍ മാത്രം. സഭാംഗങ്ങള്‍ ഈ വസ്തുത ഇനിയെങ്കിലും മനസ്സിലാക്കണം എന്ന് ഓര്‍മ്മപ്പെടുത്തട്ടെ.
മറ്റൊരു കാര്യം. സഭയില്‍ യോജിപ്പ് ഉണ്ടാകണം എന്ന ഉറച്ചബോധ്യം, വെറും പഠനങ്ങളുടെ അടിസ്ഥാനത്തിലോ, ഭൌതിക സാഹചര്യങ്ങള്‍ വിലയിരുത്തിയോ രൂപപ്പെടുത്തിയതല്ല. മറിച്ച് ഇതിന്റെ അടിസ്ഥാനം ക്രിസ്തീയ പ്രത്യാശയാണ്. ക്രൈസ്തവ ചിന്തയില്‍ പ്രത്യാശയെന്നത് മനുഷ്യന്റെ വിലയിരുത്തലുകള്‍ക്കും കണക്കുകൂട്ടലുള്‍ക്കും അപ്പുറമുള്ള കാര്യമാണ്. മനുഷ്യന്റെ ബുദ്ധിക്കും യുക്തിക്കും അതീതമായി ദൈവിക ഇടപെടല്‍ ഉണ്ടാകുമെന്ന ബോധ്യവും ഉറപ്പുമാണത്. മാറാരോഗങ്ങള്‍ സുഖപ്പെടുവാന്‍ പ്രാര്‍ത്ഥിക്കുന്നതും, തകര്‍ച്ചയുടെ നടുവിലും നല്ലകാലത്തിന്റെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നതും, മരണത്തിനും ഭൌതീക ശരീരത്തിന്റെ ജീര്‍ണ്ണതയ്ക്കും അപ്പുറം ജീവന്റെ നിലനില്‍പ്പും ആഘോഷവും നടക്കുമെന്ന് ചിന്തിക്കുന്നതും ഏത് യുക്തിചിന്തയുടെ അടിസ്ഥാനത്തിലാണ്? അതുകൊണ്ട് ഒരേ ചരിത്രവും, പാരമ്പര്യവും വിശ്വാസവുമുള്ള ഒരു സഭയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കുമായി ശ്രമിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാന്‍ പ്രേരണ നല്‍കുന്നത് ക്രിസ്തീയ പ്രത്യാശയാണ്. മലങ്കരസഭയുടെ ഐക്യം തകര്‍ക്കാന്‍ തല്പരകക്ഷികള്‍ തീവ്രയ്ത്നം നടത്തുമ്പോഴും വലിയൊരു വിഭാഗം ഇതു സംബന്ധിച്ച് നിസ്സംഗതയിലും ആശയക്കുഴപ്പത്തിലും കഴിയുമ്പോഴും സഭയില്‍ നിരപ്പ് യാഥാര്‍ത്ഥ്യമായി തീരുമെന്ന പ്രതീക്ഷയോടെ ഏറെ സഭാസ്നേഹികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വ്യക്തിപരമായി പറഞ്ഞാല്‍ ഈ പ്രതീക്ഷ എന്റെ ജീവിതത്തിന്റെ സ്വപ്നവും ലക്ഷ്യവുമാണ്.
സഭയില്‍ ഐക്യം ആഗ്രഹിക്കുന്ന അനേകം വിശ്വാസികള്‍ ഉണ്ട് എന്നുതന്നെയാണ് എന്റെ അനുഭവം. ഈ പ്രത്യാശ വച്ചുപുലര്‍ത്തുന്നത് സഭൈക്യത്തില്‍ തങ്ങള്‍ക്ക് നഷ്ടം സംഭവിക്കും എന്ന ഭയപ്പെടുന്ന സഭാനേതൃത്വത്തില്‍ പെട്ടവരല്ല; നേതൃത്വം കൊതിച്ച് നടക്കുന്നവരുമല്ല. സഭായോജിപ്പ് ദൌത്യമായി കരുതുന്നവരാണ്. സഭയ്ക്ക് നന്മ ആഗ്രഹിക്കുന്ന സാധാരണ വിശ്വാസികളാണ്. അവര്‍ക്ക് നിക്ഷിപ്ത വ്യക്തിതാല്പര്യങ്ങള്‍ ഒന്നുമില്ല. സഭാഗാത്രം വെട്ടിമുറിക്കപ്പെടുന്നതില്‍ ഹൃദയവ്യഥ അനുഭവിക്കുന്നവരാണവര്‍. അവര്‍ക്ക് സഭാവിഭജനം വ്യവസ്ഥാപിതമാക്കുന്നതിനോട് പൊരുത്തപ്പെടാനാവില്ല. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ ഐക്യത്തിന് തുരങ്കം വയ്ക്കുന്നവരാണ് ഇപ്പോള്‍ അരങ്ങ് തകര്‍ക്കുന്നത്. അവരുടെ അട്ടിമറികളെ അതിജീവിച്ച് സഭൈക്യത്തിനും സമാധാനത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥനയും അധ്വാനവും ഫലപ്രാപ്തിയിലെത്തുമെന്നാണ് എന്റെ ഉറച്ച വിശ്വാസം.
൨
യോജിച്ച സഭ-അതിന്റെ രൂപവും ഘടനയും
സഭയില്‍ ഐക്യമാണ് ആവശ്യം. വിഭജനവും പങ്കുവയ്ക്കലുമല്ല. യോജിപ്പിനുവേണ്ടത് പിരിയുന്നതിനു മുമ്പുണ്ടായിരുന്ന അവസ്ഥയിലേയ്ക്കുള്ള തിരിച്ചുപോക്കാണ്. സഭയിലെ ഇരുവിഭാഗങ്ങളും സ്വാഗതം ചെയ്ത സുപ്രീംകോടതി വിധിയും സമാധാനകാലത്ത് യോജിച്ച സഭ അംഗീകരിച്ച് പ്രാബല്യത്തില്‍ വരുത്തിയ സഭാഭരണഘടനയും ഐക്യത്തിന് ചട്ടക്കൂട് ആവുക എന്നത് രണ്ടുകൂട്ടര്‍ക്കും സ്വീകാര്യമാകേണ്ടതാണ്. ബാക്കിയുള്ള പ്രശ്നങ്ങള്‍ വിട്ടുവീഴ്ചാമനോഭാവത്തോടെ ചര്‍ച്ചചെയ്ത് പരിഹരിക്കാവുന്നതാണ്.
ഈ അടിസ്ഥാനത്തില്‍ മലങ്കരസഭയുടെ രൂപവും സ്വത്വവും എങ്ങനെ ആയിരിക്കുമെന്ന് ചിന്തിക്കാം.
1) ശീമയിലെ ഓര്‍ത്തഡോക്സ് സഭയും മലങ്കരയിലെ ഓര്‍ത്തഡോക്സ് സഭയും ചേര്‍ന്നതാണ് ഓര്‍ത്തഡോക്സ് സുറിയാനിസഭ. ഓരോ വിഭാഗത്തിനും സ്വന്തമായ സഭാതലവനും ഭരണസംവിധാനവും എപ്പിസ്കോപ്പല്‍ സുന്നഹദോസുമുണ്ട്.
2) ശീമയിലെ സഭയിലെ പ്രധാന തലവന്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസും മലങ്കരസഭയുടെ പ്രധാന തലവന്‍ പൌരസ്ത്യ കാതോലിക്കായും ആയിരിക്കും. ഇരുസഭകള്‍ക്കും ഭരണപരമായ പൂര്‍ണ്ണ സ്വാതന്ത്യ്രം ഉണ്ടായിരിക്കും.
3) മലങ്കരസഭ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനെ ഈ സംയുക്തസഭയിലെ പ്രധാന മേലദ്ധ്യക്ഷനായി അംഗീകരിക്കും. എന്നാല്‍ അദ്ദേഹം വാഴിക്കപ്പെടുന്നത് മലങ്കരസഭയുടെ സഹകരണത്തോടെ ആയിരിക്കണം. മലങ്കരസഭയില്‍ അദ്ദേഹം ഇടപെടുന്നത് ഭരണഘടന പ്രകാരവും കാതോലിക്കോസിന്റെ സമ്മതപ്രകാരവും ആയിരിക്കണം.
4) അന്ത്യോഖ്യാപാത്രിയര്‍ക്കീസിന് മലങ്കരസഭയില്‍ ചില പ്രത്യേകപദവികള്‍ ഉണ്ടായിരിക്കുമെന്ന് മലങ്കരസഭാ ഭരണഘടനയും ആരാധനാക്രമങ്ങളും വ്യക്തമാക്കുന്നുണ്ട്. അവ നിലനിര്‍ത്തണം.
(ക) പൌരോഹിത്യശ്രേണിയില്‍ ഒന്നാംസ്ഥാനം പാത്രിയര്‍ക്കീസിനായിരിക്കും. അദ്ദേഹത്തിന്റെ പേര് കാതോലിക്കായുടെ പേര് സ്മരിക്കുന്നിടത്ത് അതിനു മുമ്പായി ഓര്‍ക്കണം.
(ഖ) അന്ത്യോഖ്യാപാത്രിയര്‍ക്കീസിനെ പൌരസ്ത്യ കാതോലിക്കായുടെവാഴ്ചയ്ക്ക് ഔപചാരികമായി ക്ഷണിക്കണം. അദ്ദേഹം ക്ഷണം സ്വീകരിച്ച് വരുന്നപക്ഷം ശുശ്രൂഷയില്‍ മുഖ്യകാര്‍മ്മികനായിരിക്കും.
(ഗ) കാതോലിക്കായ്ക്കെതിരെ വിശ്വാസപരമായ കാര്യങ്ങളില്‍ വ്യവസ്ഥാപിതമായ മാര്‍ഗ്ഗത്തില്‍ പരാതി ഉന്നയിക്കപ്പെടുന്ന സാഹചര്യത്തില്‍ അന്വേഷണത്തിനായി നിയോഗിക്കപ്പെടുന്ന കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുവാനുള്ള അവസരം പാത്രിയര്‍ക്കീസിനാണ്.
(ഘ) മലങ്കരസഭയിലെ ഏതൊരു സംരംഭത്തിലും കാതോലിക്കായുടെ സമ്മതവും ക്ഷണവും സ്വീകരിച്ച് പങ്കെടുക്കാവുന്നതാണ്.
ഇവയെല്ലാം മലങ്കരസഭ മറ്റൊരു സഭാമേലധ്യക്ഷനും നല്‍കാത്ത പ്രത്യേക പദവികള്‍ ആണ്. അവ ഭരണഘടനാപരമായി തുടര്‍ന്നും നല്‍കുവാന്‍ മലങ്കരസഭ സന്നദ്ധമാണ്. എന്നാല്‍ വ്യവസ്ഥാപിതമല്ലാത്ത ഇടപെടലുകള്‍ സഭയ്ക്ക് അംഗീകരിക്കാനാവില്ല.
(ങ) സംയുക്തസഭയുടെ ഘടകങ്ങളായ മലങ്കരസഭയും അന്ത്യോഖ്യാസഭയും രണ്ട് സ്വതന്ത്രസഭാവിഭാഗങ്ങളാണ്. ഇവ യോജിച്ചുള്ള ഭരണസംവിധാനം കാനോനിലോ, ഭരണഘടനയിലോ ഇല്ല. അതുകൊണ്ട് ആകമാന സുറിയാനിസഭ, ആകമാന സുന്നഹദോസ്, സഭയുടെ പരമാദ്ധ്യക്ഷന്‍ തുടങ്ങിയ സ്ഥാപനങ്ങളോ, സ്ഥാനികളോ ഭരണഘടനാനുസൃതമല്ല. മലങ്കരസഭ ഇവയൊന്നും അംഗീകരിക്കുന്നില്ല.
മലങ്കര മെത്രാപ്പോലീത്താ കൂടിയായ പൌരസ്ത്യ കാതോലിക്കാ മലങ്കരസഭയുടെ പ്രധാന മേലദ്ധ്യക്ഷനാണ്. 1912-ല്‍ മലങ്കരയില്‍ കാതോലിക്കേറ്റ് സ്ഥാപിതമായതു മുതല്‍ ഇവിടെ അന്ത്യോഖ്യാപത്രിയര്‍ക്കീസിന്റെ സ്വതന്ത്രമായ ആത്മീക അധികാരപ്രയോഗം അവസാനിച്ചു. കാരണം മെത്രാന്‍ സ്ഥാനാഭിഷേകം, മൂറോന്‍ കൂദാശ തുടങ്ങി പാത്രിയര്‍ക്കീസിനുള്ള സകല ആത്മീക അധികാരങ്ങളോടും കൂടിയ കാതോലിക്കേറ്റാണ് ഇവിടെ സ്ഥാപിതമായിരിക്കുന്നത്. അങ്ങനെ എല്ലാത്തരത്തിലും മലങ്കരസഭ സ്വതന്ത്രയായി. അതിന്റെ ഭരണത്തിനോ, നിലനില്‍പ്പിനോ മറ്റേതെങ്കിലും വൈദികമേലദ്ധ്യക്ഷനെ മലങ്കരസഭയ്ക്ക് ഇപ്പോള്‍ ആശ്രയിക്കേണ്ടതില്ല. ഈ സഭ പരി. അന്ത്യോഖ്യാപാത്രിയര്‍ക്കീസിനെ അതിന്റെ സംവിധാനത്തില്‍ ഉള്‍ക്കൊള്ളുകയും അന്ത്യോഖ്യയുമായി അതിന്റെ ചരിത്രപരവും പരമ്പരാഗതവും കാനോനികവുമായ ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. അതായത് ഐക്യത്തില്‍ വരുന്ന മലങ്കരസഭ ഭരണപരമായി അതിന്റെ പൂര്‍ണ്ണസ്വാതന്ത്യ്രം നിലനിര്‍ത്തുകയും അതേസമയം അന്ത്യോഖ്യാപാത്രിയര്‍ക്കീസിന് പ്രത്യേകപദവികള്‍ തുടര്‍ന്നും നല്‍കി സഭയില്‍ ഉള്‍ക്കൊണ്ട് പോവുകയും ചെയ്യുന്ന വ്യവസ്ഥാപിത സംവിധാനം നിലവില്‍ വരുത്തുകയാണ് സഭാതര്‍ക്കത്തിന് ശരിയായ പരിഹാരം.
൩
ഓര്‍ത്തഡോക്സ് സഭ എന്ത് ചെയ്യണം?
സഭാ ഐക്യം സാദ്ധ്യമാക്കാന്‍ ഇരുവിഭാഗവും തയ്യാറെടുക്കേണ്ടതുണ്ട്. ചില ഒരുക്കങ്ങളും നടപടികളും ഇരുഭാഗങ്ങളില്‍ നിന്നും ഉണ്ടാകേണ്ടതുണ്ട്. ഓര്‍ത്തഡോക്സ് സഭ ഇക്കാര്യത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ആദ്യമെ സൂചിപ്പിക്കട്ടെ.
1) മലങ്കരസഭാ ഭരണഘടനാപ്രകാരം പരി. അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനുള്ള സ്ഥാനം, പദവികള്‍ എന്നിവ സഭാസംവിധാനത്തില്‍ നിലനിര്‍ത്തുമെന്ന ഉറപ്പ് പ്രഖ്യപിച്ചുകൊണ്ട് സഭാനേതൃത്വത്തില്‍ നിന്ന് അസന്നിഗ്ദ്ധമായ പ്രസ്താവന ഉണ്ടാകണം. കാരണം സഭയ്ക്ക് നേടേണ്ടത് വിശ്വാസസമൂഹത്തെയാണ്. പള്ളിയും വസ്തുവകകളും അല്ല.
2) ‘പൌരസ്ത്യ കാതോലിക്കായുടെ സ്ഥാനനാമം ഇന്ത്യന്‍ പാത്രിയര്‍ക്കീസ് എന്നാക്കണം’. ‘കാതോലിക്കായുടെ കീഴില്‍ രണ്ടുപാത്രിയര്‍ക്കീസുമാരെ ഉടനെ വാഴിച്ചാക്കണം’. എന്നിങ്ങനെയുള്ള നിരുത്തരവാദിത്തപരമായ പ്രസ്താവനകള്‍ സഭയുടെ നേതൃത്വനിരയില്‍ നിന്നുണ്ടാകുന്നത് നിരോധിക്കപ്പെടണം. ഇത്തരം പ്രസ്താവനകള്‍ വിഭജനം നിലനിര്‍ത്തുവാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്. ഇവയില്‍ ആദ്യത്തേത് പാത്രിയര്‍ക്കീസ് പദവി കാതോലിക്കാ സ്ഥാനത്തേക്കാള്‍ ഉയര്‍ന്നതാണെന്നും അതുകൊണ്ട് ആ സ്ഥാനം കാതോലിക്ക സ്വായത്തമാക്കി തുല്യത നേടണമെന്നും ധ്വനിപ്പിക്കുന്നു. രണ്ടാമത്തേത് പാത്രിയര്‍ക്കാ സ്ഥാനത്തെ നിന്ദിക്കുന്ന അല്പത്തരത്തില്‍ നിന്ന് ഉയരുന്നതാണെന്ന് ആര്‍ക്കും മനസ്സിലാകുന്നതാണ്. ഇവ രണ്ടും പ്രകോപനം സൃഷ്ടിക്കാനല്ലാതെ മറ്റൊന്നിനും പ്രയോജനപ്പെടുകയില്ല.
‘പാത്രിയര്‍ക്കീസ്’ എന്ന സ്ഥാനനാമം ചരിത്രപരമായ ചില പ്രത്യേകസാഹചര്യങ്ങളില്‍ സഭയില്‍ രൂപപ്പെട്ടതും അംഗീകരിക്കപ്പെട്ടതുമാണ്. അതിന് പരമാധികാരത്തിന്റെ ഭാവമോ, സൂചനയോ ഇല്ല. യരുശലേം പാത്രിയര്‍ക്കീസിന് ആ നാമം നിലനില്‍ക്കുമ്പോഴും കാനോന്‍ പ്രകാരം അദ്ദേഹം ഭരണപരമായി കേസറിയായിലെ മെത്രാപ്പോലീത്തായ്ക്ക് വിധേയനാണ്. അതില്‍ നിന്ന് പാത്രിയര്‍ക്കീസ് എന്ന സംജ്ഞ ചില സ്ഥലങ്ങളിലെ മേലദ്ധ്യക്ഷന്മാരെ ബഹുമാനസൂചകമായി സംബോധന ചെയ്യുവാന്‍ ഉപയോഗിച്ചു വരുന്ന വാക്കു മാത്രമാണെന്ന് അനുമാനിക്കാം. പൌരസ്ത്യകാതോലിക്കാ എന്നത് പൌരാണികവും കാനോനികവുമായ സ്ഥാനമാണ്. അതു നഷ്ടപ്പെടുത്തി പൌരസ്ത്യ കാതോലിക്കാ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത നാമം സ്വീകരിക്കുന്നത് ആ പദവിയെ സംബന്ധിച്ചിടത്തോളം സ്വന്തം ചരിത്രവും, സ്വത്വബോധവും നിഷേധിക്കുന്ന നടപടിയായിരിക്കും. കാതോലിക്കായുടെ കീഴില്‍ പാത്രിയര്‍ക്കീസ്മാരെ വാഴിക്കണമെന്ന നിര്‍ദ്ദേശം വിലകുറഞ്ഞ പാഷാണ്ഡചിന്തയുടെ ഉല്‍പന്നമാണ്. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ പ്രകോപനം സൃഷ്ടിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. അന്ത്യോഖ്യന്‍ അണികളെ അകറ്റുന്നതിനേ അവ സഹായിക്കൂ, അതിനാല്‍ ഇത്തരം പ്രസ്തവനകള്‍ നടത്തി സാധാരണ ജനത്തിന്റെ മനസ്സിനെ വ്രണപ്പെടുത്തുന്ന പ്രവണത പൂര്‍ണ്ണമായും അവസാനിപ്പിക്കണം.
3) മലങ്കരസഭയില്‍ മഞ്ഞപ്പത്രങ്ങള്‍ ധാരാളം ഇറക്കുന്നുണ്ട്. ഇവയില്‍ പലതും സഭയില്‍ കലഹം നിലനിര്‍ത്താന്‍ വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നവയാണെന്ന് സഭാനേതൃത്വം തിരിച്ചറിയണം. 1995-ലെ സുപ്രീംകോടതിവിധിക്കുശേഷം സഭയില്‍ സമാധാനം കൈവരാതിരിക്കാന്‍ ഈ പ്രസിദ്ധീകരണങ്ങള്‍ വഹിച്ച പങ്ക് വലുതാണ്. അതുകൊണ്ട് ഇവയെ നിയന്ത്രിക്കണം.
4) മലങ്കരസഭയില്‍ യോജിപ്പുണ്ടായാല്‍ പാത്രിയര്‍ക്കീസ് വിഭാഗത്തെ പലതിലും മേല്‍ക്കൈയുള്ള ഓര്‍ത്തഡോക്സ് സഭ ഒതുക്കിക്കളയും എന്ന അവരുടെ ഭീതി ഗൌരവമായി പരിഗണിക്കേണ്ടതാണ്. അവരുടെ സ്ഥാനമാനങ്ങളും അവസരങ്ങളും അപകടത്തിലാക്കാതെ ഐക്യം യാഥാര്‍ത്ഥ്യമാക്കുമെന്ന ബോദ്ധ്യം വളര്‍ത്തുന്നതിനുള്ള സംവേദനത്വം ഓര്‍ത്തഡോക്സ് നേതൃത്വം പ്രകടമാക്കേണ്ടതാണ്. കാരണം നഷ്ടഭീതി സൃഷ്ടിക്കുന്നതിനേക്കാള്‍ സുരക്ഷിതബോധം പ്രദാനം ചെയ്യുന്നതാണല്ലോ സാഹോദര്യവും ഐക്യവും ബലപ്പെടുത്താന്‍ കൂടുതല്‍ സഹാകമാവുക. എന്നാല്‍ പാത്രിയര്‍ക്കീസ് വിഭാഗത്തില്‍ ബോധപൂര്‍വ്വം പരാജയഭീതി സൃഷ്ടിച്ച് സഭൈക്യപ്രക്രിയയ്ക്ക് തുരങ്കം വയ്ക്കാന്‍ സഭയില്‍ ഒരു വിഭാഗം പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് പറയാതിരിക്കാന്‍ വയ്യ; ഇത് തുടരാതിരിക്കണം.
5) കോടതിവിധി നടപ്പിലാക്കുന്നത് സഭയില്‍ ഐക്യവും സമാധാനവും പുനഃസ്ഥാപിക്കണമെന്ന ലക്ഷ്യത്തോടെയാണ് എന്നത് സഭയുടെ നിലപാടായി മാറണം. കോടതിവിധി നടപ്പാക്കുന്നത് ആധിപത്യം സ്ഥാപിക്കുന്നതിനോ പിടിച്ചെടുക്കുന്നതിനോ അല്ല. മറിച്ച് നീതിയും ന്യായവും അനുസരിച്ച് ഈ സഭ ഒന്നാകുന്നതിനുള്ള ചട്ടക്കൂട് പ്രദാനം ചെയ്യുന്നതിനാണ്. വിഘടിച്ചു നില്‍ക്കുന്നവര്‍ക്ക് ഭരണഘടനാപരമായി അന്ത്യോഖ്യാപാത്രിയര്‍ക്കീസുമായുള്ള വ്യവസ്ഥാപിത ബന്ധത്തില്‍ കഴിയുവാനും സ്വന്തം പള്ളികളും പള്ളിവസ്തുക്കളും തങ്ങളുടേതാക്കി സഭാഭരണഘടന പ്രകാരം ഭരിക്കുന്നതിനുമുള്ള സ്വാതന്ത്യ്രവും അവകാശവുമാണ് കോടതിവിധി നല്‍കിയിരിക്കുന്നത്. ഈ വസ്തുത സഭയിലാകെ ശക്തമായി സംവേദനം ചെയ്യപ്പെടണം. മലങ്കരസഭ നീതിപൂര്‍വ്വകമായ ഐക്യമാണ് വിഭാവനം ചെയ്യുന്നത് എന്നും സഭാവിഭജനത്തിന് കൂട്ടുനില്‍ക്കാന്‍ തയ്യാറല്ല എന്നും ഉറപ്പായി പ്രഖ്യാപിക്കണം.
൪
'യാക്കോബായക്കാര്‍' ചെയ്യേണ്ടത്
യാക്കോബായ വിഭാഗത്തിന്റെ നിലപാടിലും സമീപനത്തിലും വ്യത്യാസം വന്നാല്‍ മാത്രമേ സഭൈക്യം സാദ്ധ്യമാകൂ. അതുകൊണ്ട് അവര്‍ സ്വീകരിക്കേണ്ട മനോഭാവത്തെക്കുറിച്ചും നടപടികളെക്കുറിച്ചും ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
അടുത്തയിട യാക്കോബായ സുറിയാനിസഭയുടെ നേതൃനിരയിലുള്ള ഒരു വ്യക്തിയുമായി സംസാരിച്ചപ്പോള്‍ സഭയില്‍ ഭിന്നത അവസാനിപ്പിച്ച് യോജിക്കുന്നതിനെപ്പറ്റി അദ്ദേഹത്തിന്റെ അഭിപ്രായമാരാഞ്ഞു. സഭൈക്യത്തിന് അദ്ദേഹത്തിന്റെ വിഭാഗത്തിന് താല്പര്യമില്ല എന്ന മറുപടിയാണ് ഉണ്ടായത്. അതിനു കാരണമായി അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്:
1. യാക്കോബായ വിഭാഗത്തിന് ഇപ്പോള്‍ ഭരണഘടനയും സഭാകേന്ദ്രവും ആവശ്യത്തിന് മെത്രാന്മാരടക്കമുള്ള ഭരണസംവിധാനവുമുണ്ട്. സഭ സ്വയം പര്യാപ്തമായ സാഹചര്യത്തില്‍ സഭായോജിപ്പിന്റെ ആവശ്യം അനുഭവപ്പെടുന്നില്ല.
2. ദീര്‍ഘനാളത്തെ സഭയിലെ കലഹം കൊണ്ട് ഐക്യത്തിന് പറ്റിയ മാനസികാവസ്ഥയും ഇന്നില്ല. ഈ രണ്ടുകാരണം കൊണ്ട് സഭാഐക്യത്തെപ്പറ്റിയുള്ള ചിന്തയ്ക്ക് പ്രസക്തി നഷ്ടപ്പെട്ടു.
അദ്ദേഹം പറഞ്ഞതിന്റെ അര്‍ത്ഥം തങ്ങള്‍ക്ക് സ്വന്തമായ നിലനില്‍പ്പുള്ളതുകൊണ്ട് യോജിക്കേണ്ട കാര്യമില്ല എന്നുള്ളതാണ്. അതായത് സഭാഐക്യ പ്രക്രിയയ്ക്ക് പ്രസ്ക്തിയുണ്ടാകുന്നത് സ്വന്തം നിലനില്‍പ് അപകടത്തിലാകുന്ന സാഹചര്യത്തില്‍ മാത്രമാണ്. സത്യത്തില്‍ സഭ യോജിക്കുന്നതിനുള്ള അനുകൂലഘടകങ്ങളാണ് സ്വന്തം നിലനില്‍പിനെപറ്റിയുള്ള ബോദ്ധ്യവും ഉറപ്പും. അല്ലെങ്കില്‍ യോജിപ്പ് സമ്മര്‍ദ്ദത്തിന് വിധേയമായി നടക്കുന്ന കാര്യമാവും. അങ്ങനെ വന്നാല്‍ അത് ശാശ്വതമാകാനും ഇടയില്ല. 1958-ലെ യോജിപ്പ് അത്തരത്തിലുള്ള ഒന്നായിരുന്നു. അതുവരെ ഐക്യത്തിന് തടസ്സം നിന്നിരുന്ന പാത്രിയര്‍ക്കീസ് വിഭാഗം 1958-ലെ സുപ്രീംകോടതി വിധി പ്രതികൂലമായതോടെ യോജിപ്പിന് തയ്യാറായി. ജയിച്ചവര്‍ക്ക് ഔദ്ധത്യവും തോറ്റവര്‍ക്ക് അപകര്‍ഷതാബോധവും ഉണ്ടാവുക സാധാരണമാണ്. സഭയില്‍ പിന്നീട് പിളര്‍പ്പുണ്ടായതിന്റെ ഒരു കാരണമതാണ്. അതുകൊണ്ട് സ്വന്തം നില അപകടത്തിലാകുമ്പോള്‍ മാത്രംഉണ്ടാകുന്ന ഐക്യം ശാശ്വതമാകാന്‍ ഇടയില്ല. യാക്കോബായ ക്രിസ്ത്യാനിസഭയ്ക്ക് തനിയെ നില്‍ക്കാനുള്ള കരുത്തില്‍ സ്വയം ബോദ്ധ്യമുണ്ട് എങ്കില്‍ യോജിക്കാനുള്ള നിലയില്‍ അവര്‍ എത്തിയിട്ടുണ്ട് എന്നാണ് വിലയിരുത്തേണ്ടത്. അപകര്‍ഷതാബോധം കൂടാതെ ആത്മവിശ്വാസത്തോടുകൂടി യോജിക്കാനുള്ള അവസരം 1995-ലെ കോടതിവിധി നല്‍കിയിരിക്കുന്നത് ഉപയോഗപ്പെടുത്തുകയാണ് വിവേകം.
രണ്ടാമതായി സ്വയം നിലനില്‍ക്കാനുള്ള കരുത്തും പശ്ചാത്തല സാഹചര്യവും കൈവന്നു എന്നതുകൊണ്ട് ഐക്യം ആവശ്യമില്ല എന്ന് പറയാനാവില്ല. സഭയില്‍ ഐക്യമുണ്ടാകേണ്ടത് നേതാക്കന്മാരുടെ ആവശ്യമല്ല. അവര്‍ക്കാവശ്യം അവരുടെ ഇഷ്ടപ്രകാരം ഭരിക്കപ്പെടുവാന്‍ എന്നും ഒരു സഭ ഉണ്ടായിരിക്കണം എന്നുള്ളതാണ്. എന്നാല്‍ സഭ യോജിക്കണമെന്നത് സഭയുടെ ആവശ്യമാണ്. അതിനു ഭിന്നിച്ചും വിഭജിച്ചും നില്‍ക്കാനാവില്ല. കാരണം സഭയുടെ വിളി സകല സൃഷ്ടിയേയും ക്രസ്തുവില്‍ ഏകമാക്കി രക്ഷാസാന്നിദ്ധ്യവും മാധ്യമവുമായി വര്‍ത്തിക്കുക എന്നുള്ളതാണ്. ഭിന്നിച്ചു നില്‍ക്കുന്ന സഭയ്ക്ക് അതിന്റെ വിളിയോട് വിശ്വസ്തത പുലര്‍ത്താനാവില്ല. അത് ഒരു സ്നേഹകൂട്ടായ്മയായി സകലത്തേയും ഐക്യത്തിലേക്കും അനുരഞ്ജനത്തിലേയ്ക്കും നയിക്കുന്ന ക്രിസ്തു സാന്നിദ്ധ്യവും ക്രസ്തുശരീരവുമാണ്. ഐക്യം തകര്‍ന്ന് വിഭക്തമായ സഭയ്ക്ക് ഈ വിളി എങ്ങനെ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. വിളിയോട് പ്രതിബദ്ധതയും സ്വത്വബോധവുമുള്ള സഭാനേതൃത്വത്തിന് യോജിക്കേണ്ട ആവശ്യമില്ല എന്ന് പറയാനാവില്ല. വിഭജിതമായ സഭയ്ക്ക് ജീവനും, സാക്ഷ്യവും ഇല്ല. ഇരുവിഭാഗത്തിലുമുള്ള പല സഭാനേതാക്കന്മാര്‍ക്കും ഇക്കാര്യം മനസ്സിലാകാറില്ല. അതുകൊണ്ട് സഭാഐക്യ സാദ്ധ്യത അല്പമെങ്കിലും തുറന്നു കിട്ടുമ്പോള്‍ അത് തകര്‍ക്കുവാനുള്ള കാര്യപരിപാടികളുമായി ഇരുവിഭാഗത്തിലേയും ക്ളിക്കുകള്‍ പരസ്പരം സഹകരിച്ച് സജീവമാകുന്നത് കാണുന്നു. ഈ വസ്തുത വിശ്വാസികള്‍ തിരിച്ചറിയണം. ഇക്കൂട്ടര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുകയും വേണം.
അതുകൊണ്ട് സഭയുടെ അടിസ്ഥാന താല്പര്യത്തെ നേതാക്കന്മാരുടെ താല്‍പര്യത്തില്‍ നിന്ന് വേര്‍തിരിച്ചു കാണുവാന്‍ സാധിക്കണം. സ്വയം നിലനില്‍പ്പുണ്ട് എന്നു പറഞ്ഞ് തെറ്റായ സുരക്ഷിതത്വബോധം സൃഷ്ടിച്ചും യോജിച്ചാല്‍ അപകടമാണെന്ന് പറഞ്ഞ് വിശ്വാസികളില്‍ ഭീതി ജനിപ്പിച്ചുമാണ് നേതാക്കന്മാര്‍ കാര്യം നേടുന്നത്. പള്ളിയുടെ സ്വതന്ത്ര്യം നഷ്ടപ്പെടും, പാത്രിയര്‍ക്കീസ് ബാവായെ പുറത്തുനിറുത്തും, വടക്കരെ അവഗണിക്കും, തെക്കന്‍ ആധിപത്യം വരും-ഈ തരത്തിലുള്ള ഭയാശങ്കകള്‍ സഭാംഗങ്ങളുടെ ഇടയില്‍ പ്രചരിപ്പിച്ച് അവര്‍ക്ക് സഭായോജിപ്പിനെപ്പറ്റി ഭീതി സൃഷ്ടിക്കുകയാണ് ഇക്കൂട്ടരുടെ തന്ത്രം. ഇതില്‍ കുറെ വിജയിച്ചിട്ടുമുണ്ട്. (സമാനമായ തന്ത്രങ്ങള്‍ മറുവശത്തുള്ളവരും മെനയുന്നുണ്ട്). സഭാഭരണഘടനയും കോടതിവിധിയും ഇടവകയ്ക്കും ജനങ്ങള്‍ക്കും സംരക്ഷണമാണ് നല്‍കുന്നത് എന്ന സത്യം ജനങ്ങള്‍ തിരിച്ചറിയണം. പള്ളികളുടെ പ്രാതിനിധ്യം ജനസംഖ്യാനുപാതികമായി വര്‍ദ്ധിപ്പിച്ചതോടെ സഭാസമിതികളില്‍ ന്യായമായ പങ്കാളിത്തം ഉറപ്പാവുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരം ഭയപ്പെടുത്തല്‍ വെറും തട്ടിപ്പായി തിരിച്ചറിയാന്‍ സഭാംഗങ്ങള്‍ക്ക് സാധിക്കേണ്ടതുണ്ട്. വടക്കന്‍ സ്വത്വബോധസൃഷ്ടിയും ജനത്തെ സംഘടിപ്പിച്ചു നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. അതുകൊണ്ട് പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ നേതൃത്വം അനുവര്‍ത്തിച്ച് വരുന്ന നിഷേധാത്മക സമീപനങ്ങളില്‍ നിന്ന് പിന്മാറി ഐക്യത്തിനനുകൂലമായ നിലപാട് സ്വീകരിക്കേണ്ടതാണ്. പഴയ കാതോലിക്കാ കക്ഷിക്കാര്‍ക്കും അവരുടേതായ ഭയപ്പാടുകള്‍ സഭായോജിപ്പ് സംബന്ധിച്ചുണ്ട് എന്ന് വിസ്മരിച്ചുകൊണ്ടല്ല ഞാനിതു് പറയുന്നത്.
ഒരു ഭരണഘടന ഉണ്ടായതു്കൊണ്ടു് മാത്രം പാത്രിയര്‍ക്കീസ് വിഭാഗത്തിന് ഭാവിയില്‍ ഉണ്ടാകുന്ന പ്രതിസന്ധി ഒഴിവാക്കാനാവില്ല. ഭാവിയില്‍ ഉണ്ടാകാനിടയുള്ള പ്രത്യേക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പറ്റുന്ന വകുപ്പുകളോടു കൂടിയ ഭരണഘടന ഉണ്ടായാല്‍ മാത്രമേ ഭരണഘടനകൊണ്ടുള്ള പ്രയോജനം ലഭിക്കൂ. എന്നാല്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ 2002-ലെ ഭരണഘടന ഇത്തരത്തിലുള്ളതല്ല എന്ന് അതൊന്ന് ഓടിച്ചു വായിച്ചാല്‍ത്തന്നെ വ്യക്തമാകും.
1. അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്റെ മലങ്കരസഭയിലെ ഇടപെടല്‍ സംബന്ധിച്ച് വ്യവസ്ഥാപിത നിര്‍ദ്ദേശങ്ങള്‍ ഒന്നും ഭരണഘടനയിലില്ല. മലങ്കരസഭയില്‍ രണ്ട് നൂറ്റാണ്ടായി സൃഷ്ടിക്കപ്പെട്ട വഴക്കുകളുടെ ഒരു പ്രധാന കാരണം അന്ത്യോഖ്യാ പാത്രിയര്‍ക്കീസുമാരുടെ നിരുപാധികവും മാനദണ്ഡരഹിതവുമായ മലങ്കരയിലെ ഇടപെടലുകളാണ്. യാക്കോബായ സഭയില്‍ ഉപാധികള്‍ കൂടാതെ ഇടപെടാനുള്ള സ്വാതന്ത്യം നിലനില്‍ക്കുന്നിടത്തോളം കാലം അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഉണ്ടായിക്കൊണ്ടിരിക്കും. ഇവിടെ നിന്ന് ഇടപെടുത്തിക്കൊണ്ടുമിരിക്കും. അതുകൊണ്ട് ആ സഭയില്‍ പിളര്‍പ്പ് ഭാവിയില്‍ ഉറപ്പാണ്. 1934-ലെ ഭരണഘടനയ്ക്ക് എന്തെല്ലാം ന്യൂനതകള്‍ ഉണ്ടായാലും അത് പാത്രിയര്‍ക്കീസിന്റെ സ്ഥാനം മാനിച്ചുകൊണ്ട് അദ്ദേഹത്തിന് നല്‍കിയിരിക്കുന്ന പദവികളും സ്ഥാനങ്ങളും വ്യവസ്ഥാപിതമാക്കിയിരിക്കുന്നതുവഴി നിരുപാധിക ഇടപെടലുകള്‍ തടഞ്ഞ് മലങ്കരസഭയ്ക്ക് ആഭ്യന്തര പരിരക്ഷയാണ് നല്‍കിയിരിക്കുന്നത്.
2. ഇടവകമെത്രാപ്പോലീത്തായ്ക്ക് ഒരു ഇടവകയിലെ അവകാശസ്വാതന്ത്യങ്ങള്‍ സംബന്ധിച്ച് പുതിയ ഭരണഘടനയില്‍ അവ്യക്തത നിലനില്‍ക്കുന്നു. ഈ ബന്ധം വ്യക്തമായി നിര്‍വ്വചിക്കപ്പെടാത്തിടത്തോളം കാലം ഭദ്രാസന-ഇടവകബന്ധം എന്നും പ്രശ്നകലുഷിതമായിരിക്കും. കക്ഷിവഴക്കില്‍ ഇടവകകളെ മലങ്കരസഭയ്ക്കെതിരെ സംഘടിപ്പിച്ച് സ്വതന്ത്രമാക്കാനുള്ള പ്രവര്‍ത്തനത്തിന്റെ പരിണതഫലം തടയുവാന്‍ ഈ ഭരണഘടന സഹായകമല്ല.
പാത്രിയര്‍ക്കീസിന്റെ ഭരണത്തിലുള്ള സഭയിലെ അടിസ്ഥാന പ്രശ്നങ്ങള്‍ നേരിടാന്‍ അപര്യാപ്തമായ പുതിയ ഭരണഘടന യാക്കോബായ സുറിയാനിക്രിസ്ത്യാനി സഭയെ കെട്ടുറപ്പുള്ള ഒരു പ്രസ്ഥാനമാക്കാന്‍ സഹായിക്കുമെന്ന് കരുതേണ്ടതില്ല. അതായത് കേരളത്തില്‍ ഓരോ കാലത്തും പാത്രിയര്‍ക്കീസിന്റെ മേല്‍ക്കോയ്മ അംഗീകരിച്ചിരുന്ന സഭയുടെ പ്രശ്നങ്ങള്‍ നേരിടുന്നതിനോ പരിഹാരം കാണുന്നതിനോ വേണ്ടത്ര ശ്രദ്ധകാണിക്കാത്ത യാക്കോബായ സഭാഭരണഘടന പ്രതീക്ഷിക്കുന്ന രീതിയില്‍ സഭയുടെ പിളര്‍പ്പ് ഒഴിവാക്കാനോ ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കാനോ സഭയ്ക്ക് കെട്ടുറപ്പുണ്ടാക്കാനോ അപര്യാപ്തമാണ്.
സുപ്രീംകോടതിയുടെ 1995-ലെ വിധി സംബന്ധിച്ച വിശദീകരണങ്ങളെല്ലാം വന്നുകഴിഞ്ഞ സാഹചര്യത്തില്‍ പള്ളികള്‍ അടുത്തപടിയായി-വിധി നടത്തിപ്പിന്റെ ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. നിയമപ്രകാരം യാക്കോബായക്രിസ്ത്യാനിസഭ മലങ്കരസഭയുടെ പള്ളികള്‍ അനധികൃതമായി കൈവശം വച്ചിരിക്കുകയാണ്. അത് വീണ്ടെടുക്കുന്ന പ്രക്രിയയാണ് ആരംഭിച്ചു കഴിഞ്ഞിരിക്കുന്നത്. ഈ പള്ളികളില്‍ ന്യൂനപക്ഷഭൂരിപക്ഷ വിഷയങ്ങളൊന്നും കോടതിവിധി വന്ന പശ്ചാത്തലത്തില്‍ പരിഗണിക്കപ്പെടുന്നില്ല. യഥാര്‍ത്ഥ അവകാശം കോടതിവിധി പ്രകാരം ലഭിച്ചിട്ടുള്ളവര്‍ക്ക് വിട്ടു കൊടുക്കേണ്ടതായി വരും. ഇത് വീണ്ടും യാക്കോബായക്രിസ്ത്യാനി സഭയ്ക്കുള്ളില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നുറപ്പാണ്. അതായത് നിയമം ലംഘിച്ച് അവര്‍ കൈവശപ്പെടുത്തിയിരിക്കുന്ന പള്ളി-സ്ഥാപനങ്ങളില്‍ നിയമപരമായി അവകാശങ്ങള്‍ നടപ്പിലാക്കുമ്പോള്‍ സഭൈക്യത്തിന് നിര്‍ബന്ധിതമാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. ഇതൊഴിവാക്കി അതിനു മുമ്പേ ഐക്യ ശ്രമത്തോട് സഹകരിക്കുകയാവും വിവേകം. കോടതിവിധി പ്രാബല്യത്തില്‍ വരുമ്പോള്‍ എന്തു നടക്കും എന്നതിന്റെ സൂചനയാണ് കത്തിപ്പാറയിലും കണ്യാട്ടു നിരപ്പിലും ഉണ്ടായത്.
കക്ഷിതലത്തില്‍ നിലനിന്നിരുന്ന അകല്‍ച്ച യോജിപ്പിന് തടസ്സമാണെന്നുള്ള വാദവും വിശകലന വിധേയമാക്കാവുന്നതാണ്. സഭയില്‍ അധികാരം കയ്യാളിയിരുന്നവര്‍ തമ്മില്‍ നിലനിന്നിരുന്ന വൈരാഗ്യവും വിദ്വേഷവുമാണ് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവായുടെ ഇടപെടല്‍ വഴി ഈ സഭയെ രണ്ടാക്കിയത്. അന്ന് പിളര്‍പ്പിന് നേതൃത്വം കൊടുത്തവരുടെ സ്വകാര്യ വാശിയും വൈരാഗ്യവും ഈ സഭയിലെ ഇരുവിഭാഗങ്ങള്‍ മുഴുവനും ഉള്‍ക്കൊണ്ടും സ്വാംശീകരിച്ചും സമൂഹത്തിന്റെ വികാരങ്ങളായി മാറി. വ്യക്തിവിദ്വേഷം കക്ഷിവിരോധമാക്കി മാറ്റുന്നതില്‍ ഈ കുതന്ത്രക്കാര്‍ വിജയിച്ചു. അന്നുമുതല്‍ ആരംഭിച്ച കക്ഷിവൈരാഗ്യം ഇന്നും തുടരുന്നു എന്നത് ശരിയാണ്. എന്നാല്‍ സമാധാനം കൈവരുന്ന സമയം തന്നെ അത് മഞ്ഞുപോലെ ഉരുകി മാറും എന്നത് 1958-ല്‍ പോലും നാം കണ്ടതാണ്. യഥാര്‍ത്ഥത്തില്‍ സഭാംഗങ്ങള്‍ തമ്മില്‍ വിദ്വേഷവും വാശിയുമൊന്നുമല്ല. എന്നാല്‍ കൃത്രിമമായി ഇതുണ്ടാക്കാനും, കൂട്ടാനും കുറയ്ക്കാനും നേതൃത്വത്തിന് സാധിക്കും എന്നത് തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണല്ലോ. അതുകൊണ്ട് കക്ഷി അടിസ്ഥാനത്തില്‍ ഭിന്നിച്ചു നില്‍ക്കുന്ന ഇന്നത്തെ അവസ്ഥ സഭാഐക്യത്തിന് തടസ്സമാവാതെ മാറ്റിയെടുക്കാന്‍ കഴിയും.
യാക്കോബായ സുറിയാനിക്രിസ്ത്യാനിസഭ എന്ന പേരില്‍ 2002-ല്‍ ആവിര്‍ഭവിച്ച സഭ, പഴയ പാത്രിയര്‍ക്കീസ് കക്ഷി അഥവാ മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പിന്തുടര്‍ച്ചയാണ് എന്ന മട്ടിലാണ് നേതാക്കന്മാര്‍ സംസാരിക്കുന്നത്. 1975-ല്‍ വീണ്ടും ഭിന്നിച്ച സഭയിലെ മലങ്കരസുറിയാനി ഓര്‍ത്തഡോക്സ് അംഗങ്ങളാണ് പുതിയ സഭയുടെ അനുയായികള്‍ എന്നത് ശരിയുമാണ്. എന്നാല്‍ 2002-ല്‍ വളരെ സ്ഥായിയായ വ്യത്യാസത്തോടെ പുതിയ സഭ രൂപം കൊണ്ടപ്പോള്‍ പഴയ സഭയും അതിന്റെ അടിസ്ഥാന താല്പര്യങ്ങളും കുഴിച്ചുമൂടപ്പെട്ടു എന്ന് എല്ലാവരും അറിയേണ്ട യാഥാര്‍ത്ഥ്യമാണ്. ഈ കാര്യം ഐക്യപ്രക്രിയയുമായി ബന്ധപ്പെട്ട കാര്യമായതുകൊണ്ട് യാക്കോബായ സഭാംഗങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
1. പുതുതായി രൂപം കൊണ്ട സഭയില്‍ ‘മലങ്കര’ എന്ന പദം പൂര്‍ണ്ണമായി അപ്രത്യക്ഷമായി. കേരളത്തിലെ മാര്‍ത്തോമാക്രിസ്ത്യാനികളെ സൂചിപ്പിക്കുവാന്‍ കാലങ്ങളായി ഉപയോഗിച്ചു വരുന്ന പദമാണിത്. ഈ സഭയുടെ പ്രാദേശിക തനിമ വ്യക്തിഗതത്വം, വ്യതിരക്തത, സ്വത്വബോധം, ചരിത്രപരത ഇവയെല്ലാമാണ് ഇത് സൂചിപ്പിക്കുന്നത്. ഈ പദം പുതിയ സഭയുടെ പേരില്‍ നിന്ന് തിരോഭവിച്ചതോടെ അതിന്റെ സ്ഥായിയായ സവിശേഷതയാണ് നഷ്ടപ്പെടുത്തിയത്. അങ്ങനെ അതിന്റെ തദ്ദേശീയ പൈതൃകവും സ്വത്വബോധവും നഷ്ടപ്പെടുത്തി മറ്റൊന്നിന്റെ ഭാഗമാക്കിത്തീര്‍ത്താണ് അതിന്റെ രൂപീകരണം നടന്നത്. ശക്തമായ ശ്രേണീ നിബദ്ധത നിലനില്‍ക്കുന്നുവെന്ന് വ്യവഹരിക്കപ്പടുന്ന കത്തോലിക്കാസഭയുമായി മാര്‍ഈവാനിയോസ് തിരുമേനി ഐക്യപ്പെട്ടപ്പോള്‍ പോലും മലങ്കര പൈതൃകം ഉപേക്ഷിക്കാന്‍ തയ്യാറായില്ല. ‘മലങ്കരകത്തോലിക്കാസഭ’ എന്നാണ് അവരുടെ സഭാകൂട്ടായ്മയ്ക്ക് പേരിട്ടത്. സ്വന്തം സഭാസമൂഹത്തിന്റെ വ്യക്തിത്വം നഷ്ടപ്പെടുത്തിയല്ല പ്രത്യുത റോമന്‍ കത്തോലിക്കാസഭപോലെ മാര്‍പ്പാപ്പായെ അംഗീകരിക്കുന്ന വ്യക്തിഗതത്വമുള്ള മറ്റൊരു പൂര്‍ണ്ണ സഭയായിട്ടാണ് ഈ കൊച്ചു സഭാസമൂഹം സ്വയം മനസ്സിലാക്കുന്നത്. സാര്‍വ്വത്രികത്വം വളരെ ഊന്നിപ്പറയുന്ന കത്തോലിക്കാസഭപോലും പ്രാദേശിക സ്വത്വബോധത്തിനും പാരമ്പര്യസഭാരൂപങ്ങള്‍ക്കും തങ്ങളുടെ സംവിധാനത്തില്‍ ഇടംകൊടുക്കുമ്പോള്‍ നൂറ്റാണ്ടുകളായി തങ്ങളുടെ സഭാജീവിതത്തിന്റെയും ചരിത്രത്തിന്റേയും അവിഭാജ്യഘടകമായ ‘മലങ്കരത്വം’ പാമ്പ് പടംപൊഴിക്കുന്ന ലാഘവത്തില്‍ പാത്രിയര്‍ക്കാ ഭക്തര്‍ തിരസ്കരിച്ചതിന് എന്ത് ന്യായീകരണമാണ് ഉള്ളത്? ഇത് മനഃപൂര്‍വ്വം ചെയ്തതാണെന്ന് വിശ്വാസികള്‍ തിരിച്ചറിയേണ്ടതാണ്.
രണ്ടാമതായി പേരില്‍ നഷ്ടപ്പെടുത്തിയ മറ്റൊരു പദം കിഴക്കന്‍ സഭകളുടെ പൊതുനാമമായ ‘ഓര്‍ത്തഡോക്സ്’ എന്ന വാക്കാണ്. ഓര്‍ത്തഡോക്സ് എന്ന പദം ഋജുവായത്, സത്യവചനം പ്രഘോഷിക്കുന്നത്, ചൊവ്വായ വിശ്വാസമുള്ളത് എന്നൊക്കെ അര്‍ത്ഥമാക്കുന്നു. എല്ലാ പൌരസ്ത്യസഭകളും ഈ പദം തങ്ങളുടെ പേരിനോട് ചേര്‍ത്ത് ഉപയോഗിക്കുന്നു. പാശ്ചാത്യ സഭയില്‍ നിന്ന് വ്യത്യസ്തമായ പാരമ്പര്യം, ദൈവശാസ്ത്രം, ആരാധന, സംസ്കൃതി ഇവയെല്ലാമാണ് ഇതുകൊണ്ട് സൂചിപ്പിക്കപ്പെടുന്നത്. അതുപേക്ഷിക്കുകവഴി ഓര്‍ത്തഡോക്സ് സഭയുടെ പൊതു പാരമ്പര്യത്തോടും പൈതൃകത്തോടുമാണ് അവര്‍ വിടപറഞ്ഞിരിക്കുന്നത്. ഓര്‍ത്തഡോക്സ് എന്ന പദം വെട്ടിക്കല്‍ സെമിനാരിയുടെ ബോര്‍ഡിലും കെ.സി.സി.യുടെ രജിസ്ററിലും കോട്ടയം ഭദ്രാസന മാസികയിലും അവശേഷിക്കുന്നത് ഈ വിഷയം സംബന്ധിച്ച് ഒരു പുനര്‍വിചിന്തനത്തിന് സാധ്യത നല്‍കുന്നു. എന്തായാലും മലങ്കരയോടൊപ്പം ഓര്‍ത്തഡോക്സ് എന്ന പദവും ഉപേക്ഷിച്ചത് ആ സഭയുടെ നിലപാടും ചിന്തയുമാണ് സൂചിപ്പിക്കുന്നത്.
1975-ല്‍ സഭ പിളര്‍ന്നപ്പോള്‍ നിലവില്‍ വന്ന പാത്രിയര്‍ക്കീസ് വിഭാഗം അതിന്റെ പേരില്‍ മലങ്കരയും ഓര്‍ത്തഡോക്സും നിലനിര്‍ത്തി ഈ പൌരാണിക സഭയുടെ പൈതൃകവും പിന്തുടര്‍ച്ചയും സ്വയം കണ്ടെത്തി എങ്കില്‍ പുതിയ സഭയുടെ നേതാക്കന്മാര്‍ അവ രണ്ടും ഉപേക്ഷിച്ചു എന്നത് സാധാരണ വിശ്വാസികള്‍ തിരിച്ചറിയേണ്ടതാണ്. 1912-ല്‍ ഇന്ത്യയില്‍ നിലവില്‍ വന്ന പൌരസ്ത്യ കാതോലിക്കേറ്റിലാണ് പരി. യാക്കോബ് തൃതീയന്‍ ബാവ, പരി. ഔഗേന്‍ പ്രഥമന്‍ ബാവായെ വാഴിച്ചതും, അദ്ദേഹത്തിന്റെ പിന്‍ഗാമിയായി അഭി. പൌലോസ് പീലക്സിനോസ് തിരുമേനിയെ കാതോലിക്കയായി വാഴിച്ചതും. പൌലോസ് ദ്വിതീയന്‍ ബാവ പൌരസ്ത്യ കാതോലിക്കാ എന്ന പേരിലാണ് വാഴിക്കപ്പെട്ടതും അറിയപ്പെട്ടതും. ആ സ്ഥാനത്തിന്റെ നിയമപരമായ സാധൂകരണം നേടിയെടുക്കുന്നതിനാണ് വ്യവഹാരങ്ങള്‍ നടത്തിയത്. യഥാര്‍ത്ഥ പൌരസ്ത്യ കാതോലിക്കാ ആരെന്ന തര്‍ക്കമായിരുന്നല്ലോ അന്ന് നിലവിലിരുന്നതും. അദ്ദേഹത്തിന്റെ വാദം കോടതി അംഗീകരിച്ചിരുന്നെങ്കില്‍ അദ്ദേഹം നിയമപരമായി പൌരസ്ത്യ കാതോലിക്കയായി അറിയപ്പെടുമായിരുന്നു. 1981-ല്‍ ദമസ്കോസില്‍ സുന്നഹദോസ് കൂടി പൌരസ്ത്യ കാതോലിക്കേറ്റിന്റെ അധികാരാവകാശങ്ങള്‍ വെട്ടിക്കുറച്ചപ്പോള്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനെതിരെ വ്യവഹാരം നടത്തിച്ചതും അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു എന്നതും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതായത് 1995 വരെ പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ കാതോലിക്ക അവകാശപ്പെട്ടിരുന്നത് പൌരസ്ത്യ കാതോലിക്കേറ്റ് ആയിരുന്നു. എന്നാല്‍ ഇന്നത്തെ ശ്രേഷ്ഠ കാതോലിക്കാബാവ തിരുമേനിയുടെ നിയമന കല്പനപ്രകാരം അദ്ദേഹം യാക്കോബായ ക്രിസ്ത്യന്‍ അസ്സോസിയേഷന്റെ കാതോലിക്കയാണ്. പൌരസ്ത്യ കാതോലിക്കയല്ല. സഭയുടെ നില മാത്രമല്ല, അതിന്റെ അദ്ധ്യക്ഷന്റെ സ്ഥാനവും പഴയതില്‍ നിന്നും താഴെപ്പോയി. കാനോനിക കാതോലിക്കേറ്റിന്റെ നാമം, അധികാരം, അവകാശം, സ്വതന്ത്ര നിലനില്‍പ് ഇവയൊന്നും ശ്രേഷ്ഠബാവായുടെ കാതോലിക്കേറ്റിനില്ല. ‘മേജര്‍ ആര്‍ച്ച്ബിഷപ്രിക്’ ആയി ഉയര്‍ത്തപ്പെട്ട മലങ്കര കത്തോലിക്കാസഭ സ്വയം കാതോലിക്കേറ്റായി പ്രഖ്യാപിച്ച് കാതോലിക്കായുടെ പേരിനോട് കൂടെ ‘മോറാന്‍ മോര്‍’ ചേര്‍ത്ത് കാതോലിക്കായുടെ അവകാശ അധികാര സ്വാതന്ത്യ്രങ്ങള്‍ ഉറപ്പിക്കുമ്പോള്‍ യാക്കോബായ ക്രിസ്ത്യാനിസഭ പൌരസ്ത്യ കാതോലിക്കേറ്റിന്റെ അധികാര സ്വാതന്ത്യ്രങ്ങള്‍ സ്വയം നഷ്ടപ്പെടുത്തി കാതോലിക്കേറ്റിന്റെ വെറും വിളറിയ അനുകരണപ്പതിപ്പായി തീര്‍ന്നു. അതുകൊണ്ട് പഴയ പാത്രിയര്‍ക്കീസ് കക്ഷി ഇന്ന് നിലവിലില്ല. അതിന്റെ നിലപാട് പുതിയ സഭയില്‍ പ്രതിഫലിക്കുന്നുമില്ല. സാഹചര്യം വിലയിരുത്തുമ്പോള്‍ ഈ സഭയുടെ സ്വാതന്ത്യ്രവും വ്യക്തിത്വവും വീണ്ടെടുക്കുന്നതിന് ഒരു സ്വയം തിരുത്തല്‍ സാദ്ധ്യമാണ് എന്ന് തോന്നുന്നില്ല. അത് ഇനി സഭാഐക്യത്തിലൂടെ മാത്രമേ സാധിക്കൂ എന്ന് മനസ്സിലാക്കേണ്ടതാണ്.
ഇനിയും ചില കാര്യങ്ങള്‍ ശ്രേഷ്ഠബാവായുടെ കൂടെയുള്ളവര്‍ ചിന്തിക്കണം. അവിടെയുള്ള നേതാക്കന്മാര്‍ പറയുന്നത് ഇതൊരു പ്രത്യേക സഭയല്ല, ഇന്‍ഡ്യയിലുള്ള അന്ത്യോഖ്യന്‍ സഭയാണ് എന്നാണ്. വ്യക്തിഗതത്വവും പ്രാദേശികത്വവും നഷ്ടപ്പെടുത്തിയെങ്കിലും അതുവഴി സാര്‍വ്വത്രികതയും ഐക്യവും നേടി എന്ന് ചിന്തിക്കാവുന്നതാണ്. എന്നാല്‍ അതും നേടിയില്ല എന്നുള്ളതാണ് വസ്തുത. വ്യക്തിത്വവും സ്വാതന്ത്യ്രവും നഷ്ടപ്പെടുത്തിയവര്‍ ഇന്ന് സാര്‍വ്വത്രിക പങ്കാളിത്തത്തില്‍ വിവേചനവും അപമാനവും അനുഭവിച്ചു വരികയാണ്. ശീമക്കാര്‍ ഇന്ത്യാക്കാരുടെ കടുത്ത ഐക്യാഭിലാഷവും സാര്‍വ്വത്രികബന്ധത്തിനുള്ള അഭിനിവേശവും വേണ്ടവിധം പരിഗണിക്കുന്നതായി തോന്നുന്നില്ല. ഏതായാലും ഈ തിരിച്ചറിവ് യാക്കോബായക്രിസ്ത്യാനികള്‍ക്ക് ഉണ്ടായാല്‍ ഐക്യശ്രമത്തിന് ആക്കം കൂട്ടാവുന്ന ഘടകമായി തീരാവുന്നതാണ്. ആത്മാഭിമാനം പുനരാര്‍ജ്ജിക്കുകയാണ് അതിനാവശ്യം. ഈ വിവേചനം പ്രകടമാകുന്ന ചില മേഖലകള്‍ ചൂണ്ടിക്കാണിക്കട്ടെ.
1. പരി. അന്ത്യോഖ്യാപാത്രിയര്‍ക്കീസ് ബാവായുടെ നേരിട്ടുള്ള ഭരണത്തിലുള്ള ഇന്ത്യന്‍ വംശജരുടെ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്താമാര്‍ ന്യായമായും അന്ത്യോഖ്യന്‍ സുന്നഹദോസിലെ അംഗങ്ങളായിരിക്കേണ്ടതാണ്. എന്നാല്‍ അവര്‍ അവിടത്തെ സുന്നഹദോസിന് പുറത്താണ്. അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത, സിംഹാസന പള്ളികളിലെ മെത്രാപ്പോലീത്താമാര്‍, പൌരസ്ത്യ സുവിശേഷസമാജ മെത്രാപ്പോലീത്താമാര്‍ തുടങ്ങി ആറേഴുപേര്‍ ഇതില്‍ പെടും. ഇവര്‍ക്ക് അന്ത്യോഖ്യന്‍ സിനഡില്‍ അംഗത്വം കൊടുക്കാത്തതിന്റെ അര്‍ത്ഥം അവര്‍ ഇവരെ തുല്യരായി പരിഗണിച്ച് ഉള്‍ക്കൊള്ളാന്‍ തയ്യാറല്ല എന്നതാണ്. അന്ത്യോഖ്യന്‍ സിനഡില്‍ അംഗമായിത്തീരുവാനുള്ള യോഗ്യത അറബി വംശത്വമാണ് എന്ന് ശഠിക്കുന്ന സാഹചര്യത്തില്‍ ഏകസഭ എന്ന് പറയുന്നതിന് എന്തെങ്കിലും അര്‍ത്ഥമുണ്ടോ എന്ന് ചിന്തിക്കുന്നത് നല്ലതാണ്. പരി. പാത്രയര്‍ക്കീസിനാല്‍ നേരിട്ട് ഭരിക്കുന്നവരുടെ സ്ഥിതി ഇതാണെങ്കില്‍ ശ്രേഷ്ഠ കാതോലിക്കായുടെ കൂടെയുള്ളവരുടെ സാര്‍വ്വത്രിക-ഏകത്വാനുഭവം എന്തായിരിക്കും?
2. പാത്രിയര്‍ക്കീസ് ബാവായുടെ കീഴില്‍ ഭരിക്കപ്പെടുമ്പോള്‍ വിഭജനവും വിവേചനവുമില്ലാത്ത ഐക്യാനുഭവമാണെന്നാണ് പ്രചാരണം. അന്ത്യോഖ്യയുമായി നേരിയ അകല്‍ച്ച പോലും തങ്ങള്‍ക്ക് താങ്ങാനാവില്ല എന്നതാണ് യാക്കോബായ ക്രിസ്ത്യാനിസഭയുടെ വക്താക്കള്‍ പറയുന്നത്. ഇത്രയെല്ലാം അലിഞ്ഞുചേര്‍ന്നിട്ടും അന്ത്യോഖ്യാപാത്രിയര്‍ക്കീസിന്റെ തിരഞ്ഞെടുപ്പില്‍ നാട്ടുമെത്രാന്മാര്‍ക്ക് വെളുത്തപുക നോക്കിയിരിക്കുക എന്നതിനു പുറമേ മറ്റ് ചുമതലകള്‍ ഒന്നുമില്ലല്ലോ? അവിടെ അറബിവംശജരായ മെത്രാന്മാര്‍ക്കും അതിന്റെ ഇവിടുത്തെ പതിപ്പായ ക്നാനായക്കാര്‍ക്കും മാത്രം തിരഞ്ഞെടുപ്പ് അവകാശം. പാത്രിയര്‍ക്കീസിന്റെ നേരിട്ട് ഭരണത്തിലുള്ള നാട്ടുമെത്രാന്മാര്‍ക്കു മുതല്‍ ശ്രേഷ്ഠ കാതോലിക്കായുടെ കീഴിലുള്ള മെത്രാന്മാര്‍ക്കു് വരെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ യാതൊരു ഭാഗധേയത്വവുമില്ല. വോട്ടവകാശ സൌജന്യം ശ്രേഷ്ഠ കാതോലിക്കാബാവായ്ക്ക് ഉണ്ട് എന്നു കേള്‍ക്കുന്നു. അവിടെയുള്ള മുപ്പത്തഞ്ച് മെത്രാന്മാര്‍ക്കിടയില്‍ ഭൂരിപക്ഷമെന്നു പറയുന്ന ഇന്‍ഡ്യന്‍ ഭാഗത്തിന്റെ പങ്കാളിത്തം വട്ടപ്പൂജ്യം. ഏകസഭ എന്ന പദം. വാക്കുകളിലും കടലാസ്സിലുമായി പരിമിതപ്പെടുന്നു. ഏട്ടിലെ പശു പുല്ലു തിന്നാറില്ലല്ലോ.
3. ഇന്ത്യാക്കാരന് അന്ത്യോഖ്യാപാത്രിയര്‍ക്കീസാവാനുള്ള യോഗ്യത ഇല്ലെന്ന കാര്യം ശീമക്കാര്‍ സുന്നഹദോസുകൂടി 1979 ല്‍ തന്നെ ഇവിടെ അറിയിച്ചിട്ടുണ്ട്. ഈ അയോഗ്യതയുടെ അടിസ്ഥാനം വംശീയതയാണെന്ന് വ്യക്തം. ശീമക്കാരുടെ സുന്നഹദോസിന്റെ തീരുമാനം അംഗീകരിച്ച് കൈകൊട്ടുന്നതാണോ ഏകസഭകൊണ്ട് ഉദ്ദേശിക്കുന്നത്. തീര്‍ച്ചായയും ഈ വിവേചനം ഒരു ഐക്യസാദ്ധ്യതയാണ്. കത്തോലിക്കാസഭയില്‍ കുറെക്കാലത്തേയ്ക്ക് പോപ്പുമാര്‍ ഇറ്റലിക്കാര്‍ മാത്രമായിരുന്നു. എങ്കിലും പോപ്പാവുന്നതിനുള്ള യോഗ്യത ഇറ്റലിക്കാരനായിരിക്കണമെന്ന് ഒരിക്കലും തീരുമാനമെടുത്തിരുന്നില്ല. അന്ത്യോഖ്യന്‍ സിനഡിന്റെ ഈ തീരുമാനം സഭയുടെ ഐക്യവും സാര്‍വ്വത്രികത്വവും മാത്രമല്ല അതിന്റെ ക്രൈസ്തവികത പോലും കാറ്റില്‍ പറത്തിയ ഒന്നാണ്. വിവേചനത്തിന്റെ രൂക്ഷമായ ദംഷ്ട്രം പ്രകടമാകുമ്പോഴും ഞങ്ങളും ശീമക്കാരും ഒന്നാണ് എന്ന പ്രഖ്യാപനം ഉണര്‍ത്തുന്നത് കൌതുകം മാത്രമാണ്. ‘ഏകസഭയിലെ’ വിവേചനവും അവഹേളനവും മനസ്സിലാക്കുവാന്‍ എത്രവേഗം സാധിക്കുന്നുവോ അത്രയും വേഗം മലങ്കരസഭയില ഐക്യപ്രക്രിയ സുഗമമാകും.
4. ആകമാന സുറിയാനി സുന്നഹദോസ് എന്ന ഒരുസ്ഥാപനത്തെപ്പറ്റി എല്ലാവരും കേട്ടിരിക്കുമല്ലോ. സഭ ഏകമായ സാഹചര്യത്തില്‍ അങ്ങനെയൊന്നുണ്ടാകുന്നത് നല്ലതാണ്. കാനോനിലും ഭരണഘടനയിലും ഒന്നുമില്ല എങ്കിലും സഭഐക്യത്തിന്റെ പ്രതീകമായി ഇതിനെ കാണാവുന്നതാണ്. എന്നാല്‍ ഈ സ്ഥാപനം എന്താണെന്ന് നേരിട്ടറിയേണ്ടതാണ്. ഇന്ത്യാക്കാര്‍ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോള്‍ ഇന്ത്യാക്കാരും-ശീമക്കാരുമായ മെത്രാപ്പോലീത്താമാരെ പാത്രിയര്‍ക്കേറ്റില്‍ വിളിച്ചുകൂട്ടി നടത്തുന്ന യോഗമാണിത്. അതായത് ഇവിടത്തെ പ്രശ്നം പാത്രിയര്‍ക്കീസ് ബാവായ്ക്ക് തന്റെ താല്പര്യ പ്രകാരം തീര്‍ക്കാനായി ശീമമെത്രാച്ചന്മാരെ കൂട്ടി നടത്തുന്ന സംവിധാനം. എന്നാല്‍ ശീമക്കാരുടെ ഇടയില്‍ എന്ത് അട്ടിമറി നടന്നാലും നാട്ടുമെത്രാന്മാരെ അത് തീര്‍ക്കാന്‍ ചേരുന്ന യോഗത്തില്‍ വിളിക്കാറില്ല. അതായത് ശീമക്കാര്‍ക്ക് അവരുടെ കാര്യത്തിന് ആഗോള സുന്നഹദോസിന്റെ ആവശ്യമില്ല. അവരുടെ കാര്യം അവര്‍ തന്നെ തീരുമാനിക്കുന്നു. ആഗോള സുറിയാനി സുന്നഹദോസിന്റെ സ്വഭാവവും കൂടുന്ന സാഹചര്യവും പിന്നിലുള്ള തന്ത്രവുമെല്ലാം വ്യക്തമാണല്ലോ. ഇനി സിനഡില്‍ ഇന്ത്യാക്കാരന്റെ അഭിപ്രായ സ്വതന്ത്ര്യത്തെപ്പറ്റി ഒരു വാക്ക്. 1981-ലെ ആകമാന സുറിയാനി സുന്നഹദോസ് ,മൂവാറ്റുപുഴ ആസ്ഥാനമായ കാതോലിക്കേററിന്റെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കി. അതുസംബന്ധിച്ച് കാലം ചെയ്ത പൌലോസ് ദ്വിതീയന്‍ ബാവായോട് അദ്ദേഹം എന്തുകൊണ്ടാണ് ആ തീരുമാനങ്ങളെ അവിടുന്ന് സിനഡില്‍ വച്ച് എതിര്‍ക്കാന്‍ മുതിരാത്തത് എന്ന് ഞാന്‍ ചോദിച്ചു. “എന്റെ ആബൂനെ, എതിര്‍ത്തിരുന്നു എങ്കില്‍ ജീവനോടെ ഞാന്‍ തിരികെ എത്തുകയില്ലായിരുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പരി. പാത്രിയര്‍ക്കീസ് ബാവാതിരുമേനിയും അവിടത്തെ മെത്രാപ്പോലീത്താമാരും ഇവിടെയുള്ള വിശ്വാസികള്‍ക്കും സഭയ്ക്കും നല്‍കുന്ന വില എത്രമാത്രമാണെന്നും നടപടികള്‍ എത്ര ജനകീയമാണെന്നും ഏകദേശം വ്യക്തമായല്ലോ.
ഈ വിവേചനത്തിനും അധീശത്വത്തിനും പരിഹാരം ഒന്നുമാത്രമാണ്. വിഭക്തമായ മലങ്കരസഭ ഒന്നാകണം. അല്ലാതെ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ തിരുത്തിക്കിട്ടാന്‍ സാദ്ധ്യത കുറവാണ്. അവ തിരുത്താതെ അവയില്‍ നിന്നും രക്ഷപ്പെടുവാനുള്ള വഴി ഐക്യത്തില്‍ വന്ന് അടിമത്വത്തില്‍ നിന്നും വിവേചനത്തില്‍ നിന്നും തലയൂരുക എന്നതാണ്. നിലവിലിരിക്കുന്ന 1934-ലെ സഭാഭരണഘടന വിഭാവനം ചെയ്യുന്ന സഭാസംവിധാനത്തില്‍ പരമാവധി സ്വാതന്ത്യ്രം നിലനിര്‍ത്തി സഭാഭരണം കൂടുതല്‍ ജനകീയവും പങ്കാളിത്തമുള്ളതും സന്തുലിതവുമാകണമെങ്കില്‍ സഭാഐക്യം യാഥാര്‍ത്ഥ്യമാവണം. ഭിന്നിച്ചും കലഹിച്ചും ആത്മാഭിമാനം നഷ്ടപ്പെട്ട ഈ പുരാതന സഭാസമൂഹം അതിന്റെ സ്വത്വവും വിളിയും മനസ്സിലാക്കി ഐക്യത്തില്‍ പുലരുവാന്‍ ദൈവം ഇടയാക്കട്ടെ. ഐക്യത്തിലൂടെ സമാധാനം എന്നാകട്ടെ നമ്മുടെ ചിന്ത.
ശ്രേഷ്ഠ കാതോലിക്കാ ബാവാ തിരുമേനിയുടെ പ്രത്യേകമായ ശ്രദ്ധ ഈ കാര്യത്തിലുണ്ടാകണം. അദ്ദേഹത്തിന്റെ നിലപാടുളോടും പ്രവര്‍ത്തന രീതികളോടും പലര്‍ക്കും വ്യക്തമായ വിയോജിപ്പുണ്ടാകാം. എന്നാല്‍ അദ്ദേഹം നേടിയിരിക്കുന്ന സ്ഥാനവും ആര്‍ജ്ജിച്ചെടുത്ത കഴിവും സഭയുടെ യോജിപ്പിനും യോജിച്ച സഭയുടെ പുരോഗതിക്കും ഉപയോഗപ്പെടുത്തിയാല്‍ അത് ഈ സഭയ്ക്ക് അദ്ദേഹം ചെയ്യുന്ന ഏറ്റവും വലിയ സേവനമായിരിക്കും. സഭാഐക്യത്തിന് നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ കഴിയുന്ന ഏകവ്യക്തി അദ്ദേഹം മാത്രമാണ്. അദ്ദേഹത്തിന്റെ ശേഷി മലങ്കരസഭയുടെ ഭാവി സമാധാനകരമാകുവാന്‍ പ്രയോജനപ്പെടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. സഭയില്‍ ഐക്യമുണ്ടായാല്‍ അന്ത്യോഖ്യാപാത്രിയര്‍ക്കേറ്റുമായ ആരോഗ്യകരമായ ബന്ധം സൃഷ്ടിക്കാന്‍ മലങ്കരസഭയ്ക്ക് സാധ്യമാകുകയും ചെയ്യും.
൫
സഭാതര്‍ക്കത്തില്‍ വിശ്വാസകാര്യമില്ല
വിശ്വാസപരമായി ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ ഭിന്നതയിലാണ് എന്ന വാദം നിലനില്‍ക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത് വിഘടനവാദികളുടെ പ്രചാരണം മത്രമാണ്. ഇതില്‍ യാതൊരു കഴമ്പുമില്ലെന്നതാണ് സത്യം. അന്ത്യോഖ്യാപാത്രിയര്‍ക്കീസ് വി. പത്രോസിന്റെ സ്ഥാനത്താകയാല്‍ സകല സഭാമേലദ്ധ്യക്ഷന്മാരും അദ്ദേഹത്തിന്റെ കീഴില്‍ ആയിരിക്കണം എന്ന ചിന്തയാണ് ‘വിശ്വാസം’ എന്ന പേരില്‍ പ്രചരിപ്പിച്ചുവരുന്നത്. ഇന്ന് സുറിയാനി സഭയുമായി ഏകവിശ്വാസത്തിലും കുര്‍ബാന സംസര്‍ഗ്ഗത്തിലും കഴിയുന്ന സഭകളാണ് അലക്സാന്ത്രിയന്‍, അര്‍മ്മീനിയന്‍, എത്യോപ്യന്‍, എറിത്രിയന്‍ സഭകള്‍. ഇവയൊന്നും പത്രോസിന്റെ പിന്‍ഗാമികളായ സഭാദ്ധ്യക്ഷന്മാര്‍ക്ക് മറ്റുള്ള സഭാദ്ധ്യക്ഷന്മാരുടെ മേല്‍ ആധിപത്യമുള്ളതായി പഠിപ്പിക്കുന്നില്ല. അന്ത്യോഖ്യാപാത്രിയര്‍ക്കീസ് പോലും മറ്റുള്ള സഭകളുമായുള്ള ബന്ധത്തില്‍ ഈ വാദം ഉന്നയിക്കുന്നില്ല. ഇതൊരു വിശ്വാസകാര്യമായി വ്യവഹരിക്കുന്നുമില്ല. അതുകൊണ്ടാണല്ലോ മറ്റ് ഓറിയന്റല്‍ സഭകളുമായി വിശ്വാസ-ആചാര്യത്വപരവും കൌദാശികവുമായ ഐക്യത്തില്‍ പുലരുവാന്‍ സുറിയാനി പാത്രിയര്‍ക്കേറ്റിനും സഭാസംവിധാനത്തിനും കഴിയുന്നത്. മറ്റുള്ള സഭകളുമായുള്ള ബന്ധത്തില്‍ ഇതൊരു വിശ്വാസ വിഷയമല്ലെങ്കില്‍ ഇതെന്തിന് മലങ്കരസഭയുമായുള്ള ബന്ധത്തിന് വിശ്വാസപ്രശ്നമാക്കണം?
സുറിയാനിസഭ ഉള്‍പ്പെടുന്ന ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന അലക്സാന്ത്രിയ പാത്രിയര്‍ക്കീസ് വി. മര്‍ക്കോസിന്റെ പാരമ്പര്യമാണ് അവകാശപ്പെടുന്നത്. അവര്‍ വി. പത്രോസിന്റെ കൈവെയ്പ് വഴിയുള്ളവര്‍ക്ക് പ്രത്യേകസ്ഥാനം കല്പിക്കുന്നവരുമല്ല. അദ്ദേഹത്തിന് തന്നേക്കാള്‍ മൂപ്പും, സ്ഥാനവും, നേതൃത്വവും നല്‍കി അന്ത്യോഖ്യാപാത്രിയര്‍ക്കീസ് അംഗീകരിക്കുന്നു. അപ്പോള്‍ ഇവിടെ വിശ്വാസവിഷയമില്ല. പിന്നെയെന്തിന് മലങ്കരസഭാ കാര്യത്തില്‍ പത്രോസ്-തോമസ് കാര്യം പറഞ്ഞ് വിശ്വാസ വിഷയമാക്കുന്നു? അന്ത്യോഖ്യയ്ക്ക് നല്‍കുന്ന മൂപ്പുസ്ഥാനത്തിന്റെ അടിസ്ഥാനം പത്രോസിന്റെ സ്ഥാനവുംപിന്‍ഗാമിത്വവുമല്ല. ആയിരുന്നെങ്കില്‍ അന്ത്യോഖ്യാപാത്രിയര്‍ക്കീസിന് എങ്ങനെ അലക്സാന്ത്രിയന്‍ പാത്രിയര്‍ക്കീസിന് മൂപ്പുസ്ഥാനം നല്‍കുവാന്‍ കഴിയുമായിരുന്നു? ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ വിശ്വാസപരമായ ഭിന്നതകള്‍ ഒന്നുമല്ല എന്നതാണ് സത്യം. ഈ സത്യം വിശ്വാസികളില്‍ എത്തിക്കുന്നതിന് മലങ്കരസഭ കൂടുതല്‍ ശ്രദ്ധിക്കണം.
൬
യോജിപ്പിന്റെ ചട്ടക്കൂട്
സഭ യോജിക്കണമെങ്കില്‍ അതിനൊരു അടിസ്ഥാന ചട്ടക്കൂട് ഉണ്ടാകണം. 1958 ല്‍ സഭ യോജിച്ചു. 1964-ല്‍ പരിശുദ്ധ പാര്‍ത്രിയാര്‍ക്കീസ് ബാവ മലങ്കരയിലെത്തി പൌരസ്ത്യ കാതോലിക്കാ വാഴ്ചയ്ക്ക് നേതൃത്വം നല്‍കി സഭാഐക്യം ഉറപ്പാക്കി. സഭ പുതിയ മെത്രാപ്പൊലീത്താമാരെ വാഴിച്ച് ഭദ്രാസന ചുമതല ഏല്പിച്ചു. 1972 വരെ ഈ ഐക്യം തുടര്‍ന്നു. ഈ കാലഘട്ടത്തിലെ സാഹചര്യത്തിലേയ്ക്ക് തിരിച്ചു പോകണമെന്നാണ് പരമോന്നത നീതിപീഠത്തിന്റെ 1995-ലെ വിധിയുടെ ഉള്ളടക്കം. മലങ്കര സഭയുടെ ക്ഷേമകാലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആസുവര്‍ണ്ണ ഘട്ടത്തെ മാനദണ്ഡവും മാതൃകയുമാക്കിക്കൊണ്ട് സഭയ്ക്കു് ഒന്നാകാം. ഇതിന് എന്തു തടസ്സമാണുള്ളത്? ഇതിനോട് ചേര്‍ത്ത് അന്നത്തെ സാഹചര്യം എന്തായിരുന്നു എന്ന് ഇരു വിഭാഗവും സ്വാഗതം ചെയ്തിട്ടുള്ള കോടതിവിധി പറയുന്നത് ശ്രദ്ധിക്കുക.
1. 1934 ലെ സഭാഭരണഘടന പ്രാബല്യത്തില്‍ വന്നു. പാത്രിയര്‍ക്കീസ് വിഭാഗത്തിലെ പള്ളികളില്‍ പൊതുയോഗങ്ങള്‍ ചേര്‍ന്നു തന്നെ 1934 ഭരണഘടന അംഗീകരിച്ചിട്ടുണ്ട്. ഇതിലിപ്പോള്‍ ആര്‍ക്കും എതിര്‍പ്പിന് അവകാശമില്ല.
2. സഭാഭരണഘടന പ്രകാരമുള്ള അന്ത്യോഖ്യാപാത്രിയര്‍ക്കീസിന്റെ സ്ഥാനം നിലനിര്‍ത്തണം. ഇതിലധികം ആവശ്യങ്ങള്‍ ആരും ഉന്നയിക്കുന്നത് ശരിയല്ല. ആ സ്ഥാനം നിഷേധിക്കാന്‍ ആവുകയുമില്ല.
3. ഭരണഘടന വിവക്ഷിക്കുന്ന കാതോലിക്കേറ്റും ഭരണസംവിധാനവും നിലനിര്‍ത്തേണ്ടതുണ്ട്. ഇതു സമാധാനകാലയളവില്‍ നടന്നിരുന്ന കാര്യമാണ്.
4. ഇടവക പള്ളികളെ സംബന്ധിച്ച് ഭരണഘടനയിലുള്ള വ്യവസ്ഥകള്‍ അംഗീകരിച്ച് മുന്നോട്ടു പോകണം. അതിലില്ലാത്ത കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഇടവകകള്‍ക്ക് സ്വാതന്ത്യം ഉണ്ടായിരിക്കും.
1975-ലെ സഭാതര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായ തീരുമാനങ്ങള്‍ മാത്രം പ്രത്യേക കോടതിവിധി എന്ന നിലയില്‍ അംഗീകരിക്കണം. അവ മാത്രമാണ് 1958- 72 കാലഘട്ടത്തില്‍ നിന്ന് പ്രത്യേകമായി പരിഗണിക്കേണ്ട കാര്യം.
1. പൌരസ്ത്യ സുവിശേഷ സമാജം, സിംഹാസനപള്ളികള്‍, ഹൊന്നവാര്‍ സൊസൈറ്റി തുടങ്ങിയവയ്ക്ക് സ്വതന്ത്രമായി നിലനില്‍ക്കാന്‍ സ്വാതന്ത്യ്രമുണ്ട്.
2.‘മാര്‍ത്തോമായുടെ സിംഹാസനത്തില്‍’ എന്ന പൌരസ്ത്യ കാതോലിക്കായുടെ കല്പനാശീര്‍ഷകം തുടര്‍ന്നും ഉപയോഗിക്കാം.
3. മലങ്കര അസ്സേസിയേഷനിലേയ്ക്കും ഭദ്രാസന പൊതുയോഗങ്ങളിലേയ്ക്കുമുള്ള പ്രാതിനിധ്യം ജനസംഖ്യാനുപാതികമായി തട്ട് (stage) അടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളുടെ ഔ ദ്യോഗിക കാലാവധി അഞ്ച് വര്‍ഷമായിരിക്കും.
ഇത്രയും കാര്യങ്ങള്‍കൂടി പ്രത്യേകമായി അംഗീകരിച്ചാല്‍ ഐക്യചട്ടക്കൂടിന്റെ രൂപം പൂര്‍ണ്ണമാകും.
ഒരു വിശ്വാസ സമൂഹത്തില്‍ ഭരണപരമോ വ്യക്തിതാല്പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതോ ആയ കാരണങ്ങളാല്‍ പിളര്‍പ്പ് ഉണ്ടാകാന്‍ പാടില്ല എന്നതാണ് കാതലായ കാര്യം. തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ അവയ്ക്ക് നീതിപൂര്‍വ്വകമായ പരിഹാരം കണ്ടെത്തുകയാണാവശ്യം. സഭയെ ഭിന്നിപ്പിച്ച് നിര്‍ത്തിക്കൊണ്ട് നേട്ടമുണ്ടാക്കാന്‍ താല്പര്യപ്പെടുന്നവര്‍ വ്യക്തിപരമായ മുതലെടുപ്പിന് ശ്രമിക്കുന്നവരാണെന്ന് സഭാംഗങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതികരിക്കണം.
൭
ഉപസംഹാരം
കഴിഞ്ഞകാലങ്ങളിലെ പിളര്‍പ്പിന്റേയും ശത്രുതയുടേയും പൈതൃകം പുതിയ തലമുറയിലേയ്ക്കു് കൈമാറുകയല്ല മലങ്കരസഭയുടെ ധര്‍മ്മം. നേരെ മറിച്ച് ശപ്തമായ ഭൂതകാലം ഇനിയെങ്കിലും കുഴിച്ചുമൂടി ഐക്യത്തിന്റേയും സമാധാനത്തിന്റേയും സാക്ഷ്യത്തിന്റേയും സുവര്‍ണ്ണ കാലത്തിന് ജന്മം കൊടുക്കുന്ന പ്രക്രിയയില്‍ പങ്കുചേരുകയാണ് വേണ്ടത്.
2007/08/08
സര്‍ക്കാരിനെതിരെ സഭാനേതൃത്വത്തിന്‍റെ പടയൊരുക്കം
കര്‍ത്താവില്‍ പ്രിയ സഹോദരീസഹോദരന്മാരേ, പ്രിയ മക്കളേ,
ഭാരതത്തിലെ ജനസംഖ്യയില്‍ രണ്ടു് ശതമാനം മാത്രം വരുന്ന ക്രൈസ്തവര്‍ ഇവിടെ വളരെ ചെറിയ ഒരു ന്യൂനപക്ഷമാണു്. എങ്കിലും കര്‍ത്താവായ മിശിഹായുടെ കല്‍പനയനുസരിച്ചു് രക്ഷയുടെ സുവിശേഷം പ്രഘോഷിക്കുന്ന സഭ അതുവഴി ഭാരതജനതയ്ക്കു് ചെയ്തിട്ടുള്ള നിസ്തുല സേവനം ഏവരും അംഗീകരിച്ചിട്ടുള്ളതാണു്.
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും ആതുരസേവനവുമാണു് സഭയുടെ എടുത്തുപറയത്തക്ക രണ്ടു് സേവനരംഗങ്ങള്‍. സുവിശേഷത്തിന്റെ കാതല്‍ തന്നെയായ സ്നേഹത്തിന്റെയും ജീവന്റെയും ശുശ്രൂഷ എല്ലാവര്‍ക്കും നല്‍കാനാണു് ഈ പ്രവര്‍ത്തനങ്ങളിലൂടെ സഭ ശ്രമിച്ചു്കൊണ്ടിരിക്കുന്നതു്. മനുഷ്യനെ അവന്റെ സമഗ്രതിയില്‍ ദര്‍ശിച്ചു് പൂര്‍ണമനുഷ്യനാക്കുകയെന്നതാണു് സഭയുടെ ലക്ഷ്യം. പള്ളികളോടനുബന്ധിച്ചു് പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചു് പ്രവര്‍ത്തിയ്ക്കുന്നതും സാധ്യമായ എല്ലാ തലങ്ങളിലും വിദ്യാഭ്യാസം നല്‍കുന്നതും ഈ ലക്ഷ്യ സാധ്യത്തിനാണു്. എന്നാല്‍ ഈ അടുത്ത കാലത്തു് കേരളത്തില്‍ വിദ്യാഭ്യാസ രംഗത്തു് മാത്രമല്ല ഇതര ശുശ്രൂഷരംഗങ്ങളിലും സഭയ്ക്ക് പ്രതികൂല സാഹചര്യങ്ങളും വെല്ലുവിളികളും നേരിടേണ്ടി വന്നു. രാജ്യത്തിന്റെ തന്നെ പുരോഗതിയ്ക്ക് അടിസ്ഥാനമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിയ്ക്കുന്നതിനു് പകരം , വിദ്യാഭ്യാസ കാര്യത്തില്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പു് നല്‍കിയിരിയ്ക്കുന്ന ന്യൂനപക്ഷ അവകാശങ്ങളെയും അവയെ സ്ഥിരീകരിക്കുന്ന കോടതി വിധികളെയും അംഗീകരിയ്ക്കാതെ , സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേല്‍ സംസ്ഥാന സര്‍ക്കാര്‍ കടന്നുകയറ്റം നടത്തുകയാണു്.
ഇന്ത്യന്‍ ഭരണഘടനയുടെ മുപ്പതാം ആര്‍ട്ടിക്കിള്‍, മത - ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കു് അവര്‍ ആഗ്രഹിയ്ക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു് നടത്തുവാന്‍ അവകാശം നല്‍കിയിട്ടുണ്ടു്. അധ്യാപകരുടെ നിയമനം , വിദ്യാര്‍ഥികളുടെ പ്രവേശനം , മാനേജിങ് ബോര്‍ഡ് രൂപീകരണം , അച്ചടക്കപാലനം തുടങ്ങി ഒരു വിദ്യാഭ്യാസ സ്ഥാപനത്തോടു് ബന്ധപ്പെട്ട കാര്യങ്ങള്‍ ഈ അവകാശത്തിന്റെ ഭാഗമാണു്.നമ്മുടെ മതവും സംസ്കാരവും ധാര്‍മികതയും സദാചാര മൂല്യങ്ങളും വിദ്യാലയങ്ങളിലൂടെ അടുത്ത തലമുറയ്ക്കു് പകര്‍ന്നു് നല്‍കുവാനും നിലനിര്‍ത്തുവാനുമാണു് ഈ അവകാശങ്ങള്‍ നല്‍കിയിരിക്കുന്നതു്. അതു കൊണ്ടു് ഈ അവകാശങ്ങള്‍ അഭംഗുരം സംരക്ഷിക്കുകയെന്നതു് ന്യൂനപക്ഷമെന്ന നിലയില്‍ നമ്മുടെ നിലനില്‍പിനു് തന്നെ ആവശ്യമാണു്. ഈ അവകാശങ്ങള്‍ വരും തലമുറകള്‍ക്കു് അര്‍ഹതപ്പെട്ടതെന്ന നിലയില്‍ നഷ്ടപ്പെടുത്തവാന്‍ നമുക്കു് അവകാശമില്ല.
കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ന്യുനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ മേല്‍ കയ്യേറ്റം നടത്തുകയാണു്. അവകാശ സംരക്ഷണത്തിനു ഭീമമായ തുക മുടക്കി നിരന്തരം കോടതിയെ സമീപിക്കേണ്ട അവസ്ഥയാണു് ഇന്നു് ഇവിടുത്തെ ന്യൂനപക്ഷങ്ങള്‍ക്കുള്ളതു്.
2006ല്‍ ഈ സര്‍ക്കാര്‍ പാസാക്കിയ സ്വാശ്രയ പ്രഫഷണല്‍ കോളജ് നിയമത്തില്‍ ന്യുനപക്ഷങ്ങള്‍ക്കു് നല്‍കിയ പുതിയ നിര്‍വചനത്തിലൂടെ കേരളത്തിലെ ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും ന്യൂനപക്ഷങ്ങളല്ലാതാക്കി. കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ചും ഡിവിഷന്‍ ബഞ്ചും പ്രസ്തുത നിയമത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ അസാധുവാണെന്നു് പ്രഖ്യാപിച്ചിട്ടും സുപ്രീംകോടതിയില്‍ ഈ നിയമം അംഗീകരിച്ചു് കിട്ടുവാന്‍ പരിശ്രമിക്കുന്നു എന്നുള്ളതു് ഇപ്പോഴത്തെ സര്‍ക്കാരിന്‍റെ ന്യൂനപക്ഷ വിരുദ്ധ നിലപാടിനു് പ്രകടമായ തെളിവാണു്. അതു്പോലെ, കേരളത്തിന്റെ ന്യൂനപക്ഷകോളജുകളിലെ പ്രിന്‍സിപ്പല്‍ നിയമനങ്ങള്‍ അംഗീകരിച്ചു് നല്‍കുവാന്‍ കോടതി നിര്‍ദേശിച്ചിട്ടും ഗവണ്‍മെന്‍റ് തയ്യാറാകുന്നില്ല. സ്വാശ്രയ പ്രഫഷണല്‍ കോളജുകളില്‍ ഭരണഘടനയ്ക്കും കോടതി വിധികള്‍ക്കും വിരുദ്ധമായി സീറ്റുകള്‍ പിടിച്ചെടുക്കുവാനും രണ്ടു് തരത്തിലുള്ള ഫീസ് ഏര്‍പ്പെടുത്തി ക്രോസ് സബ്സിഡി നടപ്പിലാക്കുവാനും ഗവണ്‍മെന്‍റ് ശ്രമിക്കുകയാണു്. നിയമവിരുദ്ധമായ ഈ നീക്കങ്ങള്‍ അംഗീകരിക്കാത്ത പത്തു് ന്യൂനപക്ഷ എന്‍ജിനീയറിങ് കോളജുകളുടെ നേരെ അധികാരഗര്‍വു് കാണിച്ചു് അഫിലിയേഷന്‍ പിന്‍വലിയ്ക്കല്‍ ഉള്‍പ്പെടെയുള്ള പ്രതികാര നടപടികള്‍ ആരംഭിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു.
നമ്മുടെ നാട്ടിലെ എയ്ഡഡ് വിദ്യാഭ്യാസ രംഗം മുഴുവന്‍ രാഷ്ട്രീയവല്‍ക്കരിയ്ക്കുവാനും കൈയ്യടക്കുവാനുമുള്ള നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നു. അക്കാദമിക നിലവാരത്തോടൊപ്പം ആധ്യാത്മികതയും സ്വാഭാവശുദ്ധിയുമുള്ള ആളുകളെ അധ്യാപകരായി തിരഞ്ഞെടുക്കുവാന്‍ നാം ശ്രദ്ധിയ്ക്കാറുണ്ടു്. എന്നാല്‍ അധ്യാപകനിയമനത്തിനുള്ള ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അവകാശം കൈയ്യടക്കാനായി പുതിയ ഒരു സമിതിയ്ക്കു് രൂപം കൊടുക്കണമെന്നു് കേരള വിദ്യാഭ്യാസചട്ടങ്ങളുടെ പരിഷ്കരണത്തിനുള്ള മാര്‍ഗനിര്‍ദേശക രേഖകള്‍ ആവശ്യപ്പെടുന്നു. പഞ്ചായത്തു് സ്കൂള്‍ ക്ളസ്റ്റര്‍ സമ്പ്രദായത്തിലൂടെയൂം സ്കൂള്‍ വികസന സമിതികളിലൂടെയും പി ടി എകള്‍ വഴിയും നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക- ഭരണ- സാമ്പത്തിക അധികാരങ്ങളും ചുമതലകളും പഞ്ചായത്തു്കള്‍ക്ക് കൈമാറുകയാണു്. ബാലസഭകളും സ്കൂള്‍ പാര്‍ലമെന്‍റുകളും സ്ഥാപിച്ചു് കോടതി വിലക്കിയിട്ടുള്ള വിദ്യാര്‍ഥി രാഷ്ട്രിയത്തെ പിന്‍വാതിലിലൂടെ കൊണ്ടുവരാനുള്ള കരുനീക്കങ്ങള്‍ നടക്കുകയാണു്.
എയ്ഡഡ് മേഖലയിലുള്ള നമ്മുടെ സ്ഥാപനങ്ങളുടെ നിയന്ത്രണം കൈയ്യിലെടുക്കുക, നമ്മുടെ കുട്ടികളുടെ വിശ്വാസ പരിശീലനവും ധാര്‍മിക ബോധവല്‍ക്കരണവും തടയുക, അധ്യാപക നിയമനത്തില്‍ കൈകടത്തുക തുടങ്ങി നമുക്കു് അംഗീകരിക്കാന്‍ പറ്റാത്ത കാര്യങ്ങളാണു് ഇപ്പോള്‍ നടന്നു് കൊണ്ടിരിക്കുന്നതു്. എയ്ഡഡ് മേഖലയില്‍ ഈ ഗവണ്‍മെന്റിനുള്ള രഹസ്യ അജണ്ടകള്‍ നാം തിരിച്ചറിയണം.
സഭയുടെ ഇന്നുവരെയുള്ള മഹത്തായ സേവനങ്ങളെ മനപൂര്‍വം മറയ്ച്ചു് വെച്ചു്കൊണ്ടു് സഭയെ അവഹേളിയ്ക്കുന്ന രീതിയിലുള്ള പ്രതികരണങ്ങളും സമീപനങ്ങളുമാണു് ഇന്നു് സര്‍ക്കാര്‍ സ്വീകരിച്ചു്വരുന്നതു്. ജനാധിപത്യ വിരുദ്ധവും ധിക്കാരപരവുമായ ഗവണ്‍മെന്റ് നടപടികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനും പ്രതിഷേധിക്കാനും നമുക്കു് അവകാശമുണ്ടു്.
സഭയുടെ ദു:ഖവും അമര്‍ഷവും അറിയിയ്ക്കുവാനും നിജസ്ഥിതി വ്യക്തമാക്കുവാനുമായി, ഒരു ന്യൂനപക്ഷ അവകാശ സംരക്ഷണ സമ്മേളനം ഓഗസ്റ്റ് 12-ആം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞു് രണ്ടരമണിയ്ക്കു് കോട്ടയം തിരുനക്കരമൈതാനത്തു് നടത്തുവാന്‍ വിവിധ ക്രൈസ്തവ മേലദ്ധ്യക്ഷന്‍മാര്‍ തീരുമാനിച്ചിരിക്കുകയാണു്. നമ്മുടെ സഭകളിലെ അല്‍മായരുടെ അഭ്യര്‍ഥന മാനിച്ചാണു് പ്രസ്തുത സമ്മേളനത്തിനു് രൂപം നല്‍കിയിരിക്കുന്നതു്.
നമ്മുടെ എല്ലാ ക്രൈസ്തവസഭകളും രൂപതകളും സാധിക്കുന്നിടത്തോളം വിശ്വാസികളെ പങ്കെടുപ്പിച്ചു് ഈ സമ്മേളനം വിജയിപ്പിക്കണമെന്നു് ഞങ്ങള്‍ താല്‍പര്യപ്പെടുന്നു. ഇതു് എല്ലാ വിശ്വാസികളുടെയും കടമയായി കരുതി ഈ സമ്മേളനത്തില്‍ സംബന്ധിക്കേണ്ടതാണു്. സമൂഹ നന്മയ്ക്കായി ക്രൈസ്തവ സഭകള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്ന നിസ്വാര്‍ഥ സേവനങ്ങള്‍ക്കു് തടസ്സം നില്‍ക്കുകയും സമൂഹത്തെ തെറ്റിദ്ധരിപ്പിയ്ക്കുകയും ചെയ്യുന്ന ഛിദ്രശക്തികള്‍ക്കെതിരെ നമുക്കു് ഒറ്റക്കെട്ടായി മുന്നേറാം. നമ്മുടെ നാടിന്റെ വളര്‍ച്ചയ്ക്കും സുസ്ഥിതിയ്ക്കുമുള്ള പരിശ്രമങ്ങളെ ശക്തിപ്പെടുത്തുകയും തിന്മയുടെ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ദൈവത്തിലാശ്രയിച്ചു് നമുക്കു് പങ്കു്ചേരുകയും ചെയ്യാം.
എന്നു്,
വിവിധ സഭാമേലദ്ധ്യക്ഷന്‍മാര്‍
1. ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിതിമോസ് പ്രഥമന്‍ കാതോലിക്കാ ബാവ
2. മാര്‍ത്തോമ്മ സഭാദ്ധ്യക്ഷന്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത
3. കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ടു് (റോമന്‍ കത്തോലിക്കാ സഭ)
4. ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം (റോമന്‍ കത്തോലിക്കാ സഭ)
5 ക്നാനായ യാക്കോബായ സഭ ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ്
6. തിരുവല്ല ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് (റോമന്‍ കത്തോലിക്കാ സഭ)
7. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ കോട്ടയം ഭദ്രാസനാധിപന്‍ ഡോ.തോമസ് മാര്‍ തീമോത്തിയോസ്
8. സി എസ് ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ.തോമസ് സാമുവേല്‍
9. വിജയപുരം രൂപത ബിഷപ് ഡോ.സെബാസ്റ്റ്യന്‍ തെക്കേതേച്ചേരില്‍ (റോമന്‍ കത്തോലിക്കാ സഭ)
10. കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ (റോമന്‍ കത്തോലിക്കാ സഭ)
11. പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടു് (റോമന്‍ കത്തോലിക്കാ സഭ)
(2007 ഓഗസ്റ്റ് 12-ആം തീയതി ഞായറാഴ്ച ഇതു് പബള്ളികളില്‍ വായിച്ചു.)
പൂമുഖത്താളിലേയ്ക്കു്
2007/07/14
മാര്‍ ഇവാനിയോസ് മെത്രാപ്പൊലീത്തയെ ദൈവദാസനായി പ്രഖ്യാപിച്ചു
തിരുവനന്തപുരം:സീറോ മലങ്കര റീത്തു് റോമന്‍ കത്തോലിക്ക സഭയുടെ സ്ഥാപകനും പ്രഥമ മെത്രാപ്പോലീത്തയുമായ ആര്‍ച്ച് ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ ഇവാനിയോസിനെ ദൈവദാസനായി പ്രഖ്യാപിച്ചു.വിശുദ്ധ നാമകരണ നടപടികളുടെ പ്രഥമ ഘട്ടമായാണു് ഈ പ്രഖ്യാപനം.
കേരളീയ സനാതനഹിന്ദുമതാചാര പുനഃസ്ഥാപനം : തവനൂർ ശാസനം പ്രഖ്യാപിതമായി
എടപ്പാൾ: അഖില കേരള വൈദിക സുരക്ഷാസമിതിയും വെള്ളഗൃഹ സമിതിയും സംയുക്തമായി തവനൂരിൽ നടത്തിയ മഹാസഭാ യോഗം തയ്യാറാക്കിയ 'തവനൂര്‍ ശാസനം' പ്ര...
-
യൂറോപ്യരുടെയും ക്രിസ്തീയ സഭകളുടെയും പൗരസ്ത്യര്‍ എന്ന വിവക്ഷയും കിഴക്കു (പൗരസ്ത്യം) എന്ന ഭൂമിശാസ്ത്ര പ്രയോഗവും പലപ്പോഴും ആശയക്കുഴപ്പമുണ്ടാക...
-
ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭ, ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ് സഭ , റോമന്‍ കത്തോലിക്കാ സഭ എന്നിവ പൊതുവായി സ്വീകരിക്കുന്ന ആകമാന സുന്നഹദോസുകള്‍ ( എക്...