നവദില്ലി: രണ്ടു് കുട്ടികള്‍ക്കിടയില്‍ വേണ്ടത്ര പ്രായവ്യത്യാസം ഉണ്ടാവുന്നതിനു് ദമ്പതികള്‍ക്കു് താല്‍ക്കാലിക ഗര്‍ഭനിരോധമാര്‍ഗങ്ങള്‍ അവലംബിയ്ക്കാമെന്നു് പ്രമുഖ ഇസ്ലാമിക പാഠശാലയായ ദയൂബന്തിലെ(Deoband) ദാറുല്‍ ഉലൂം(Darul Uloom) പണ്ഡിതര്‍ ഫത്‍വ പുറപ്പെടുവിച്ചു.
കുട്ടികളെ ശരിയായ വിധത്തില്‍ പരിചരിയ്ക്കുന്നതിനു് താല്‍ക്കാലിക ഗര്‍ഭനിരോധം അനുവദനീയമാണെന്നു് ദാറുല്‍ ഉലൂമിന്റെ ഫത്‍വകള്‍ പുറപ്പെടുവിയ്ക്കുന്ന പണ്ഡിതസമിതിയായ ദാറുല്‍ ഇഫ്ത (Darul Ifta) ഫത്‍വയില്‍ വ്യക്തമാക്കി. എന്നാല്‍, വന്ധ്യംകരണശസ്ത്രക്രിയ പോലെയുള്ള സ്ഥിരം ഗര്‍ഭനിരോധമാര്‍ഗങ്ങള്‍ അനുവദനീയമാണോ എന്നതിനെക്കുറിച്ചു് പണ്ഡിതന്മാര്‍ അഭിപ്രായം പറഞ്ഞില്ല.
താല്‍ക്കാലിക ഗര്‍ഭനിരോധമാര്‍ഗം മുസ്ലിങ്ങള്‍ക്കു് അനുവദനീയമാണെന്നു് ദാറുല്‍ ഉലൂം പണ്ഡിതരുടെ ഫത്‍വയെപിന്തുണച്ചുകൊണ്ടു് മറ്റൊരു പ്രമുഖ ഇസ്ലാമിക സ്ഥാപനമായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് (Jamia-Ulema-e-Hind) വക്താവും ഇസ്ലാമിക പണ്ഡിതനുമായ അബ്ദുല്‍ ഹമീദ് നുഅമാനിയും( abdul Hameed Nomani) വ്യക്തമാക്കി. ഇന്ത്യയിലെ 40 ശതമാനത്തിലേറെ മുസ്ലിങ്ങള്‍ ഗര്‍ഭനിരോധമാര്‍ഗം ഉപയോഗിയ്ക്കുന്നുണ്ടെന്നു് സമീപകാലത്തെ ഒരു സര്‍ക്കാര്‍ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചു് അദ്ദേഹം പറഞ്ഞു. എന്നാല്‍, വന്ധ്യംകരണശസ്ത്രക്രിയ പോലെയുള്ള സ്ഥിരം ഗര്‍ഭനിരോധനടപടികള്‍ അനിസ്ലാമികമാണെന്നു് നുഅമാനി അഭിപ്രായപ്പെട്ടു.