2008/01/22

മനുഷ്യ ക്ലോണിങ് യാഥാര്‍ഥ്യത്തിലേയ്ക്കു്: ക്രിസ്തീയ സഭകള്‍ക്ക് എതിര്‍പ്പു്


വത്തിക്കാന്‍ നഗരം: 1996-ല്‍ ഡോളി എന്ന ആടിനു് ജന്മം നല്‍കിയ ക്ലോണിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചു് മനുഷ്യ മൂലകോശത്തില്‍ നിന്നു് മനുഷ്യ ഭ്രൂണം സൃഷ്ടിച്ചു എന്നു് അമേരിക്കന്‍ കമ്പനിയായ സ്റ്റെമാജന്‍ കോര്‍പറേഷന്‍ പ്രഖ്യാപിച്ചു. അഞ്ചു് ഭ്രൂണങ്ങള്‍ സൃഷ്ടിച്ചതായാണു് വെളിപ്പെടുത്തല്‍. ക്ലോണിംഗിലൂടെ മനുഷ്യ ഭ്രൂണം സൃഷ്ടിച്ചുവെന്നവാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ മനുഷ്യ ക്ലോണിങ്ങിനെതിരെ ക്രിസ്തീയ സഭകള്‍ കടുത്ത വിമര്‍ശവുമായി രംഗത്തു്വന്നിട്ടുണ്ടു്.


മനുഷ്യകുലത്തിനു നേരെ നടക്കുന്ന ഏറ്റവും വികൃതമായ ചൂഷണമാണിതെന്നു് ജൈവധാര്‍മിക പ്രശ്നങ്ങളുടെ പഠനത്തിനുള്ള റോമന്‍ കത്തോലിക്കാ സഭയുടെ പ്രത്യേക സ്ഥാപനമായ വത്തിക്കാനിലെ പോന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫ് (Pontifical Academy for Life) അദ്ധ്യക്ഷന്‍ മോണ്‍സിഞ്ഞോര്‍ ഏലിയോ സ്ഗ്രേസിയ (Monsignor Elio Sgreccia) ജനുവരി 18-നു് വത്തിക്കാന്‍ റേഡിയോയോടു് പറഞ്ഞു. ധാര്‍മികമായി ഏറ്റവും നിയമവിരുദ്ധമായ നടപടിയാണിതെന്നു് അദ്ദേഹം പറഞ്ഞു.


ഒരേ ജനിതക ഘടനയുള്ള ജീവികളില്‍നിന്നു് ലൈംഗിക ബന്ധവും ബീജസങ്കലനവും കൂടാതെ കുഞ്ഞുങ്ങളെ സൃഷ്ടിയ്ക്കുന്നതിനെയാണു് ക്ലോണിംഗ് (cloning)അഥവാ ജൈവ പകര്‍പ്പെടുക്കല്‍ എന്നതു കൊണ്ടുദ്ദേശിക്കുന്നതു്. കാലിഫോര്‍ണിയയിലെ, ലാ ജൊല്ലയിലുള്ള(La Jolla) സ്റ്റെമാജന്‍ ( Stemagen Corp.)എന്ന സ്വകാര്യ കമ്പനിയിലെ ഗവേഷകരാണു് മനുഷ്യ ക്ലോണിങ് നടത്തുന്നതില്‍ വിജയംകൈവരിച്ചതു്. പ്രായപൂര്‍ത്തിയായ പുരുഷന്റെ ചര്‍മത്തില്‍നിന്നെടുത്ത കോശം ഒരു സ്ത്രീ ദാനംചെയ്ത ബീജസങ്കലനം നടക്കാത്ത അണ്ഡത്തില്‍ സന്നിവേശിപ്പിച്ചു് വളര്‍ത്തിയെടുത്താണു് മനുഷ്യഭ്രൂണം സൃഷ്ടിച്ചതു്. ചര്‍മകോശം നല്കിയ പുരുഷന്റെ അതേ ജനിതക സവിശേഷതകളാണു് ഭ്രൂണത്തിനുള്ളതെന്ന ഡി.എന്‍.എ. പരിശോധനയില്‍ വ്യക്തമാകുകകയും ചെയ്തു. (1996-ല്‍ 'ഡോളി'യെന്ന ചെമ്മരിയാടിനെ സൃഷ്ടിച്ച ഈ രീതിയ്ക്കു് 'സൊമാറ്റിക്‌ സെല്‍ ന്യൂക്ലിയര്‍ ട്രാന്‍സ്‌ഫര്‍' (somatic cell nuclear transfer എസ്‌.സി.എന്‍.ടി) എന്നാണു് പേരു്. )


വിത്തുകോശ ചികിത്സയിലൂടെ മാറാരോഗങ്ങള്‍ ഭേദമാക്കുന്നതിനുള്ള ഗവേഷണങ്ങള്‍ക്കാണു് മനുഷ്യ ക്ലോണിങ് പരീക്ഷണങ്ങള്‍ നടക്കുന്നതു്. അസ്ഥികള്‍, കണ്ണുകള്‍, കരള്‍, പേശികള്‍, വൃക്കകള്‍ തുടങ്ങി ശരീരത്തിനാവശ്യമായ അവയവങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്ന പ്രാഥമിക കോശങ്ങളെയാണു് വിത്തു് കോശങ്ങള്‍ (stem cells) എന്നു് പറയുന്നതു്. പ്രമേഹം, തലച്ചോറു് സംബന്ധമായ രോഗങ്ങള്‍, അര്‍ബുദം തുടങ്ങിയ നിരവധി രോഗങ്ങളുടെ ചികിത്സക്കായി വിത്തു്കോശങ്ങള്‍ സഹായിയ്ക്കും. രോഗം ബാധിച്ചു് നശിച്ച ശരീരകലകളില്‍ വിത്തു്കോശങ്ങള്‍ പാകി വളര്‍ത്തിയെടുക്കുന്നതാണു് വിത്തുകോശ ചികിത്സ. ഇതിനു് രോഗിയുടെ അതേ ജനിതക സവിശേഷതയുള്ള വിത്തുകോശം ലഭിയ്ക്കണം. രോഗിയുടെ ഏതെങ്കിലും ശരീരകലയില്‍നിന്നു് കോശം സ്വീകരിച്ചു് ക്ലോണ്‍ ചെയ്തു് ഭ്രൂണമാക്കി മാറ്റിയാല്‍ അതില്‍നിന്നുള്ള വിത്തു്കോശം ചികിത്സയ്ക്കായി ഉപയോഗിയ്ക്കാം.


ക്ലോണ്‍ ചെയ്ത് മനുഷ്യഭ്രൂണം സൃഷ്ടിക്കാന്‍ കഴിഞ്ഞെങ്കിലും സ്റ്റെമാജെനിലെ ശാസ്ത്രജ്ഞര്‍ക്കു് അതില്‍നിന്നു് വിത്തുകോശങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഡി.എന്‍.എ. പരിശോധനയ്ക്കുവേണ്ടി ഭ്രൂണം നശിപ്പിക്കുകയും ചെയ്തു. എങ്കിലും സമാന മാര്‍ഗത്തിലൂടെ വിത്തു്കോശങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണു് പ്രതീക്ഷയെന്നു് ഗവേഷണത്തിനു് നേതൃത്വം നല്കിയ ഡോ. സാമുവല്‍ വുഡ് (Dr. Samuel Wood) പറഞ്ഞു. പ്രായപൂര്‍ത്തിയായ കോശം ക്ലോണ്‍ ചെയ്തു് മനുഷ്യഭ്രൂണം സൃഷ്ടിക്കുന്നത് ആദ്യമാണെങ്കിലും മനുഷ്യ ക്ലോണിങ് ആദ്യത്തെ സംഭവമല്ല. ക്ലോണിങ്ങിലൂടെ മനുഷ്യഭ്രൂണം സൃഷ്ടിച്ചെന്നു് 2001-ല്‍ തന്നെ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടിരുന്നുവെങ്കിലും ഈ ഗവേഷണഫലം ശാസ്‌ത്രീയമായി സ്ഥിരീകരിയ്ക്കാന്‍ കഴിഞ്ഞില്ല. 2004-ല്‍ ദക്ഷിണകൊറിയന്‍ ഗവേഷകരും ക്ലോണിങ്ങിലൂടെ മനുഷ്യഭ്രൂണം സൃഷ്ടിച്ചതായി അവകാശപ്പെട്ടുവെങ്കിലും തട്ടിപ്പാണെന്നു് തെളിഞ്ഞതിനെത്തുടര്‍ന്നു് ഈ അവകാശവാദം അവര്‍ തന്നെ പിന്നീടു് പിന്‍വലിച്ചു.
.................................

2008/01/17

ഹാരി പോട്ടര്‍ തെറ്റായ തരം നായകനെന്നു് വത്തിക്കാന്‍ പത്രം


വത്തിക്കാന്‍: ആംഗലേയ എഴുത്തുകാരി ജെ.കെ. റൗളിങ്ങിന്റെ (J K Rowling) ഹാരി പോട്ടര്‍ (Harry Potter)കുട്ടികള്‍ക്കു് തെറ്റായ മാതൃകയാവുന്ന കഥാപാത്രമാണെന്നു് റോമന്‍‍ കത്തോലിക്കാ സഭാകേന്ദ്രം ചൂണ്ടിക്കാട്ടുന്നു. മന്ത്രവാദവും ആഭിചാരവും അടിസ്ഥാനമായ പുസ്തകപരമ്പരയായ ഹാരി പോട്ടര്‍ എന്ന കൌമാരക്കാരന്റെ കഥകള്‍‍ ഒരിയ്ക്കലും പ്രോത്സാഹിപ്പിക്കാവുന്നതല്ലെന്നും വത്തിക്കാന്‍ ഒദ്യോഗിക പത്രമായ 'ലൊസര്‍വത്താരെ റൊമാനോ'(L'Osservatore Romano)യില്‍ പ്രസിദ്ധീകരിച്ച ലേഖനംവ്യക്തമാക്കി. ഫ്ലോറന്‍സ് സര്‍വകലാശാലയിലെ പ്രഫ. എഡ്വേഡോ റിയാള്‍ട്ടി എഴുതിയ 'ഹാരി പോട്ടറുടെ ഇരട്ടമുഖം എന്ന ലേഖനത്തിലാണു് ജനപ്രിയ ബാലസാഹിത്യ കഥാപാത്രമായ ഹാരി പോട്ടര്‍ നല്ല മാതൃകയല്ലെന്നു സ്ഥാപിച്ചതു്.


ദൈവിക കാഴ്ചപ്പാടുകള്‍ക്കു് സമാന്തരമായ ഒരു പശ്ചാത്തലമാണു് ഹാരി പോട്ടര്‍ കഥകള്‍ സൃഷ്ടിയ്ക്കുന്നതു്. കഥയില്‍ നന്മയ്ക്കുവേണ്ടി നിലകൊള്ളുന്ന ആളായി ചിത്രീകരിക്കപ്പെടുന്ന ഹാരി ആഭിചാരവും മന്ത്രവാദവും പ്രോത്സാഹിപ്പിക്കുന്നു. ആഭിചാരത്തിലൂടെ നന്മയ്ക്കായുള്ള ശ്രമം തെറ്റും നീതീകരിയ്ക്കാനാവാത്തതുമാണ്. തിന്മയുടെ ശക്തികളെ കീഴടക്കേണ്ടതു് നന്മ കൊണ്ടാണു്. ആഭിചാരവും മന്ത്രവാദവുംകൊണ്ടല്ല. മന്ത്രവാദം അറിയാത്ത സാധാരണക്കാരെ മോശമായി ചിത്രീകരിക്കുന്നത് പൈശാചികമാണു്. സത്യത്തെയും രക്ഷയെയും ഒരു രഹസ്യജ്ഞാനവുമായി കൂട്ടിക്കുഴച്ചു് ആശയക്കുഴപ്പമുണ്ടാക്കുന്ന പഴയ ജ്ഞാനമത പ്രവണതയായതുകൊണ്ടു് ഗുരുതരവും ആഴമുള്ളതുമായ കള്ളമാണിതു് പകരുന്നതു്. തലതിരിഞ്ഞതും ആശയക്കുഴപ്പം ഉണ്ടാക്കുന്നതുമായ ആധ്യാത്മികതയെ പ്രോത്സാഹിപ്പിക്കാന്‍ ഹാരി പോട്ടറിലൂടെ റൌളിങ് ശ്രമിക്കുകയാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.

താല്‍ക്കാലിക ഗര്‍ഭനിരോധമാവാം: ഇസ്ലാമികപണ്ഡിതര്‍

നവദില്ലി: രണ്ടു് കുട്ടികള്‍ക്കിടയില്‍ വേണ്ടത്ര പ്രായവ്യത്യാസം ഉണ്ടാവുന്നതിനു് ദമ്പതികള്‍ക്കു് താല്‍ക്കാലിക ഗര്‍ഭനിരോധമാര്‍ഗങ്ങള്‍ അവലംബിയ്ക്കാമെന്നു് പ്രമുഖ ഇസ്ലാമിക പാഠശാലയായ ദയൂബന്തിലെ(Deoband) ദാറുല്‍ ഉലൂം(Darul Uloom) പണ്ഡിതര്‍ ഫത്‍വ പുറപ്പെടുവിച്ചു.

കുട്ടികളെ ശരിയായ വിധത്തില്‍ പരിചരിയ്ക്കുന്നതിനു് താല്‍ക്കാലിക ഗര്‍ഭനിരോധം അനുവദനീയമാണെന്നു് ദാറുല്‍ ഉലൂമിന്റെ ഫത്‍വകള്‍‍ പുറപ്പെടുവിയ്ക്കുന്ന പണ്ഡിതസമിതിയായ ദാറുല്‍ ഇഫ്ത (Darul Ifta) ഫത്‍വയില്‍ വ്യക്തമാക്കി. എന്നാല്‍, വന്ധ്യംകരണശസ്ത്രക്രിയ പോലെയുള്ള സ്ഥിരം ഗര്‍ഭനിരോധമാര്‍ഗങ്ങള്‍ അനുവദനീയമാണോ എന്നതിനെക്കുറിച്ചു് പണ്ഡിതന്മാര്‍ അഭിപ്രായം പറഞ്ഞില്ല.

താല്‍ക്കാലിക ഗര്‍ഭനിരോധമാര്‍ഗം മുസ്ലിങ്ങള്‍ക്കു് അനുവദനീയമാണെന്നു് ദാറുല്‍ ഉലൂം പണ്ഡിതരുടെ ഫത്‍വയെപിന്തുണച്ചുകൊണ്ടു് മറ്റൊരു പ്രമുഖ ഇസ്ലാമിക സ്ഥാപനമായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് (Jamia-Ulema-e-Hind) വക്താവും ഇസ്ലാമിക പണ്ഡിതനുമായ അബ്ദുല്‍ ഹമീദ് നുഅമാനിയും( abdul Hameed Nomani) വ്യക്തമാക്കി. ഇന്ത്യയിലെ 40 ശതമാനത്തിലേറെ മുസ്ലിങ്ങള്‍ ഗര്‍ഭനിരോധമാര്‍ഗം ഉപയോഗിയ്ക്കുന്നുണ്ടെന്നു് സമീപകാലത്തെ ഒരു സര്‍ക്കാര്‍ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചു് അദ്ദേഹം പറഞ്ഞു. എന്നാല്‍, വന്ധ്യംകരണശസ്ത്രക്രിയ പോലെയുള്ള സ്ഥിരം ഗര്‍ഭനിരോധനടപടികള്‍ അനിസ്ലാമികമാണെന്നു് നുഅമാനി അഭിപ്രായപ്പെട്ടു.

2008/01/07

ആഗോളവല്‍ക്കരണം ദാരിദ്ര്യം വര്‍ധിപ്പിച്ചു ‍: റോമാ മാര്‍പാപ്പ


വത്തിക്കാന്‍ നഗരം: ലോകത്തില്‍ കുറച്ചു് പേര്‍ ആഡംബരത്തിലും വളരെയധികം പേര്‍ ദാരിദ്ര്യത്തിലും ജീവിയ്ക്കേണ്ടിവരുന്ന സാഹചര്യത്തെ റോമാ മാര്‍പാപ്പ ബനഡിക്ട് പതിനാറാമന്‍ രൂക്ഷമായി വിമര്‍ശിച്ചു. സമ്പത്തിന്റെയും പ്രകൃതി വിഭവങ്ങളുടെയും നീതിപൂര്‍വമായ വിതരണം ഉറപ്പാക്കണമെന്നും മിതമായ ജീവിത ശൈലിയാണു് അഭികാമ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


പൂജരാജാക്കന്മാരുടെ തിരുനാളിനോടനുബന്ധിച്ചു് ഇന്നലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ കുര്‍ബാന അര്‍പ്പിച്ചു് വിശ്വാസികള്‍ക്കു് സന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ. ആഗോളവല്‍ക്കരണം വഴി ഒട്ടേറെ നേട്ടങ്ങളുണ്ടായെന്നു് അവകാശപ്പെടുമ്പോഴും അതു് ദാരിദ്ര്യത്തിന്റെ വര്‍ധനയ്ക്കു് കാരണമായിട്ടുണ്ടെന്നു് മാര്‍പാപ്പ ചൂണ്ടിക്കാട്ടി.


നീതിയില്‍ ഒന്നാകുന്ന ഒരു ലോകക്രമം രൂപപ്പെടുത്തുന്നതിനു് ആഗോളവല്‍ക്കരണം ഏറെ തടസങ്ങളുണ്ടാക്കുന്നുണ്ടെന്നു് പാപ്പ കറ്റപ്പെടുത്തി.
സാമ്പത്തിക മേല്‍ക്കോയ്മയ്ക്കു് വേണ്ടിയുള്ള യുദ്ധങ്ങളും ഊര്‍ജ-ജല സ്രോതസുകളും അസംസ്കൃത വസ്തുക്കളും സ്വന്തമാക്കാനുള്ള വ്യഗ്രതകളും നീതിയില്‍ അധിഷ്ഠിതമായ സമൂഹ നിര്‍മിതിയ്ക്കു് തടസമാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.


ഏതാനും പേരുടെ ധാരാളിത്തത്തിനും അനേകം പേരുടെ ദാരിദ്യത്തിനും ഉപരി എല്ലാവരുടെയും പൊതുനന്മ കാംക്ഷിക്കുന്ന വലിയ പ്രത്യാശയാണു് ഇക്കാലത്തിന്റെ ആവശ്യമെന്നു് പാപ്പ ഓര്‍മിപ്പിച്ചു.

2008/01/02

ബേനസീര്‍ ഭൂട്ടോ വധിക്കപ്പെട്ടതില്‍ വത്തിക്കാ൯ ദുഃഖം രേഖപ്പെടുത്തി

വത്തിക്കാന്‍ പുരി, 2008 ജാനുവരി 1:പാക്കിസ്ഥാന്‍റെ മു൯ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ ബേനസീര്‍ ഭൂട്ടോ വധിക്കപ്പെട്ട ദാരുണ വാര്‍ത്ത വളരെ ദുഃഖകരമാണെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവും വത്തിക്കാ൯ റേഡിയോയുടെ ഡയറക്ടര്‍ ജനറലുമായ ഈശോസഭാവൈദിക൯ ഫെദറീക്കൊ ലൊംബാര്‍ദി. പാക്കിസ്ഥാനി ജനതയുടെ ദു:ഖത്തില്‍ പരിശുദ്ധ സിംഹാസനം പങ്കുചേരുന്നുവെന്നും അദ്ദേഹം അറിയിച്ചു. ആ വാര്‍ത്ത അതില്‍ത്തന്നെയും, ഒപ്പം, ഇപ്പോള്‍ത്തന്നെ സംഘര്‍ഷങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കുന്ന ആ രാജ്യത്ത് സമാധാനസ്ഥാപനം എത്ര ദുഷ്ക്കരമാണെന്ന് വിളിച്ചോതുന്നതിനാലും, അതീവ ദു:ഖമുളവാക്കുന്നതാണെന്ന് ഫാദര്‍ ലൊംബാര്‍ദി പറഞ്ഞു. ബേനസീര്‍ ഭൂട്ടൊ വധിക്കപ്പെട്ട വാര്‍ത്ത പുറത്തായ ഉട൯തന്നെ, പ്രസക്ത ലോകവാര്‍ത്തകള്‍ അറിയിക്കുന്ന പതിവനുസരിച്ച്, മാര്‍പാപ്പയെ ധരിപ്പിച്ചുവെന്നും അദ്ദ‍േഹം വെളിപ്പെടുത്തി.


വത്തിക്കാന്‍ പ്രധാനമന്ത്രി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയൊ ബര്‍ത്തോണെയുടെ പ്രതികരണം
പാക്കിസ്ഥാ൯ മു൯ പ്രധാനമന്ത്രിയും പാക്കിസ്ഥാ൯ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതാവുമായിരുന്ന ബേനസീര്‍ ഭൂട്ടോ നിഷ്ഠൂരമായ ഭീകരാക്രമണത്തില്‍ വധിക്കപ്പെട്ടതില്‍ പതിനാറാം ബനഡിക്ട് മാര്‍പാപ്പ തന്റെ ആഴമായ സഹാനുഭൂതിയുടെയും ആദ്ധ്യാത്മിക സാന്നിദ്ധ്യത്തിന്റെയുമായ മനോവികാരങ്ങള്‍ അവരുടെ കുടുംബാംഗങ്ങളോടും പാക്കിസ്ഥാനി ജനത മുഴുവനോടും പ്രകടിപ്പിയ്ക്കുന്നുവെന്നു് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയൊ ബര്‍ത്തോണെ ഒരു കമ്പിസന്ദേശത്തില്‍ അറിയിച്ചു. ആ രാജ്യത്തു് കൂടുതല്‍ അക്രമം ഉണ്ടാകാതാതിരിക്കുന്നതിനും, സമൂഹത്തില്‍ ക്രമസമാധാനം പുലരുന്നതിനും രാഷ്ട്രീയ സ്ഥാപനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിയ്ക്കുന്നതിനും അവശ്യം ആവശ്യമായ പരസ്പര ബഹുമാനത്തിന്‍റയും വിശ്വാസത്തിന്‍റെയുമായ ഒരന്തരീക്ഷം രാജ്യത്തു് സൃഷ്ടിക്കുന്നതിനു് സാധ്യമായ വിധത്തിലെല്ലാം യത്നിക്കുന്നതിനും വേണ്ടി പാപ്പ പ്രാര്‍ഥിയ്ക്കുന്നുവെന്നും പാക്കിസ്ഥാനിലെ കത്തോലിക്കാ മെത്രാ൯മാരുടെ സംഘത്തിന്റെ അദ്ധ്യക്ഷനായ ലാഹോര്‍ അതിരൂപതയുടെ ആര്‍ച്ചു്ബിഷപ്പ് ലോറ൯സ് ജോണ്‍ സള്‍ദാഞ്ഞയുടെ പേരില്‍ അയച്ച അനുശോചന കമ്പിസന്ദേശത്തില്‍ കര്‍ദ്ദിനാള്‍ ബര്‍ത്തോണെ അറിയിച്ചു.

ലോക സമാധാനത്തിനായി സ്ത്രീ പുരുഷ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണം :റോമാ മാര്‍പാപ്പ


സമാധാനത്തില്‍ കുടുംബത്തിന് പ്രധാന പങ്ക്


വത്തിക്കാന്‍ പുരി, 2008 ജാനുവരി 1: കുടുംബം സമാധാനത്തിന്റെയും സ്നേഹത്തിന്റെയും മണ്ഡലമാണെന്നും ലോക സമാധാനത്തിനു് പരമ്പരാഗത കുടുംബ സംവിധാനങ്ങളും ബന്ധങ്ങളും നിലനിര്‍ത്തണമെന്നും റോമാ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ നവവത്സര ദിന സന്ദേശത്തില്‍ പറഞ്ഞു.

സ്വവര്‍ഗ വിവാഹങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍‍ശിച്ച പാപ്പ പരമ്പരാഗത വിവാഹങ്ങളുടെ നിഷേധം സമാധാനത്തിന്റെ നിലനില്‍പ്പിനു് തന്നെ ഭീഷണിയാണെന്നു് പറഞ്ഞു. ലോകത്തില്‍ കുടുംബവും സമാധാനവും തമ്മില്‍ നേരിട്ട ബന്ധമാണുള്ളതു് . സമാധാനപാഠങ്ങള്‍ നല്‍കാന്‍ ഒന്നാമത്തേതും പകരം വെയ്ക്കാനില്ലാത്തതുമായ പങ്കാണു് കുടുംബം വഹിക്കുന്നതു്. ലോക സമാധാനത്തിനായി സ്ത്രീ പുരുഷ വിവാഹങ്ങളെ പ്രോത്സാഹിപ്പിയ്ക്കണം -- റോമാ മാര്‍പാപ്പ പറഞ്ഞു .
പുരുഷനും സ്ത്രീയും സ്നേഹത്തില്‍ ഒന്നായിത്തീരുന്നിടത്താണു് കുടുംബം യാഥാര്‍ഥ്യമാകുന്നതെന്നു് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളീയ സനാതനഹിന്ദുമതാചാര പുനഃസ്ഥാപനം : തവനൂർ ശാസനം പ്രഖ്യാപിതമായി

എടപ്പാൾ: അഖില കേരള വൈദിക സുരക്ഷാസമിതിയും വെള്ളഗൃഹ സമിതിയും സംയുക്തമായി തവനൂരിൽ നടത്തിയ മഹാസഭാ യോഗം തയ്യാറാക്കിയ 'തവനൂര്‍ ശാസനം' പ്ര...