വത്തിക്കാന്‍ നഗരം: 1996-ല്‍ ഡോളി എന്ന ആടിനു് ജന്മം നല്‍കിയ ക്ലോണിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചു് മനുഷ്യ മൂലകോശത്തില്‍ നിന്നു് മനുഷ്യ ഭ്രൂണം സൃഷ്ടിച്ചു എന്നു് അമേരിക്കന്‍ കമ്പനിയായ സ്റ്റെമാജന്‍ കോര്‍പറേഷന്‍ പ്രഖ്യാപിച്ചു. അഞ്ചു് ഭ്രൂണങ്ങള്‍ സൃഷ്ടിച്ചതായാണു് വെളിപ്പെടുത്തല്‍. ക്ലോണിംഗിലൂടെ മനുഷ്യ ഭ്രൂണം സൃഷ്ടിച്ചുവെന്നവാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ മനുഷ്യ ക്ലോണിങ്ങിനെതിരെ ക്രിസ്തീയ സഭകള്‍ കടുത്ത വിമര്‍ശവുമായി രംഗത്തു്വന്നിട്ടുണ്ടു്.
മനുഷ്യകുലത്തിനു നേരെ നടക്കുന്ന ഏറ്റവും വികൃതമായ ചൂഷണമാണിതെന്നു് ജൈവധാര്‍മിക പ്രശ്നങ്ങളുടെ പഠനത്തിനുള്ള റോമന്‍ കത്തോലിക്കാ സഭയുടെ പ്രത്യേക സ്ഥാപനമായ വത്തിക്കാനിലെ പോന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫ് (Pontifical Academy for Life) അദ്ധ്യക്ഷന്‍ മോണ്‍സിഞ്ഞോര്‍ ഏലിയോ സ്ഗ്രേസിയ (Monsignor Elio Sgreccia) ജനുവരി 18-നു് വത്തിക്കാന്‍ റേഡിയോയോടു് പറഞ്ഞു. ധാര്‍മികമായി ഏറ്റവും നിയമവിരുദ്ധമായ നടപടിയാണിതെന്നു് അദ്ദേഹം പറഞ്ഞു.
ഒരേ ജനിതക ഘടനയുള്ള ജീവികളില്‍നിന്നു് ലൈംഗിക ബന്ധവും ബീജസങ്കലനവും കൂടാതെ കുഞ്ഞുങ്ങളെ സൃഷ്ടിയ്ക്കുന്നതിനെയാണു് ക്ലോണിംഗ് (cloning)അഥവാ ജൈവ പകര്‍പ്പെടുക്കല്‍ എന്നതു കൊണ്ടുദ്ദേശിക്കുന്നതു്. കാലിഫോര്‍ണിയയിലെ, ലാ ജൊല്ലയിലുള്ള(La Jolla) സ്റ്റെമാജന്‍ ( Stemagen Corp.)എന്ന സ്വകാര്യ കമ്പനിയിലെ ഗവേഷകരാണു് മനുഷ്യ ക്ലോണിങ് നടത്തുന്നതില്‍ വിജയംകൈവരിച്ചതു്. പ്രായപൂര്‍ത്തിയായ പുരുഷന്റെ ചര്‍മത്തില്‍നിന്നെടുത്ത കോശം ഒരു സ്ത്രീ ദാനംചെയ്ത ബീജസങ്കലനം നടക്കാത്ത അണ്ഡത്തില്‍ സന്നിവേശിപ്പിച്ചു് വളര്‍ത്തിയെടുത്താണു് മനുഷ്യഭ്രൂണം സൃഷ്ടിച്ചതു്. ചര്‍മകോശം നല്കിയ പുരുഷന്റെ അതേ ജനിതക സവിശേഷതകളാണു് ഭ്രൂണത്തിനുള്ളതെന്ന ഡി.എന്‍.എ. പരിശോധനയില്‍ വ്യക്തമാകുകകയും ചെയ്തു. (1996-ല്‍ 'ഡോളി'യെന്ന ചെമ്മരിയാടിനെ സൃഷ്ടിച്ച ഈ രീതിയ്ക്കു് 'സൊമാറ്റിക് സെല്‍ ന്യൂക്ലിയര്‍ ട്രാന്‍സ്‌ഫര്‍' (somatic cell nuclear transfer എസ്.സി.എന്‍.ടി) എന്നാണു് പേരു്. )
വിത്തുകോശ ചികിത്സയിലൂടെ മാറാരോഗങ്ങള്‍ ഭേദമാക്കുന്നതിനുള്ള ഗവേഷണങ്ങള്‍ക്കാണു് മനുഷ്യ ക്ലോണിങ് പരീക്ഷണങ്ങള്‍ നടക്കുന്നതു്. അസ്ഥികള്‍, കണ്ണുകള്‍, കരള്‍, പേശികള്‍, വൃക്കകള്‍ തുടങ്ങി ശരീരത്തിനാവശ്യമായ അവയവങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്ന പ്രാഥമിക കോശങ്ങളെയാണു് വിത്തു് കോശങ്ങള്‍ (stem cells) എന്നു് പറയുന്നതു്. പ്രമേഹം, തലച്ചോറു് സംബന്ധമായ രോഗങ്ങള്‍, അര്‍ബുദം തുടങ്ങിയ നിരവധി രോഗങ്ങളുടെ ചികിത്സക്കായി വിത്തു്കോശങ്ങള്‍ സഹായിയ്ക്കും. രോഗം ബാധിച്ചു് നശിച്ച ശരീരകലകളില്‍ വിത്തു്കോശങ്ങള്‍ പാകി വളര്‍ത്തിയെടുക്കുന്നതാണു് വിത്തുകോശ ചികിത്സ. ഇതിനു് രോഗിയുടെ അതേ ജനിതക സവിശേഷതയുള്ള വിത്തുകോശം ലഭിയ്ക്കണം. രോഗിയുടെ ഏതെങ്കിലും ശരീരകലയില്‍നിന്നു് കോശം സ്വീകരിച്ചു് ക്ലോണ്‍ ചെയ്തു് ഭ്രൂണമാക്കി മാറ്റിയാല്‍ അതില്‍നിന്നുള്ള വിത്തു്കോശം ചികിത്സയ്ക്കായി ഉപയോഗിയ്ക്കാം.
ക്ലോണ്‍ ചെയ്ത് മനുഷ്യഭ്രൂണം സൃഷ്ടിക്കാന്‍ കഴിഞ്ഞെങ്കിലും സ്റ്റെമാജെനിലെ ശാസ്ത്രജ്ഞര്‍ക്കു് അതില്‍നിന്നു് വിത്തുകോശങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഡി.എന്‍.എ. പരിശോധനയ്ക്കുവേണ്ടി ഭ്രൂണം നശിപ്പിക്കുകയും ചെയ്തു. എങ്കിലും സമാന മാര്‍ഗത്തിലൂടെ വിത്തു്കോശങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണു് പ്രതീക്ഷയെന്നു് ഗവേഷണത്തിനു് നേതൃത്വം നല്കിയ ഡോ. സാമുവല്‍ വുഡ് (Dr. Samuel Wood) പറഞ്ഞു. പ്രായപൂര്‍ത്തിയായ കോശം ക്ലോണ്‍ ചെയ്തു് മനുഷ്യഭ്രൂണം സൃഷ്ടിക്കുന്നത് ആദ്യമാണെങ്കിലും മനുഷ്യ ക്ലോണിങ് ആദ്യത്തെ സംഭവമല്ല. ക്ലോണിങ്ങിലൂടെ മനുഷ്യഭ്രൂണം സൃഷ്ടിച്ചെന്നു് 2001-ല്‍ തന്നെ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടിരുന്നുവെങ്കിലും ഈ ഗവേഷണഫലം ശാസ്‌ത്രീയമായി സ്ഥിരീകരിയ്ക്കാന്‍ കഴിഞ്ഞില്ല. 2004-ല്‍ ദക്ഷിണകൊറിയന്‍ ഗവേഷകരും ക്ലോണിങ്ങിലൂടെ മനുഷ്യഭ്രൂണം സൃഷ്ടിച്ചതായി അവകാശപ്പെട്ടുവെങ്കിലും തട്ടിപ്പാണെന്നു് തെളിഞ്ഞതിനെത്തുടര്‍ന്നു് ഈ അവകാശവാദം അവര്‍ തന്നെ പിന്നീടു് പിന്‍വലിച്ചു.
.................................