2008/03/17

ആഗോളവല്‍ക്കരണ കാലത്തെ ഏഴു് പാപങ്ങള്‍



പുതിയ കാലത്തിന്റെ പാപ പ്രവണതകളെപ്പറ്റി റോമിലെ ശ്ലൈഹക പാപമോചന കോടതി റീജന്റ്


വത്തിക്കാന്‍ നഗരി : തടുക്കാനാവാത്ത ആഗോളീകരണ കടന്നു വരവിന്റെ പുതിയ കാലത്തു് ഏഴു് മാരക പാപങ്ങളുടെ പട്ടികയോടൊപ്പം പുതിയ കാലത്തിന്റെ പാപ പ്രവണതകളെ കൂടി പരിഗണിയ്ക്കേണ്ടതുണ്ടെന്നു് റോമന്‍ കൂരിയയുടെ ഭാഗമായ വത്തിക്കാനിലെ ശ്ലൈഹക പാപമോചന കാര്യ കോടതി (അപ്പസ്തോലിക് പെനിറ്റെന്‍ഷ്യറി the Apostolic Penitentiary)യുടെ റീജന്റ് ബിഷപ് യിയാന്‍ ഫ്രാങ്കോ ഗിറോട്ടി (Bishop Gianfranco Girotti [ Ioannes Franciscus Girotti ] , O.F.M. Conv.) (2002.ഫെ.16 – ...) അഭിപ്രായപ്പെട്ടു.
പരിസ്ഥിതിമലിനീകരണവും ജനിതക രൂപാന്തരം വരുത്തലും അമിത ധന സമ്പാദനവും ലഹരി ഉപയോഗവും സാമ്പത്തിക അസമത്വംവളര്‍ത്തലും ദാരിദ്ര്യമുണ്ടാക്കലും ജൈവധാര്‍മികതയ്ക്കു് നിരക്കാത്തവിധമുള്ള മനുഷ്യനിലെ പ്രയോഗങ്ങളും (ഉദാ: കൃത്രിമ ജനന നിയന്ത്രണം, ഭ്രൂണഹത്യ) ക്രിസ്തീയവിശ്വാസമനുസരിച്ചുള്ള മാരക പാപങ്ങളുടെ പട്ടികയില്‍ ഉള്‍‍പ്പെടുമെന്നു് യിയാന്‍ ഫ്രാങ്കോ ഗിറോട്ടി മെത്രാന്‍ വത്തിക്കാന്റെ ഔദ്യോഗിക പത്രമായ ഒസ്സെര്‍വത്തോരെ റൊമാനോയ്ക്കു് ((L’Osservatore Romano) നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കുമ്പസാരത്തെ സംബന്ധിച്ചു് വത്തിക്കാനില്‍ ഒരാഴ്ചയായി നടന്ന സിമ്പോസിയത്തിന്റെ സമാപനത്തില്‍ മാര്‍‍ച്ചു് 6നാണു് ബിഷപ് ഗിരോട്ടി അഭിമുഖം നല്‍കിയതു്.

നിയന്ത്രിയ്ക്കാനാവാത്ത ആഗോളീകരണത്തിന്റെ ഫലങ്ങളാണു് ഇവയെന്നും, ഈ പുതിയ പാപങ്ങളെപ്പറ്റി പുരോഹിതന്മാര്‍ ബോധവാന്മാരായിരിയ്ക്കണമെന്നും ഗിരോട്ടി നിര്‍ദേശിച്ചു. പാപങ്ങളുടെ വ്യക്തിഗതമാനത്തിനോടൊപ്പം തങ്ങളുടെ പാപങ്ങള്‍ സമൂഹത്തെയും ബാധിയ്ക്കുന്നു എന്നു് വിശ്വാസികളെ ബോധ്യപ്പെടുത്താന്‍ ആധുനിക കാലത്തിലെ ഏഴു് സാമൂഹിക പാപങ്ങളുടെ പട്ടിക ഗിറോട്ടി മെത്രാന്‍ നല്കി.
  1. ജനന നിയന്ത്രണം പോലുള്ള ജൈവധര്‍മശാസ്ത്രലംഘനങ്ങള്‍ (ഉദാ: കൃത്രിമ ജനന നിയന്ത്രണം, ഭ്രൂണഹത്യ). ( ``Bioethical' violations such as birth control)
  2. വിത്തുകോശ ഗവേഷണങ്ങള്‍ പോലുള്ള ധാര്‍മികമായി സംശയിയ്ക്കപ്പെടുന്ന പരീക്ഷണങ്ങള്‍ (``Morally dubious'' experiments such as stem cell research)
  3. ലഹരി ഉപയോഗം (Drug abuse)
  4. പരിസ്ഥിതിമലിനീകരണം (Polluting the environment)
  5. സമ്പന്ന-ദരിദ്ര വിഭജനത്തെ വിശാലമാക്കുന്ന പ്രവൃത്തികള്‍ (Contributing to widening divide between rich and poor)
  6. ക്രമാതീത ധനാര്‍ജനം (Excessive wealth)
  7. ദാരിദ്ര്യം സൃഷ്ടിയ്ക്കല്‍ (Creating poverty)


ചാവു് ദോഷങ്ങള്‍ക്കു് മാറ്റമില്ല

അതേസമയം, ആഗോളീകരണ കാലത്തിന്റെ ഏഴു് മഹാ പാപങ്ങളെ മാരക പാപങ്ങളുടെപട്ടികയോടു് ചേര്‍ത്തു് കൊണ്ടു് യിയാന്‍ ഫ്രാന്‍‍സോ ഗിറോട്ടി നടത്തിയ പരാമര്‍ശത്തെ മാരക പാപങ്ങളുടെ പട്ടിക മാറ്റിപ്പുതുക്കിക്കൊണ്ടുള്ള റോമന്‍‍ കത്തോലിക്കാ സഭയുടെ ഔദ്യോഗിക പ്രബോധനമായി വ്യാഖ്യാനിച്ചുകൊണ്ടു് ചില വലതുപക്ഷ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതു് ആശയക്കുഴപ്പമുണ്ടാക്കി. അതുകൊണ്ടു് , മാരക പാപങ്ങളെക്കുറിച്ചു് റോമന്‍ കത്തോലിക്കാ സഭ പുനര്‍നിര്‍വചനമൊന്നും നല്‍കിയിട്ടില്ലെന്നു് പിന്നീടു് വത്തിക്കാന്‍ അധികൃതര്‍ക്കു് വ്യക്തമാക്കേണ്ടിവന്നു.
.

പരമ്പരാഗത റോമന്‍ കത്തോലിക്ക വിശ്വാസമനുസരിച്ചു് മാരക പാപങ്ങള്‍ അഥവാ ചാവു് ദോഷങ്ങള്‍ ഏഴെണ്ണമാണു്. നിഗളം (അഹങ്കാരം), അസൂയ, അത്യാര്‍ത്തി (ധനത്തോടുള്ള ആര്‍ത്തി അഥവാ ദ്രവ്യാഗ്രഹം), മോഹം (വിഹിതമല്ലാത്ത ലൈംഗിക മോഹം), കോപം, കൊതി (ദുര), അലസത (മടി ) എന്നിവയാണ് അവ ( 1400 വര്‍ഷത്തിനു മുമ്പു് അതായതു് ആറാം നൂറ്റാണ്ടില്‍ മഹാനായ ഗ്രിഗറി മാര്‍പാപ്പയാണു് ഇവ ചാവു് ദോഷങ്ങളായി പ്രഖ്യാപിച്ചതു്). റോമന്‍ കത്തോലിക്ക സഭയുടെ നിയമസംഹിതയനുസരിച്ച് ദൈവനിയമത്തിന്റെ ഗൗരവമായ ലംഘനമാണു് ഈ പാപങ്ങള്‍. കുമ്പസാരത്തിലൂടെ ഇവയെപ്പറ്റി മനസ്താപിക്കാതെ മരിച്ചാല്‍ നിത്യനരകമാണു് ലഭിയ്ക്കുക.

ചാവു് ദോഷങ്ങള്‍ക്കു് (മാരക പാപപട്ടികയിലെ പാപങ്ങള്‍ക്കു് ) തുല്യമാണു് ആഗോളീകരണ കാലത്തിന്റെ ഏഴു് സാമൂഹിക പാപങ്ങളെന്നാണു് ശ്ലൈഹക പാപമോചന കാര്യ കോടതിയുടെ റീജന്റ് ബിഷപ് യിയാന്‍ ഫ്രാങ്കോ ഗിറോട്ടി അഭിപ്രായപ്പെട്ടതു്. ആധുനിക കാലത്തിലെ സാമൂഹിക തിന്മകളെക്കുറിച്ചുള്ള സഭയുടെ വീക്ഷണം തന്നെയാണു് യിയാന്‍ ഫ്രാന്‍‍സോ ഗിറോട്ടി മെത്രാന്‍ വിശദീകരിച്ചതെന്നു് വത്തിക്കാന്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടു് . ഭൂമിയുടെ നിലനില്പിനെക്കുറിച്ചു് കടുത്ത ആശങ്ക പുലര്‍ത്തുന്ന പതിനാറാം ബനഡിക്ട് മാര്‍ പാപ്പ പലപ്പോഴും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയിലേയ്ക്കു് ജനശ്രദ്ധ തിരിയ്ക്കാറുണ്ടു്. ഇതിന്റെ അടിസ്ഥാനത്തില്‍ വത്തിക്കാനിലുള്ള ചില മന്ദിരങ്ങളില്‍ സൗരോര്‍ജം ഉപയോഗിക്കുന്നുമുണ്ടു്. സമ്പന്നരും ദരിദ്രരും തമ്മില്‍ അകലം വര്‍ധിച്ചുവരുന്നതിനെതിരേയും ഗര്‍ഭഛിദ്രത്തിനെതിരേയും കാലം ചെയ്ത രണ്ടാം യോഹന്നാന്‍ മാര്‍പാപ്പ ശബ്ദമുയര്‍ത്തിയിരുന്ന കാര്യവും വത്തിക്കാന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടു്.

Vatican bishop points to modern social sins - catholicnewsagency.com/

Sacrament of Penance in Crisis, Says Bishop - zenit.org

കേരളീയ സനാതനഹിന്ദുമതാചാര പുനഃസ്ഥാപനം : തവനൂർ ശാസനം പ്രഖ്യാപിതമായി

എടപ്പാൾ: അഖില കേരള വൈദിക സുരക്ഷാസമിതിയും വെള്ളഗൃഹ സമിതിയും സംയുക്തമായി തവനൂരിൽ നടത്തിയ മഹാസഭാ യോഗം തയ്യാറാക്കിയ 'തവനൂര്‍ ശാസനം' പ്ര...