വിത്തുകോശ ചികിത്സയിലൂടെ മാറാരോഗങ്ങള്‍ ഭേദമാക്കുന്നതിനുള്ള ഗവേഷണങ്ങള്‍ക്കാണു് മനുഷ്യ ക്ലോണിങ് പരീക്ഷണങ്ങള്‍ നടക്കുന്നതു്. അസ്ഥികള്‍, കണ്ണുകള്‍, കരള്‍, പേശികള്‍, വൃക്കകള്‍ തുടങ്ങി ശരീരത്തിനാവശ്യമായ അവയവങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്ന പ്രാഥമിക കോശങ്ങളെയാണു് വിത്തു് കോശങ്ങള്‍ (stem cells) എന്നു് പറയുന്നതു്. പ്രമേഹം, തലച്ചോറു് സംബന്ധമായ രോഗങ്ങള്‍, അര്‍ബുദം തുടങ്ങിയ നിരവധി രോഗങ്ങളുടെ ചികിത്സക്കായി വിത്തു്കോശങ്ങള്‍ സഹായിയ്ക്കും. രോഗം ബാധിച്ചു് നശിച്ച ശരീരകലകളില്‍ വിത്തു്കോശങ്ങള്‍ പാകി വളര്‍ത്തിയെടുക്കുന്നതാണു് വിത്തുകോശ ചികിത്സ. ഇതിനു് രോഗിയുടെ അതേ ജനിതക സവിശേഷതയുള്ള വിത്തുകോശം ലഭിയ്ക്കണം. രോഗിയുടെ ഏതെങ്കിലും ശരീരകലയില്‍നിന്നു് കോശം സ്വീകരിച്ചു് ക്ലോണ്‍ ചെയ്തു് ഭ്രൂണമാക്കി മാറ്റിയാല്‍ അതില്‍നിന്നുള്ള വിത്തു്കോശം ചികിത്സയ്ക്കായി ഉപയോഗിയ്ക്കാം.
ക്ലോണ്‍ ചെയ്ത് മനുഷ്യഭ്രൂണം സൃഷ്ടിക്കാന്‍ കഴിഞ്ഞെങ്കിലും സ്റ്റെമാജെനിലെ ശാസ്ത്രജ്ഞര്‍ക്കു് അതില്‍നിന്നു് വിത്തുകോശങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഡി.എന്‍.എ. പരിശോധനയ്ക്കുവേണ്ടി ഭ്രൂണം നശിപ്പിക്കുകയും ചെയ്തു. എങ്കിലും സമാന മാര്‍ഗത്തിലൂടെ വിത്തു്കോശങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണു് പ്രതീക്ഷയെന്നു് ഗവേഷണത്തിനു് നേതൃത്വം നല്കിയ ഡോ. സാമുവല്‍ വുഡ് (Dr. Samuel Wood) പറഞ്ഞു. പ്രായപൂര്‍ത്തിയായ കോശം ക്ലോണ്‍ ചെയ്തു് മനുഷ്യഭ്രൂണം സൃഷ്ടിക്കുന്നത് ആദ്യമാണെങ്കിലും മനുഷ്യ ക്ലോണിങ് ആദ്യത്തെ സംഭവമല്ല. ക്ലോണിങ്ങിലൂടെ മനുഷ്യഭ്രൂണം സൃഷ്ടിച്ചെന്നു് 2001-ല്‍ തന്നെ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടിരുന്നുവെങ്കിലും ഈ ഗവേഷണഫലം ശാസ്‌ത്രീയമായി സ്ഥിരീകരിയ്ക്കാന്‍ കഴിഞ്ഞില്ല. 2004-ല്‍ ദക്ഷിണകൊറിയന്‍ ഗവേഷകരും ക്ലോണിങ്ങിലൂടെ മനുഷ്യഭ്രൂണം സൃഷ്ടിച്ചതായി അവകാശപ്പെട്ടുവെങ്കിലും തട്ടിപ്പാണെന്നു് തെളിഞ്ഞതിനെത്തുടര്‍ന്നു് ഈ അവകാശവാദം അവര്‍ തന്നെ പിന്നീടു് പിന്‍വലിച്ചു.




